Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യയെ തീര്‍ക്കലല്ല പ്രധാനം! പാക് ലക്ഷ്യം മറ്റൊന്ന്, തുറന്നു പറഞ്ഞ് ബാബര്‍

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലറിനു വേണ്ടിയാണ്. ഒക്ടോബര്‍ 15ന് അഹമ്മദാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സൂപ്പര്‍ മാച്ച്.

ഏകദിന ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ പാക് പടയ്‌ക്കെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതു കാത്തുസൂക്ഷികയെന്ന ലക്ഷ്യത്തോടെയായിരിക്കും രോഹിത് ശര്‍മയും സംഘവുമിറങ്ങുക. പതിവുപോലെ വലിയ ഹൈപ്പാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ മല്‍സരത്തിനുമുള്ളത്.

ROHIT BABAR

എന്നാല്‍ ഈ ഹൈപ്പിനെ തള്ളിക്കളഞ്ഞിരിക്കുകയാണ് പാക് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. ഇന്ത്യക്കെതിരായ മല്‍സരമാണ് ലോകകപ്പില്‍ എല്ലാമെന്നു താന്‍ കരുതുന്നില്ലെന്നും ശേഷിച്ച കളികളും പാകിസ്താനെ സംബന്ധിച്ച് പ്രധാനപ്പെട്ടവ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒമ്പതു മല്‍സരങ്ങളാണ് പാകിസ്താനുള്ളത്. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ നെതര്‍ലാന്‍ഡ്‌സുമായി ഒക്ടോബര്‍ ആറിനാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ മല്‍സരം. 12നു ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയുമായി പാക് പട പോരടിക്കും.

തുടര്‍ന്നാണ് ഇന്ത്യയുമായുള്ള ക്ലാസിക്ക്. 20ന് ഓസ്‌ട്രേലിയയുമായും 23നു അഫ്ഗാനിസ്താനുമായും 27ന് സൗത്താഫ്രിക്കയുമായും പാകിസ്താന്‍ ഏറ്റുമുട്ടും. ശേഷിച്ച കളികള്‍ ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് എന്നിവരുമായിട്ടാണ്.

വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കവെയായിരുന്നു ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തെക്കുറിച്ച് ബാബര്‍ പ്രതികരിച്ചത്. ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് പോവുന്നത്, ഇന്ത്യക്കെതിരേ കളിക്കാന്‍ വേണ്ടി മാത്രമല്ല. ഇന്ത്യ മാത്രമല്ല, വേറെയും എട്ടു ടീമുകളുമായി ഞങ്ങള്‍ക്കു മല്‍സരങ്ങളുണ്ട്. അവരെ തോല്‍പ്പിച്ചെങ്കില്‍ മാത്രമേ ഞങ്ങള്‍ക്കു ഫൈനലിലെത്താന്‍ സാധിക്കുകയുള്ളൂ.

ഏതെങ്കിലുമൊരു ടീമിനെതിരേയല്ല ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ എല്ലാ ടീമുകളിലും ഞങ്ങളുടെ ശ്രദ്ധയുണ്ട്. എല്ലാ ടീമുകള്‍ക്കെതിരേയും നന്നായി കളിക്കുകയും ജയിക്കുകയും ചെയ്യുകയെന്നതാണ് തങ്ങളുടെ പ്ലാനെന്നും ബാബര്‍ വിശദമാക്കി.

BABAR AZAM

ക്രിക്കറ്റ് എവിടെ കളിച്ചാലും, മല്‍സരങ്ങള്‍ എവിടെ നടന്നാലും അവയില്‍ കളിക്കുകയെന്നത് മാത്രമാണ് ഞങ്ങളുടെ മനസ്സിലുള്ളത്. നിങ്ങള്‍ എല്ലായ്‌പ്പോഴും അതിനു തയ്യാറായിരിക്കണം. പ്രൊഫഷണലുകളെന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്നതും ഇതു തന്നെയാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍, അന്തരീക്ഷത്തില്‍ കളിക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കേണ്ടതുണ്ട്.

മാത്രമല്ല അപ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ സ്വീകരിക്കുകയും ചെയ്യുന്നു. ഒരു താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ടീമിനെ നയിക്കാനും എല്ലാ രാജ്യത്തും റണ്‍സ് നേടാനും പാകിസ്താനെ ജയത്തിലേക്കു നയിക്കാനും സാധിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും ബാബര്‍ കൂട്ടിച്ചേര്‍ത്തു.

ഒരിടവേളയ്ക്കു ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയായ ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു ചിരവൈരികള്‍ അവസാനമായി ശക്തി പരീക്ഷിച്ചത്. അന്നു ഗ്രൂപ്പുഘട്ടത്തിലെ ത്രില്ലിങ് മാച്ചില്‍ വിരാട് കോലി ഹീറോയായപ്പോള്‍ ഇന്ത്യ അവിസ്മരണീയ വിജയം കൊയ്യുകയായിരുന്നു.

അതിനു മുമ്പ് യുഎഇയിലെ ഏഷ്യാ കപ്പില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയും പാകിസ്താനും ഓരോ ജയം വീതം പങ്കിടുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കായിരുന്നു ജയം. എന്നാല്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ പകരം വീട്ടുകയും ചെയ്തു.

Story first published: Friday, July 7, 2023, 12:30 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+