For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജു ടീമില്‍ വേണ്ട! ഫിറ്റെങ്കില്‍ ശ്രേയസ് തന്നെ മതി, കാരണങ്ങള്‍

ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്തെത്തി നില്‍ക്കെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസിനെ സംബന്ധിച്ചുള്ള ആശങ്ക ടീം ഇന്ത്യക്കു തലവേദനയായി മാറിയിരിക്കുകയാണ്. നാലാം നമ്പറില്‍ ടീമിന്റെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം തീര്‍ച്ചയായും ലോകകപ്പില്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഏഷ്യാ കപ്പിനിടെ ശ്രേയസിനു വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.

ഇതോടെ ലോകകപ്പില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ചോദ്യചിഹ്നമായി മാറുകയും ചെയ്തിരിക്കുകയാണ്. പരിക്കേറ്റ് മാസങ്ങളോളം കളത്തിനു പുറത്തായിരുന്ന ശ്രേയസ് മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത് ഏഷ്യാ കപ്പിലൂടെയായിരുന്നു. പാകിസ്താന്‍, നേപ്പാള്‍ എന്നിവരുമായുള്ള ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം ഒരിന്നിങ്‌സിലാണ് ബാറ്റ് ചെയ്തത്.

SHREYAS IYER

പക്ഷെ സൂപ്പര്‍ ഫോറില്‍ പാകിസ്താനുമായുള്ള ആദ്യ കളിയില്‍ പുറംഭാഗത്തെ പേശീവലിവ് കാരണം ശ്രേയസിനു കളിക്കാനായില്ല. പകരം കെഎല്‍ രാഹുല്‍ ടീമിലേക്കു വരികയും സെഞ്ച്വറിയുമായി അവസരം മുതലാക്കുകയും ചെയ്തു.

ശ്രേയസ് ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം സംശയത്തില്‍ നില്‍ക്കെ പകരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളില്‍ ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ട്. ശ്രേയസിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മാത്രമല്ല ഫോമിനെക്കുറിച്ചും പലരും സംശയങ്ങളും ഉന്നയിച്ചു കഴിഞ്ഞു.

മതിയായ മാച്ച് പ്രാക്ടീസ് ഇല്ലാത്തതിനാല്‍ ശ്രേയസിനെ കളിപ്പിക്കുന്നത് അബദ്ധമാവുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. പക്ഷെ ഫിറ്റാണെങ്കില്‍ സഞ്ജുവല്ല, മറിച്ച് ശ്രേയസില്‍ തന്നെയാവണം ഇന്ത്യ വിശ്വാസമര്‍പ്പിക്കേണ്ടത്. ഇതിന്റെ കാരണങ്ങളറിയാം.

ഏകദിനത്തില്‍ ഇന്ത്യയെ വര്‍ഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ബാറ്റിങ് പൊസിഷനാണ് നാലാം നമ്പര്‍. കഴിഞ്ഞ ഏകദിന ലോകകപ്പിനു മുമ്പും ഇതേ ചോദ്യം ഇന്ത്യയെ അലട്ടിയിരുന്നു. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യയുടെ ഒരു താരത്തിനും നാലാം നമ്പറില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ല.

പലരെയും ഈ റോളില്‍ ടീം പരീക്ഷിച്ചു നോക്കിയെങ്കിലും ഒടുവില്‍ ശ്രേയസാണ് ഈ കാത്തിരിപ്പ് അവസാനിപ്പിച്ചത്. ഏകദിനത്തില്‍ 46.4 എന്ന മികച്ച ശരാശരിയും 94.9 സ്‌ട്രൈക്ക് റേറ്റും 2019ലെ ലോകകപ്പിനു ശേഷം ശ്രേയസിനുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തഴഞ്ഞ് നാലാം നമ്പറില്‍ വീണ്ടും ഇന്ത്യ പരീക്ഷണം തുടര്‍ന്നാല്‍ അതു വലിയ മണ്ടത്തരം തന്നെയായിരിക്കും.

ആധുനിക ക്രിക്കറ്റില്‍ മധ്യ ഓവറുകളില്‍ ആധിപത്യം പുലര്‍ത്തുന്നത് എതിര്‍ ടീമുകള്‍ക്കു മേല്‍ മേല്‍ക്കൈ നേടാന്‍ നിങ്ങളെ സഹായിക്കും. ഇന്ത്യന്‍ ടീമിന്റെ കാര്യമെടുക്കുകയാണെങ്കില്‍ മധ്യ ഓവറുകളില്‍ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യക്കു ആധിപത്യം നേടിത്തരാന്‍ സാധിക്കുന്ന രണ്ടു പേര്‍ ശ്രേയസും രാഹുലുമായിരിക്കും.

SHREYAS IYER

വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റര്‍മാരാണ് ഇരുവരും. പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്തി പിന്നീട് സ്‌കോറിങിനു വേഗത കൂട്ടുന്ന ബാറ്റിങ് ശൈലിയാണ് ശ്രേയസും രാഹുലും പിന്തുടരുന്നത്. ഏകദിനത്തില്‍ 21 മുതല്‍ 40 വരെയുള്ള ഓവറുകളില്‍ ശ്രേയസിന്റെ ബാറ്റിങ് ശരാശരി 51.2 ആണ്. 101.8 എന്ന ഉജ്ജ്വല സ്‌ട്രൈക്ക് റേറ്റും ഈ ഘട്ടത്തില്‍ അദ്ദേഹത്തിനുണ്ട്. ഇതാണ് ശ്രേയസ് തീര്‍ച്ചയായും ടീമില്‍ വേണമെന്നതിന്റെ രണ്ടാമത്തെ കാരണം.

സ്പിന്‍ ബൗളിങിനെ വളരെ നന്നായി കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ശ്രേയസ് ടീമില്‍ തുടരണമെന്നതിന്റെ അടുത്ത കാരണം. മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്പിന്നര്‍മാരെയായിരിക്കും കൂടുതലായി നേരിടേണ്ടി വരിക. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവരെയാണ് മധ്യനിരയില്‍ ഏതൊരു ടീമിനും ആവശ്യം.

വളരെ വേഗത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരേ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ സാധിക്കുന്നയാളാണ് ശ്രേയസ്. സ്പിന്നര്‍മാര്‍ക്കെതിരേ 56.7 ശരാശരിയും 102.8 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഇത്തരമൊരു കഴിവുള്ളതിനാല്‍ തന്നെ അദ്ദേഹത്തിനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ അതു വലിയ മണ്ടത്തരമായി മാറുകയും ചെയ്യും.

Story first published: Monday, September 18, 2023, 19:09 [IST]
Other articles published on Sep 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+