ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. കരുത്തരായ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 199 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 52 പന്തും 6 വിക്കറ്റും ബാക്കിയാക്കി വിജയം നേടി. കെ എല്‍ രാഹുലിന്റെയും (97*) വിരാട് കോലിയുടേയും (85) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയെ തുണച്ചത്.
തുടക്കത്തിലേ തന്നെ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഡെക്കിന് പുറത്തായിട്ടും കോലിയും രാഹുലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കെ എല്‍ രാഹുല്‍ 115 പന്ത് നേരിട്ട് 8 ഫോറും 2 സിക്‌സും പറത്തിയപ്പോള്‍ വിരാട് കോലി 116 പന്ത് നേരിട്ട് 6 ബൗണ്ടറിയാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 165 റണ്‍സാണ് നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഇത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു.
ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ കോലിയും രാഹുലും അഭിനന്ദനം ഏറ്റുവാങ്ങവെ ഇന്ത്യ നന്ദി പറയേണ്ടത് മറ്റൊരാളോടാണ്. അത് ഇന്ത്യക്കാരനല്ല, മറിച്ച് ഓസീസിന്റെ മിച്ചല്‍ മാര്‍ഷാണ്. രണ്ട് റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി വന്‍ തകര്‍ച്ചയെ ടീം മുന്നില്‍ക്കണ്ടിരുന്നു. കെ എല്‍ രാഹുലും കോലിയും ചേര്‍ന്ന് നിലയുറപ്പിക്കാന്‍ ശ്രമിക്കവെ മത്സരത്തിന്റെ വഴിത്തിരിവ് ഒമ്പതാം ഓവറിലാണ് സംഭവിച്ചത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച കോലിയുടെ ടൈമിങ് പിഴച്ചു.
എഡ്ജായി തലക്ക് മുകളിലേക്കുയര്‍ന്ന പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് കൈയിലൊതുക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ മിച്ചല്‍ മാര്‍ഷ് മിഡ് വിക്കറ്റില്‍ നിന്ന് ഓടിവന്ന് ക്യാച്ചെടുക്കാന്‍ ശ്രമിച്ചു. ഓടിവന്ന് പന്ത് കൈയിലൊതുക്കാനുള്ള ശ്രമം വിജയം കണ്ടില്ല. ഇതോടെ കോലിക്ക് ലൈഫ് ലഭിച്ചു. മത്സരത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ക്യാച്ചാണിത്. മിച്ചല്‍ മാര്‍ഷ് ഇത് ക്യാച്ചാക്കിയിരുന്നെങ്കില്‍ വിരാട് കോലി പുറത്താവുമായിരുന്നു.

ഇത് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും തോല്‍വിക്ക് കാരണമായി മാറുകയും ചെയ്യാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാല്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയുടെ രക്ഷകനായി. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി അനായാസമായി എടുക്കേണ്ടിയിരുന്ന ക്യാച്ചാണ് മിച്ചല്‍ മാര്‍ഷ് സാഹസം കാട്ടി നഷ്ടപ്പെടുത്തിയത്. മാര്‍ഷ് ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അലക്‌സ് ക്യാരി അത് ക്യാച്ചാക്കുകയും കോലി പുറത്താവുകയും ചെയ്യുമായിരുന്നു.
ഇന്ത്യയുടെ ഭാഗ്യത്തിനാണ് മിച്ചല്‍ മാര്‍ഷ് അത്തരമൊരു അനാവശ്യ ശ്രമം നടത്തിയതെന്ന് പറയാം. ഓസീസിനായി ഏറ്റവും നിറം മങ്ങിയത് മിച്ചല്‍ മാര്‍ഷാണ്. ഓപ്പണറായി ഇറങ്ങി പൂജ്യത്തിനാണ് മാര്‍ഷ് മടങ്ങിയത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ വിരാട് കോലിയാണ് മാര്‍ഷിന് മടക്ക ടിക്കറ്റ് നല്‍കിയത്. തന്നെ പുറത്താക്കിയ കോലിയോട് അതേ നാണയത്തില്‍ മറുപടി പറയാനുള്ള മാര്‍ഷിന്റെ ശ്രമമാണ് പാളിയത്.
ഇതാണ് ഇന്ത്യക്ക് അനുഗ്രഹമായി മാറിയത്. കോലിയെക്കൂടി തുടക്കത്തിലേ നഷ്ടമായിരുന്നെങ്കില്‍ ഒരു പക്ഷെ തിരിച്ചുവരവ് ഇന്ത്യക്ക് എളുപ്പമായിരിക്കില്ല. വലിയ തിരിച്ചടി തന്നെ ടീമിന് നേരിടേണ്ടി വരുമായിരുന്നു. ആതിഥേയരെന്ന നിലയില്‍ ആദ്യ മത്സരം ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇതിന് ഇന്ത്യയെ സഹായിച്ചത് മിച്ചല്‍ മാര്‍ഷിന്റെ വലിയ പിഴവാണെന്ന് തന്നെ പറയാം.
1999 മുതലുള്ള ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസ് ആദ്യ മത്സരം തോല്‍ക്കുന്നത് ഇതാദ്യമായാണ്. തുടര്‍ച്ചയായി ആറ് ഏകദിനത്തില്‍ ആദ്യ മത്സരം ജയിക്കാന്‍ ഓസീസിനായെങ്കിലും ഇന്ത്യ ഈ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു.