ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 5ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സപ്പായ ന്യൂസീലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം കളിക്കുന്നത്. 2011ന് ശേഷം ഇന്ത്യയിലേക്ക് വിരുന്നെത്തുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. 2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യയാണ് കിരീടം നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷകളേറെ. 15 അംഗ ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒട്ടുമിക്ക പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ കസറാന്‍ ശേഷിയുള്ള ഗംഭീര താരനിരയാണ് ടീമിനൊപ്പമുള്ളത്. എന്നാല്‍ ആരാവും ഇത്തവണ ഇന്ത്യയുടെ മാച്ച് വിന്നര്‍ എന്ന ചോദ്യം പ്രസക്തമാണ്. രോഹിത്, കോലി എന്നീ സീനിയര്‍ താരങ്ങളെത്തന്നെയാണ് കൂടുതല്‍ ആളുകളും മാച്ച് വിന്നറായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയാവുക ഇവരാരുമല്ലെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് പറയുന്നത്.
അത് സൂര്യകുമാര്‍ യാദവാണെന്നാണ് എബിഡി അഭിപ്രായപ്പെടുന്നത്. 'ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഏകദിനത്തില്‍ പ്രതീക്ഷക്കൊത്ത പ്രകടനം അവന്‍ നടത്തിയിട്ടില്ല. എന്നാല്‍ സൂര്യകുമാര്‍ ഏകദിന ലോകകപ്പ് ടീമിലുണ്ടെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഞാന്‍ അവന്റെ വലിയ ആരാധകനാണെന്ന് എല്ലാവര്‍ക്കും അറിയാം. ടി20 ക്രിക്കറ്റിലേതുപോലെ തന്നെ ഏകദിന ലോകകപ്പിലും മികച്ച പ്രകടനം നടത്താനും മാച്ച് വിന്നറാവാനും സൂര്യക്ക് കഴിവുണ്ട്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഡിവില്ലിയേഴ്‌സുമായി വളരെയധികം താരതമ്യം ചെയ്യപ്പെടുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഡിവില്ലിയേഴ്‌സിനെപ്പോലെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യകുമാറിന് കഴിവുണ്ട്. 360 ഡിഗ്രി താരമെന്ന വിശേഷണം ചാര്‍ത്തപ്പെട്ട കളിക്കാരനാണ് സൂര്യകുമാര്‍. ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ 25ല്‍ താഴെ മാത്രമാണ് ശരാശരി. അതുകൊണ്ടുതന്നെ സൂര്യയെ ലോകകപ്പിലേക്ക് പരിഗണിച്ചതില്‍ പലര്‍ക്കും എതിര്‍ അഭിപ്രായമുണ്ട്.

സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരെയെല്ലാം തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഏകദിന ടീമിലേക്ക് പരിഗണിച്ചത് മണ്ടന്‍ തീരുമാനമാണെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടെങ്കിലും സൂര്യകുമാര്‍ പ്ലേയിങ് 11ലെത്താനുള്ള സാധ്യത കുറവാണ്. പൂര്‍ണ്ണമായും ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള താരമാണ് സൂര്യകുമാര്‍. ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്ന കളിക്കാരനാണ് സൂര്യകുമാര്‍ യാദവ്.
പെട്ടെന്ന് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് സൂര്യകുമാറെന്ന് പറയാം. എന്നാല്‍ ഇന്ത്യയുടെ നിലവിലെ ഏകദിന ലോകകപ്പ് പദ്ധതികളില്‍ സൂര്യകുമാറിന് കളിക്കാനുള്ള അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം. സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പ്രധാന മത്സരങ്ങളില്‍ കളിപ്പിക്കുന്നത് ഗുണം ചെയ്‌തേക്കും. ഡെത്തോവറുകളില്‍ മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. ഫോമിലേക്കെത്തിയാല്‍ പിന്നെ പിടിച്ചുകെട്ടുക പ്രയാസം.
എന്നാല്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി ഹാട്രിക് ഗോള്‍ഡന്‍ ഡെക്ക് നേരിട്ട സൂര്യകുമാറിനെ ലോകകപ്പ് കളിപ്പിക്കുകയെന്നത് വലിയ സാഹസമാണ്. അതുകൊണ്ടുതന്നെ സൂര്യകുമാറിനെ ഇന്ത്യ കളിപ്പിക്കുമോ ഇല്ലെയോ എന്നത് കണ്ടറിയണം. ഇത്തവണ ഇഷാന്‍ കിഷന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. അവസാനം കളിച്ച നാല് ഏകദിനത്തിലും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ താരമാണ് ഇഷാന്‍ കിഷന്‍.
ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തിലും പ്രതീക്ഷകളേറെ. ഇന്ത്യന്‍ പിച്ചില്‍ ഗംഭീര റെക്കോഡാണ് ഇഷാനുള്ളത്. പ്രധാനമായും അഹമ്മദാബാദിലെ പിച്ചില്‍ മോഹിപ്പിക്കുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചിട്ടുള്ളത്. പ്രധാന മത്സരങ്ങള്‍ അഹമ്മദാബാദില്‍ നടക്കാനിരിക്കെ ഗില്ലില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നു. എന്തായാലും 2011ലെ നേട്ടം ആവര്‍ത്തിച്ച് വിശ്വവിജയികളാവാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.