For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജുവല്ല, ശ്രേയസിന്റെ പകരക്കാരനാവാന്‍ മറ്റ് രണ്ട് പേര്‍! നിര്‍ണ്ണായക നീക്കം

മുംബൈ: ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് കടുത്ത തിരിച്ചടിയായിരിക്കുന്നത് ശ്രേയസ് അയ്യരുടെ പരിക്കാണ്. നാലാം നമ്പര്‍ ബാറ്റ്‌സ്മാനായ ശ്രേയസിന് അവസാന ഐപിഎല്ലിനിടെയാണ് പരിക്കേറ്റത്. വലിയ ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തിയ ശ്രേയസ് പാകിസ്താനെതിരേയും നേപ്പാളിനെതിരേയും കളിച്ചു. നേപ്പാളിനെതിരേ ഫീല്‍ഡ് ചെയ്യവെയാണ് ശ്രേയസിന് വീണ്ടും പരിക്കേല്‍ക്കുന്നത്. ഇതോടെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഏഷ്യാ കപ്പിന് ശേഷം നടക്കുന്ന ഓസീസ് പരമ്പരയും പിന്നാലെ നടക്കുന്ന ഏകദിന ലോകകപ്പും ശ്രേയസ് കളിച്ചേക്കില്ലെന്നാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ശ്രേയസ് പോയിട്ടുണ്ടെന്നാണ് സൂചന. ഫിറ്റ്‌നസ് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ലെങ്കിലും ലോകകപ്പ് ടീമില്‍ നിന്ന് ശ്രേയസ് പുറത്തായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ശ്രേയസ് അയ്യര്‍ പുറത്തായാല്‍ പകരം ആരാവും ഇന്ത്യന്‍ ടീമിലേക്കെത്തുകയെന്ന ചോദ്യം പ്രസക്തമാണ്.

കൂടുതല്‍ പേരും സഞ്ജു സാംസണിന്റെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്ത് മികവുകാട്ടാന്‍ ഇതിനോടകം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യ അദ്ദേഹത്തെ തഴഞ്ഞു. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി പരിഗണിക്കപ്പെട്ട സഞ്ജുവിനെ പാതിവഴിയില്‍ നാട്ടിലേക്ക് മടക്കുകയും ചെയ്തു.

ശ്രേയസിന്റെ അഭാവമുണ്ടാകുമ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെങ്കിലും ഇന്ത്യക്ക് താല്‍പര്യം മറ്റ് രണ്ട് പേരിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സഞ്ജു സാംസണ്‍ വലം കൈയന്‍ ബാറ്റ്‌സ്മാനാണ്. ഇന്ത്യക്കാവശ്യം ഇടം കൈയന്‍ താരത്തെയാണ്. അതുകൊണ്ടുതന്നെ തിലക് വര്‍മക്കാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നതെന്നാണ് സൂചന. ഏഷ്യാ കപ്പിലേക്ക് ഇന്ത്യ പരിഗണിച്ച താരമാണ് തിലക്.

tilak varma

എന്നാല്‍ ഏകദിന ലോകകപ്പിന്റെ 15 അംഗ ടീമില്‍ ഇടം പിടിച്ചില്ല. ഇപ്പോള്‍ ശ്രേയസിന്റെ പകരക്കാരനായി സഞ്ജുവിനെ മറികടന്ന് തിലകിനെ കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. തിലക് വന്നാല്‍ ഒരു ഇടം കൈയന്‍ ബാറ്റ്‌സ്മാനെക്കൂടി ഇന്ത്യക്ക് ലഭിക്കും. കൂടാതെ തിലക് ഭേദപ്പെട്ട രീതിയില്‍ പന്തെറിയുകയും ചെയ്യുന്ന താരമാണ്. ഇതോടെ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയിലേക്കും തിലകിനെ പരിഗണിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

എന്നാല്‍ സഞ്ജുവിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മാത്രമാവും പരിഗണിക്കാന്‍ സാധിക്കുക. നിലവില്‍ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ഈ റോളില്‍ മികവ് കാട്ടി തുടരുന്നതിനാല്‍ സഞ്ജു വന്നാലും വലിയ ഗുണമില്ല. എന്നാല്‍ തിലക് വന്നാല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനെയാവും ഇന്ത്യക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ സ്വാഭാവികമായ മുന്‍തൂക്കം തിലകിനുണ്ട്.

റിങ്കു സിങ്ങിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇടം കൈയന്‍ വെടിക്കെട്ട് ഫിനിഷറായ റിങ്കുവിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള റിങ്കുവിന് ഏകദിന ലോകകപ്പ് ടീമിലേക്ക് വിളിയെത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ ടീമിന്റെ സാഹചര്യം വിലയിരുത്തി റിങ്കുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ശ്രേയസിന്റെ അഭാവം ഇന്ത്യയുടെ പ്ലേയിങ് 11നെ കാര്യമായി ബാധിച്ചേക്കില്ല. കെ എല്‍ രാഹുല്‍ നാലാം നമ്പറിലും ഇഷാന്‍ കിഷന്‍ അഞ്ചാം നമ്പറിലും മികവ് കാട്ടുന്നുണ്ട്. ഇത് ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ശ്രേയസ് കളിക്കാതിരുന്നാലും ഇന്ത്യക്കത് വലിയ പ്രശ്‌നമല്ല. സഞ്ജുവിനെ ഇന്ത്യ റിസര്‍വ് താരമായി ലോകകപ്പിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പ്രധാന ടീമിലേക്ക് പരിഗണിച്ചിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ് കൗതുകം.

Story first published: Thursday, September 14, 2023, 8:01 [IST]
Other articles published on Sep 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+