അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ വാശിയേറിയ പോരാട്ടച്ചൂട് ഫൈനലിലേക്കെത്തിയിരിക്കുകയാണ്. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് കിരീടത്തിനായി പോരടിക്കുക. ആതിഥേയരായ ഇന്ത്യ തോല്‍വി അറിയാതെ 10 ജയങ്ങളുമായാണ് ഫൈനലിലേക്കെത്തിയത്. ആദ്യ രണ്ട് മത്സരം തോറ്റെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഓസീസ് ഫൈനലിലേക്കെത്തിയത്. വാശിയേറിയ സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ 70 റണ്‍സിനാണ് തോല്‍പ്പിച്ചത്.
അതേ സമയം ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യക്കാണ് കൂടുതല്‍ കിരീട സാധ്യത. തട്ടകത്തിന്റെ മുന്‍തൂക്കവും ഫോമും പരിഗണിച്ചാല്‍ ഇന്ത്യ ഓസ്‌ട്രേലിയയെക്കാള്‍ ഒരുപടി മുകളിലാണ്. ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിലെ ഇന്ത്യയുടെ അനുഭവസമ്പത്തും റെക്കോഡുകളും ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇത്തവണത്തെ വിജയക്കുതിപ്പിന്റെ രഹസ്യം. ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരും ഒന്നിനൊന്ന് മികവ് കാട്ടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ഫൈനലില്‍ ആരാവും ഇന്ത്യയുടെ രക്ഷകന്‍? അത് വിരാട് കോലിയോ രോഹിത് ശര്‍മയോ കെ എല്‍ രാഹുലോ അല്ലെന്നും നിര്‍ണ്ണായകമാവുക ശ്രേയസ് അയ്യരാണെന്നുമാണ് ഗംഭീര്‍ പറയുന്നത്. അതിന്റെ കാരണവും ഗംഭീര്‍ വ്യക്തമാക്കുന്നുണ്ട്.
'ശ്രേയസാണ് ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച ഗെയിം ചെയിഞ്ചര്‍. പരിക്കിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് അവന്‍ ടീമില്‍ സ്ഥാനം നേടിയെടുത്തത്. നോക്കൗട്ട് മത്സരത്തില്‍ 70 പന്തില്‍ സെഞ്ച്വറി നേടുകയെന്നത് അതി ഗംഭീരമായ കാര്യമാണ്. മാക്‌സ് വെല്‍, ആദം സാംബ എന്നിവരെല്ലാം പന്തെറിയുമ്പോള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുന്ന താരം ശ്രേയസ് അയ്യരാവും'- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗൗതം ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പുകളില്‍ നിന്നെല്ലാം ഇത്തവണ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് മധ്യനിരയുടെ ബാറ്റിങ് പ്രകടനമാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും ഐതിഹാസിക ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. നാലാം നമ്പര്‍ വളരെ പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനാണ്. ആ റോള്‍ ശ്രേയസ് ഭംഗിയായി നിര്‍വഹിക്കുന്നു. 75.14 ശരാശരിയില്‍ 526 റണ്‍സാണ് ശ്രേയസ് നേടിയത്. അതും 113 സ്‌ട്രൈക്ക് റേറ്റില്‍. രണ്ട് സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ശ്രേയസ് നേടി.
ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന മധ്യനിര ബാറ്റ്‌സ്മാനാണ് ശ്രേയസ്. ലോകകപ്പില്‍ 500 റണ്‍സ് നേടുന്ന ഇന്ത്യയുടെ ആദ്യത്തെ മധ്യനിര ബാറ്റ്‌സ്മാനാണ് ശ്രേയസ്. മധ്യ ഓവറുകളില്‍ റണ്‍സുയരുന്നില്ലെന്നതാണ് മിക്ക ടീമിന്റെയും പ്രശ്‌നം. എന്നാല്‍ ശ്രേയസിന്റെ സാന്നിധ്യമാണ് പവര്‍പ്ലേയ്ക്ക് ശേഷവും ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്.
ഇത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. ഓസ്‌ട്രേലിയക്കെതിരേ മധ്യ ഓവറുകളില്‍ ആദം സാംബക്കൊപ്പം ട്രവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ സ്പിന്നാക്രമണവും പ്രതീക്ഷിക്കാം. ഇതിനെ മറികടക്കാന്‍ ഇന്ത്യക്ക് ശ്രേയസിനെപ്പോലൊരു താരം അത്യാവശ്യമാണ്. ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ആദ്യത്തെ 10 ഓവറില്‍ രോഹിത് ശര്‍മ നന്നായി തുടങ്ങിയാല്‍ പിന്നാലെയെത്തുന്നവര്‍ കത്തിക്കയറും.
രോഹിത്തിന് വെടിക്കെട്ട് തുടക്കം നല്‍കാനാവാതെ പോയാല്‍ മധ്യനിരക്ക് ജോലി കൂടും. എന്തായാലും ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് നിര്‍ണ്ണായക റോളുണ്ടാവും. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യയുടെ നാല്, അഞ്ച് ബാറ്റ്‌സ്മാന്‍മാരിലാണ് പ്രതീക്ഷ. ആറാമന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഫിനിഷിങ്ങും വളരെ പ്രധാനപ്പെട്ടതാണ്. എന്തായാലും ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്ത് മൂന്നാം ഏകദിന ലോകകപ്പ് കിരീടം അലമാരയിലെത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.