മുംബൈ: ഏകദിന ലോകകപ്പില്‍ തോല്‍വി അറിയാതെ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. 10 മത്സരത്തിലും വമ്പന്‍ ജയം നേടിയ ഇന്ത്യ ഫൈനലില്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്. സെമിയില്‍ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറികളും മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം.
ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയിയെയാവും ഫൈനലില്‍ ഇന്ത്യ നേരിടുക. ഇവരിലാര് എതിരാളികളായാലും ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം. ഇന്ത്യ ഇത്തവണ എല്ലാം മേഖലയിലും ആധിപത്യം കാട്ടിയാണ് മുന്നോട്ട് പോകുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സര്‍വാധിപത്യം കാട്ടുമ്പോള്‍ ഫീല്‍ഡിങ്ങില്‍ മാത്രമാണ് അല്‍പ്പം പിന്നോട്ട് പോകുന്നത്. എന്നാല്‍ സെമി ഫൈനലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് മൂന്ന് ദൗര്‍ബല്യമുണ്ടെന്ന് വ്യക്തം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങിനെ ടീം അമിതമായി ആശ്രയിക്കുന്നുണ്ട്. ഇന്ത്യ വലിയ ജയം നേടിയ പ്രധാന മത്സരങ്ങളിലെല്ലാം രോഹിത് നല്‍കിയ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് കരുത്തായത്. രോഹിത് തുടക്കത്തിലേ പുറത്തായാല്‍ ആര് അതിവേഗം റണ്‍സുയര്‍ത്തുമെന്നതാണ് പ്രധാന ചോദ്യം. ശുബ്മാന്‍ ഗില്ലും വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമെല്ലാം പതിയെ നിലയുറപ്പിച്ച് ആക്രമിക്കുന്നവരാണ്.
അതുകൊണ്ടുതന്നെ ഇവര്‍ക്ക് തുടക്കം മുതലേ ആക്രമിക്കുക പ്രയാസം. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള കാര്യമാണ്. രോഹിത്ത് പെട്ടെന്ന് പുറത്തായാല്‍ കലാശപ്പോരില്‍ ഇന്ത്യ വിയര്‍ക്കുമെന്നുറപ്പ്. പവര്‍പ്ലേ മുതലാക്കാന്‍ രോഹിത്തിന്റെ അഭാവത്തില്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും പവര്‍പ്ലേയിലെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്നുറപ്പ്.

രണ്ടാമത്തെ കാര്യം മുഹമ്മദ് സിറാജിന്റെ ബൗളിങ്ങാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ സിറാജ് മടികാട്ടുന്നില്ല. ഡെത്തോവറില്‍ സിറാജിനെ ഉപയോഗിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ന്യൂബോളില്‍ സിറാജ് തീയാണ്. എന്നാല്‍ ഓള്‍ഡ് ബോളിലേക്ക് വരുമ്പോള്‍ വലിയ മികവ് കാട്ടാന്‍ സിറാജിന് സാധിക്കാതെ പോകുന്നു. അതുകൊണ്ടുതന്നെ സിറാജിനെ ഡെത്തോവറില്‍ ഉപയോഗിക്കാതെ ന്യൂബോളിലും മധ്യ ഓവറുകളിലും ഉപയോഗിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയാണ്.
ജസ്പ്രീത് ബുംറയും പ്രധാന മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നില്ലെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ന്യൂസീലന്‍ഡിനെതിരേ ഡെത്തോവറില്‍ ബുംറ മിന്നിയെങ്കിലും ആദ്യ സ്‌പെല്ലിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നായകന്‍ രോഹിത് ശര്‍മ ബൗളര്‍മാരെ നന്നായി ഉപയോഗിക്കുന്നതിനാലാണ് ഈ പ്രശ്‌നം ഇന്ത്യയെ കാര്യമായി ബാധിക്കാത്തത്. ഫൈനലില്‍ ബുംറയുടെ ബൗളിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ബുംറ ന്യൂബോളില്‍ വിക്കറ്റ് വീഴ്‌ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
ഇന്ത്യയുടെ ശരിയായ പ്രശ്‌നം മധ്യനിര ബാറ്റിങ്ങിലാണ്. ടോപ് ഓഡറിലെ അഞ്ച് താരങ്ങളും നന്നായി കളിക്കുന്നതിനാല്‍ ഇന്ത്യക്ക് നിലവില്‍ വലിയ പ്രശ്‌നമില്ല. എന്നാല്‍ ഫൈനലില്‍ മധ്യനിരയുടെ ബാറ്റിങ് നിര്‍ണ്ണായകമായി വന്നാല്‍ ഇന്ത്യ വിറച്ചേക്കും. സൂര്യകുമാര്‍ യാദവിനെ വിശ്വസിക്കാനാവില്ല. ജഡേജയുടെ കാര്യവും കണ്ടറിയണം. ബാറ്റുചെയ്യാന്‍ അറിയാവുന്ന ഒരു ബൗളര്‍ പോലുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മധ്യനിരയുടെ ബാറ്റിങ് കരുത്തും ആശങ്കയായി തുടരുന്നു.
ആതിഥേയരെന്ന നിലയിലും ഫോമിന്റെ കാര്യം വിലയിരുത്തുമ്പോഴും ഇത്തവണ ഇന്ത്യ തന്നെ കപ്പിലേക്കെത്താനാണ് സാധ്യത. അത്രത്തോളം മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ മൂന്നാം ഏകദിന ലോകകപ്പ് ഉയര്‍ത്തുന്നത് എല്ലാവരും സ്വപ്‌നം കണ്ട് കഴിഞ്ഞു. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ചരിത്ര ജയം സ്വപ്‌നം കാണുന്നുണ്ടെങ്കിലും അന്തിമ ജയം ആര്‍ക്കാണെന്നത് കാത്തിരുന്ന് കണ്ടറിയണം.