For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെവാഗും കോലിയുമല്ല, പ്രയാസപ്പെട്ടത് അവന്റെ മുന്നില്‍! വെളിപ്പെടുത്തി സ്റ്റെയിന്‍

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിന് തിരി തെളിയാന്‍ ഇനി നാല് നാള്‍. അഞ്ചാം തീയ്യതി ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തോടെയാണ് വിശ്വകിരീട പോരാട്ടം ആരംഭിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം കരുത്തരുടെ നിരയാണ്. സമീപകാലത്തെ ടീമിന്റെ പ്രകടനങ്ങളെല്ലാം ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.

ഇത്തവണയും മികച്ച പേസര്‍മാര്‍ ലോകകപ്പില്‍ അരങ്ങ് വാഴാന്‍ കാത്തിരിക്കുകയാണ്. ഒരു കാലഘട്ടത്തെയാകെ വിറപ്പിച്ച പേസ് ബൗളറാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയിന്‍. ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന സ്‌റ്റെയിനെ നേരിടാന്‍ പ്രയാസമാണെന്ന് വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും ഉള്‍പ്പെടെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരും പറഞ്ഞിട്ടുണ്ട്. ഏറെ നാള്‍ ഒന്നാം നമ്പര്‍ ബൗളറായി വിലസിയ സ്‌റ്റെയിന്‍ ഇപ്പോള്‍ തന്നെ പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാനെ വെളിപ്പെടുത്തിയിരിക്കുകയാണ്.

അത് സച്ചിനോ സെവാഗോ കോലിയോ അല്ലെന്നും രോഹിത് ശര്‍മയാണെന്നുമാണ് സ്‌റ്റെയിന്‍ പറയുന്നത്. 'രോഹിത് ശര്‍മക്കെതിരേ പന്തെറിയാന്‍ ഞാന്‍ എപ്പോഴും പ്രയാസപ്പെട്ടിരുന്നു. ഗംഭീര ബാറ്റ്‌സ്മാനാണവന്‍. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അവന് കഴിവുണ്ട്'- സ്‌റ്റെയിന്‍ പറഞ്ഞു. ഇന്ത്യയുടെ നായകനായ രോഹിത് ശര്‍മക്ക് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഗംഭീര റെക്കോഡാണുള്ളത്. ഓപ്പണറായി ബാറ്റിങ്ങിനിറങ്ങുന്ന രോഹിത് അനായാസം സിക്‌സര്‍ പറത്താന്‍ കഴിവുള്ളവനാണ്.

അതുകൊണ്ടാണ് രോഹിത്തിനെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്നത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ രോഹിത്തിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ നേടി ലോക റെക്കോഡിടാന്‍ അദ്ദേഹത്തിനായിരുന്നു. ഇത്തവണത്തെ ലോകകപ്പിലും രോഹിത്തിന്റെ ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്.

rohit sharma

ഏഷ്യാ കപ്പില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച് കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായിരുന്നു. സ്‌റ്റെയിന്‍ രോഹിത്തിനെതിരേ പന്തെറിയാന്‍ പ്രയാസമാണെന്ന് പറയുമ്പോള്‍ രോഹിത് പറയുന്നത് നേരിടാന്‍ പ്രയാസമുള്ള ബൗളര്‍ സ്റ്റെയിനാണെന്നാണ്. 'ഒരു ബൗളര്‍ എന്നെ വെല്ലുവിളിച്ചാല്‍ അവനെ നേരിടാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ സ്‌റ്റെയിനെതിരേ എളുപ്പമല്ല. ലോകോത്തര താരമാണവന്‍. വേഗത്തില്‍ ബൗണ്‍സെറിയാനും സ്വിങ് ചെയ്ത് പന്തെറിയാനും അവന് കഴിവുണ്ട്.

140ന് മുകളില്‍ വേഗത്തില്‍ സ്വിങ് ചെയ്യുന്ന ബൗളര്‍മാര്‍ കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. സ്ഥിരതയോടെ ഇത് ചെയ്യുന്നത് സ്‌റ്റെയിന്‍ മാത്രമാണ്'-രോഹിത് ശര്‍മ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നല്ല വേഗമുള്ള ബൗളറായിരുന്നു സ്റ്റെയിന്‍. മികച്ച ലൈനും ലെങ്തുമുള്ള സ്‌റ്റെയിന്റെ ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തുന്ന സ്വിങ്ങിങ് പന്തുകള്‍ നേരിടാന്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരും പ്രയാസപ്പെട്ടിരുന്നുവെന്നതാണ് വസ്തുത.

ഇത്തവണത്തെ ലോകകപ്പിലെ വിജയികളേയും സ്റ്റെയിന്‍ പ്രവചിച്ചു. 'ഇന്ത്യയാണ് ഇത്തവണത്തെ ഫേവറേറ്റുകളെന്നാണ് കരുതുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാവും ഫൈനല്‍ പോരാട്ടമെന്നാണ് കരുതുന്നത്. എന്നാല്‍ ഹൃദയം പറയുന്നത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ വേണമെന്നതാണ്. എന്നാല്‍ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനല്‍ പോരാട്ടം നടക്കാനാണ് സാധ്യത'- സ്‌റ്റെയിന്‍ പറഞ്ഞു.

ഇത്തവണ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം പറയാനാവില്ല. ഇന്ത്യയാണ് ആതിഥേയരാണെങ്കിലും തട്ടകത്തിന്റെ മുന്‍തൂക്കം ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല. ഒട്ടുമിക്ക താരങ്ങള്‍ക്കും ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചുകളില്‍ നല്ല അനുഭവസമ്പത്തുണ്ട്. കൂടാതെ എല്ലാ ടീമിനും ശക്തമായ താരനിരയുമുണ്ട്. അതുകൊണ്ട് തന്നെ കിരീട പോരാട്ടം കടുക്കുമെന്നുറപ്പ്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരെല്ലാം ഫേവറേറ്റുകളാണെന്ന് പറയാം.

Story first published: Sunday, October 1, 2023, 12:20 [IST]
Other articles published on Oct 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+