ഭാവി കോച്ചായി മാറാന്‍ സാധ്യതയുള്ള 2007ലെ ടി20 ലോകകപ്പ് സംഘത്തിലെ ഒരു ടീമംഗത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ഒരു സര്‍പ്രൈസ് താരത്തെയാണ് ഈ റോളിലേക്കു അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
ധോണിക്കു കീഴില്‍ ഇന്ത്യ ആദ്യമായി കളിച്ച ടൂര്‍ണമെന്റും ഇതു തന്നെയായിരുന്നു. 2007ലെ ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ചിലര്‍ പരിശീലക രംഗത്തേക്കു ഇതിനകം വന്നു കഴിഞ്ഞു. ചിലരാവട്ടെ കമന്ററി രംഗത്തും സജീവമാണ്. അന്നു ടീമിലുണ്ടായിരുന്ന ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ധോണി ഇവരെയൊന്നുമല്ല അടുത്ത കോച്ചായി ഉത്തപ്പ ചൂണ്ടിക്കാണിച്ചിരുക്കുന്നത്.

നിലവില്‍ കമന്ററി രംഗത്തു നിറഞ്ഞു നില്‍ക്കുന്ന മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാനെയാണ് ഉത്തപ്പ കോച്ച് സ്ഥാനത്തേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. ജിയോ സിനിമയുടെ ഷോയില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരു ഭായിയെ അല്ല. അടുത്ത കോച്ചായി വരാനിടയുള്ളവരുടെ ലിസ്റ്റില്‍ ഇര്‍ഫാനാണ് ഒന്നാമത്. വളരെ പരിശ്രമശാലിയായ ചെറുപ്പക്കാരനാണ് അദ്ദേഹം. ശ്രീക്ക് (ശ്രീശാന്ത്) ഒരുപാട് അറിവുണ്ട്. പക്ഷെ അവന്‍ അതു എങ്ങനെ ആശയവിനിമയം നടത്തുമെന്നു അറിയില്ല.
ആര്‍പിയും (ആര്‍പി സിങ്) നല്ല അറിവുള്ള ക്രിക്കറ്ററാണ്. അവനും നല്ലൊരു കോച്ചായി തീര്‍ച്ചയായും ഭാവിയില്‍ മാറാന്‍ കഴിയും. അജിത് ഭായ് (അജിത് അഗാര്‍ക്കര്‍) നല്ല അറിവുള്ള, നന്നായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നയാളാണെന്നും ഉത്തപ്പ വിശദമാക്കി.
ഇന്ത്യയുടെ കോച്ച് സ്ഥാനത്തേക്കു ഒരു സമയത്തു മല്‍സരരംഗത്തുണ്ടായിരുന്ന മുന്‍ ഇതിഹാസ ഓപ്പണര്‍ കൂടിയായ സെവാഗിനെ ഉത്തപ്പ തഴഞ്ഞുവെന്നതു ശ്രദ്ധേയാണ്. ഐപിഎല്ലില്‍ നേരത്തേ പഞ്ചാബ് കിങ്‌സിനെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഗംഭീറാവട്ടെ ഐപിഎല്ലില്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകനാണ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ മുഖ്യ കോച്ചായി അദ്ദേഹം വന്നേക്കുമെന്നു അഭ്യൂഹങ്ങളും വന്നിരുന്നു. പക്ഷെ അടുത്ത കോച്ചാവാന്‍ സാധ്യതയുള്ളവരെക്കുറിച്ച് സംസാരിക്കവെ ഗംഭീറിനെക്കുറിച്ച് ഉത്തപ്പ പരാമര്‍ശമൊന്നും നടത്തിയില്ല.
ക്യാപ്റ്റനെന്ന നിലയില്‍ ഒരു ക്രിക്കറ്റര്‍ക്കു നേടാവുന്നതെല്ലാം സ്വന്തമാക്കിക്കഴിഞ്ഞയാളാണ് ധോണി. ഐസിസിയുടെ മൂന്നു ട്രോഫികളും നേടിയ ലോകത്തിലെ ഏക നായകനായ അദ്ദേഹം അഞ്ചു ഐപിഎല്‍ ട്രോഫികളും തന്റെ പേരില്‍ ചേര്‍ത്തിട്ടുണ്ട്. അടുത്ത ഐപിഎല്ലിനു ശേഷം വിരമിക്കാന്‍ തയ്യാറെടുക്കുന്ന ധോണി അടുത്ത കോച്ചോ, ഉപദേശകനോ ആയി വരുമെന്ന സൂചനകളും ശക്തമാണ്. എന്നിട്ടും അദ്ദേഹത്തെ അടുത്ത കോച്ച് സ്ഥാനത്തേക്കു ചൂണ്ടിക്കാട്ടാന്‍ ഉത്തപ്പ തയ്യാറായില്ല.

ഭാവി കോച്ചാവാന്‍ സാധ്യതയുള്ള താരത്തെക്കുറിച്ചു മാത്രമല്ല നല്ല കമന്റേറ്ററായി മാറാനിടയുള്ള 2007ലെ ലോകകപ്പ് ടീമിലെ ടീമംഗം ആരായിരിക്കുമെന്നും ഉത്തപ്പ തുറന്നുപറഞ്ഞു. ഇവിടെയും ഇര്‍ഫാന്‍ പഠാന്റെ പേര് തന്നെയാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഭാവി കോച്ചാവാന്‍ മാത്രമല്ല, വളരെ മികച്ച കമന്‍റേറ്ററാവാനും ഇര്‍ഫാനു സാധിക്കും. അവന്‍ ഒരുപാട് സംസാരിക്കുന്നയാളാണ്, വളരെ നന്നായി സംസാരിക്കുകയും ചെയ്യും.
ആര്‍പി സിങിനു നല്ലൊരു രാഷ്ട്രീയക്കാരനായി മാറാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നു. ആര്‍പിക്ക നല്ല അറിവുണ്ട്. അവന്‍ എന്തെങ്കിലുമൊക്കെ ചെയ്യുമെന്നു എനിക്കു എല്ലായ്‌പ്പോഴും തോന്നാറുണ്ട്. പിയൂഷ് ചൗളയ്ക്കു നല്ലൊരു കമന്റേറ്ററായി മാറാന്‍ സാധിക്കുമെന്നു എനിക്കു തോന്നിയിരുന്നു.
ഇതിനകം അവന്‍ കുറച്ചൊക്കെ കമന്ററി ചെയ്തു കഴിഞ്ഞു. പക്ഷെ മഹി ഒരിക്കലും കമന്ററി ചെയ്യില്ല, അതിനു യാതൊരു സാധ്യതയുമില്ല. ഭാവിയില്‍ ഞാനും കമന്ററിയിലേക്കു വരുമെന്നു എനിക്കു സ്വയം തോന്നിയിരുന്നു. അതു തന്നെ സംഭവിച്ചുവെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.