കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകത്തിലേക്ക് എക്കാലത്തും മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് ഇന്ത്യ. മൂന്ന് ഫോര്‍മാറ്റിലും തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത ഇന്ത്യ രണ്ട് തവണ ഏകദിന ലോകകപ്പിലും ഒരു തവണ ടി20 ലോകകപ്പിലും കിരീടം ചൂടി. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ മൂന്നാം ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ കുതിക്കുകയാണ്. സെമിയില്‍ ന്യൂസീലന്‍ഡിനെയാണ് ഇന്ത്യ നേരിടേണ്ടത്. ഇത്തവണ തോല്‍വി അറിയാത്ത ഇന്ത്യ സെമിയും കടന്ന് കപ്പിലേക്കെത്തുമെന്നാണ് ആരാധക പ്രതീക്ഷ.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറാരെന്ന് ചോദിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിങ്ങനെ പല പേരുകളും ആരാധകര്‍ക്ക് പറയാന്‍ സാധിക്കും. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ ബെസ്റ്റ് ഓപ്പണര്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഗാംഗുലി. സച്ചിന്‍ ടെണ്ടുല്‍ക്കറേയും രോഹിത് ശര്‍മയേയും തഴഞ്ഞ ഗാംഗുലി വീരേന്ദര്‍ സെവാഗിനെയാണ് എക്കാലത്തെയും മികച്ച ഓപ്പണറായി തിരഞ്ഞെടുത്തത്.
'ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖം നീ മാറ്റി. നിന്റെ കഴിവുകള്‍ സവിശേഷമാണ്. പ്രയാസമുള്ള പിച്ചുകളിലും നീ റണ്‍സടിച്ചു. നീ അതിമനോഹരമായ ബാറ്റു ചെയ്യുന്നു. നീ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചതിന് ശേഷം എല്ലാവരും നിന്നെക്കുറിച്ചാണ് സംസാരിച്ചത്. എത്ര മനോഹരമായാണ് നീ ബൗണ്ടറിയിലേക്ക് പന്ത് പായിച്ചത്. നിന്നോട് ആദ്യമായി ഓപ്പണ്‍ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ നീ ആദ്യം പരിഭ്രമിച്ചിരുന്നു. കാരണം നീ ഇതിന് മുമ്പ് ഓപ്പണ്‍ ചെയ്തിരുന്നില്ല.
ഒരു താരവും ഒരു ബാറ്റിങ് പൊസിഷനിലേക്ക് മാത്രമായി ജനിച്ചിട്ടില്ല. അവന്റെ പ്രതിഭകൊണ്ട് ഓരോ സ്ഥാനവും നേടി എടുക്കുന്നത്. ആദ്യമായി ടെസ്റ്റ് കളിച്ച് നീ നേടിയ അര്‍ധ സെഞ്ച്വറിക്ക് ശേഷം പിന്നെ കണ്ടത് ചരിത്രമാണ്'-ഗാംഗുലി പറഞ്ഞു. ലോക ക്രിക്കറ്റിനെ വിറപ്പിച്ച സെവാഗിനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരിട്ടാണ് ആരാധകര്‍ വിളിച്ചിരുന്നത്. ടെസ്റ്റും ഏകദിനവും ടി20യുമെല്ലാം ഒരേ ശൈലിയിലാണ് സെവാഗ് കളിച്ചിരുന്നത്.

ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരമായി സെവാഗ്. ഏകദിനത്തില്‍ നായകനായി ഇരട്ട സെഞ്ച്വറി നേടാനും സെവാഗിനായി. ഏത് ബൗളറേയും കടന്നാക്രമിക്കുന്ന സെവാഗിനെതിരേ പന്തെറിയാന്‍ പല ബൗളര്‍മാരും മടിച്ചിരുന്നു. സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ തന്റെ പേടി സ്വപ്‌നമായ ബൗളര്‍മാരിലൊരാളായി പറഞ്ഞത് സെവാഗിനെയാണ്. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന സെവാഗ് എക്കാലത്തെയും മികച്ച ഓപ്പണറാണ്.
വളരെ ചുരുക്കം മത്സരങ്ങളിലാണ് ഗാംഗുലിയും സെവാഗും ചേര്‍ന്ന് ഓപ്പണ്‍ ചെയ്തത്. സെവാഗിനെ ഓപ്പണറാക്കിയത് ഗാംഗുലിയാണ്. സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ത്തിരുന്ന സമയത്താണ് സെവാഗ് വരുന്നത്. മധ്യനിര ബാറ്റ്‌സ്മാനായിരുന്ന സെവാഗിനെ സച്ചിനൊപ്പം ഓപ്പണറാക്കിയത് ഗാംഗുലിയാണ്. ഗാംഗുലി മൂന്നാം സ്ഥാനത്തേക്കിറങ്ങി ഓപ്പണര്‍ റോള്‍ സെവാഗിന് നല്‍കുകയായിരുന്നു. ഇതാണ് പിന്നീട് ചരിത്രമായി മാറിയത്.
രോഹിത് ശര്‍മ ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ താരമാണ്. പല വമ്പന്‍ സിക്‌സര്‍ റെക്കോഡുകളും രോഹിത്തിന്റെ പേരിലാണ്. ആരാധകര്‍ ഹിറ്റ്മാനെന്ന് വിളിക്കുന്ന രോഹിത് സെവാഗിനെക്കാളും സിക്‌സുകള്‍ പായിച്ച താരമാണ്. എന്നാല്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമെന്ന് വിളിക്കാവുന്ന ബാറ്റ്‌സ്മാനെന്ന വിശേഷണം രോഹിത്തിനെക്കാള്‍ ചേരുന്നത് സെവാഗിനാണ്. സച്ചിനും ഗാംഗുലിക്കും ഏകദിനത്തില്‍ മികച്ച റെക്കോഡ് അവകാശപ്പെടാനാവും. എന്നാല്‍ അവരെല്ലാം സെവാഗിന്റെ അത്ര ഓപ്പണിങ്ങില്‍ ഇംപാക്ട് സൃഷ്ടിച്ചിട്ടില്ലെന്ന് പറയാം.