മുംബൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ആദ്യ മത്സരം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത കംഗാരുക്കളെ 199ല്‍ കൂടാരം കയറ്റിയ ഇന്ത്യ പിന്നാലെ 52 റണ്‍സ് ബാക്കിനിര്‍ത്തി വിജയവും നേടുകയായിരുന്നു. ഇന്ത്യ വിജയം നേടിയെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. പ്രത്യേകിച്ച് ടോപ് ഓഡര്‍. 2 റണ്‍സിനിടെ 3 വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഡക്കായതിന് പിന്നാലെ നാലാം നമ്പറിലിറങ്ങിയ ശ്രേയസ് അയ്യരും അക്കൗണ്ട് തുറക്കും മുമ്പ് വിക്കറ്റ് നഷ്ടപ്പെടുത്തി. മോശം ഷോട്ടിന് ശ്രമിച്ച ശ്രേയസ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ആദ്യ രണ്ട് വിക്കറ്റ് പോയതിനാല്‍ ശ്രദ്ധയോടെ കളിക്കാതെ ശ്രേയസ് വിക്കറ്റ് തുലക്കുകയായിരുന്നു. ഇപ്പോഴിതാ ശ്രേയസ് അയ്യരെ ഇന്ത്യ നാലാം നമ്പറില്‍ കളിപ്പിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.
അതിന്റെ കാരണവും ഇന്ത്യയുടെ ലോകകപ്പ് ഹീറോ വ്യക്തമാക്കുന്നു. 'നാലാം നമ്പറില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ കഴിയുന്നവനായിരിക്കണം. ടീം പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ശ്രേയസ് അയ്യരെക്കാള്‍ മികച്ച രീതിയില്‍ ചിന്തിക്കുന്ന താരത്തെയാണ് ഇന്ത്യക്കാവശ്യം. കെ എല്‍ രാഹുല്‍ എന്തുകൊണ്ടാണ് നാലാം നമ്പറില്‍ കളിക്കാത്തതെന്ന് ഇപ്പോഴും മനസിലാവുന്നില്ല. പാകിസ്താനെതിരേ നാലാം നമ്പറില്‍ അവന്‍ സെഞ്ച്വറി നേടിയിരുന്നു.
കോലിയെ നിര്‍ണ്ണായക സമയത്ത് കൈവിട്ടതാണ് ഓസീസിന് പറ്റിയ വലിയ പിഴവ്. രാജാവിനെ ഒരിക്കലും വിട്ടുകളയരുതായിരുന്നു'- എന്നാണ് യുവരാജ് ട്വിറ്ററില്‍ കുറിച്ചത്. നാലാം നമ്പറിലും അഞ്ചാം നമ്പറിലും മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് യുവരാജ് സിങ്. ഏകദിനത്തില്‍ നാലാം നമ്പറിന് നിര്‍ണ്ണായക റോളാണുള്ളത്. ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനെയാണ് ഈ നമ്പറില്‍ ടീമിനാവശ്യം. പ്രത്യേകിച്ച് ഓപ്പണര്‍മാര്‍ പെട്ടെന്ന് മടങ്ങുന്ന മത്സരത്തില്‍.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ച്വറിയോടെ കസറാന്‍ ശ്രേയസിനായിരുന്നു. പനി ബാധിതനായ ശുബ്മാന്‍ ഗില്‍ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതോടെ പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം 11ന് അഫ്ഗാനിസ്ഥാനെതിരേയാണ്. ഇൗ മത്സരവും ശുബ്മാന് നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ ഇതേ പ്ലേയിങ് 11ന്‍ ഇന്ത്യ തുടര്‍ന്നേക്കും.
പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ശുബ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമായേക്കും. രോഹിത്തും ശുബ്മാനും ഓപ്പണറാവുമ്പോള്‍ ഇഷാന്‍ കിഷന്‍ അഞ്ചാം നമ്പറിലേക്ക് തിരിച്ചെത്തും. ഇതോടെ ശ്രേയസിന്റെ ചീട്ടുകീറുകയും രാഹുല്‍ നാലാം നമ്പറിലേക്കെത്തുകയും ചെയ്യും. നാലാം നമ്പറിലും അഞ്ചാം നമ്പറിലും തിളങ്ങാന്‍ രാഹുലിന് സാധിക്കുന്നുണ്ട്.
ഇന്ത്യയുടെ ടോപ് ഓഡര്‍ വരുന്ന മത്സരങ്ങളില്‍ കൂടുതല്‍ ശക്തമാവേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പം ശുബ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ ടോപ് ഓഡറിന് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പാകിസ്താനെപ്പോലെയും ഓസീസിനെപ്പോലെയും മികച്ച ബൗളിങ് കരുത്തുള്ള ടീമുകള്‍ക്കെതിരേ മികച്ച തുടക്കം അത്യാവശ്യമാണ്. ഓസീസിനെതിരേ വിരാട് കോലിയുടെ ക്യാച്ച് മിച്ചല്‍ മാര്‍ഷ് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായി മാറാനും സാധ്യതയുണ്ടായിരുന്നു.
ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം തുടരുന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. പ്രധാനമായും സ്പിന്നര്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നു. ഇത് ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ സജീവമാക്കുകയാണ്. എന്തായാലും മുന്നോട്ടുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.