മുംബൈ: ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷ സജീവമാക്കി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ആദ്യത്തെ മൂന്ന് മത്സരവും ജയിച്ച ഇന്ത്യയാണ് പോയിന്റ് പട്ടികയിലും നെറ്റ് റണ്‍റേറ്റിലും തലപ്പത്തുള്ളത്. നിലവില്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കിയുള്ള കുതിപ്പാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ ടീമുകളെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇനിയും മുന്നോട്ട് മത്സരങ്ങള്‍ വരാനിരിക്കെ ഇന്ത്യ വിജയത്തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
ഇത്തവണ കപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന ഇന്ത്യ എല്ലാ എതിരാളികളേയും തോല്‍പ്പിക്കുമെന്നാണ് കൂടുതല്‍ പ്രമുഖരും പറയുന്നത്. എന്നാല്‍ ഇന്ത്യ അധികം സന്തോഷിക്കേണ്ടന്നും ഇന്ത്യ ഒരു ടീമിനോട് തോല്‍ക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. അത് ന്യൂസീലന്‍ഡല്ല ഇംഗ്ലണ്ടാണെന്നാണ് പോണ്ടിങ് പറയുന്നത്. അഫ്ഗാനിസ്ഥാനോട് തോറ്റ് നില്‍ക്കുന്ന ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നാണ് പോണ്ടിങ്ങിന്റെ വിലയിരുത്തല്‍.
'ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ അവരുടെ പ്രകടനം കാണുമ്പോള്‍ ഇത്തവണ തോല്‍പ്പിക്കേണ്ട ടീം ഇന്ത്യയാണെന്ന് പറയാം. സംതുലിതമായതും പ്രതിഭാശാലികളുമായ താരങ്ങളുടെ നിരയാണ് ഇന്ത്യയുടേത്. ടോപ് ഓഡര്‍, മിഡില്‍ ഓഡര്‍, പേസ് ബൗളിങ്, സ്പിന്‍ ബൗളിങ് എന്നിവയെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. അതുകൊണ്ടുതന്നെ അവരെ തോല്‍പ്പിക്കാന്‍ പ്രയാസവുമാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ പോലും ഇന്ത്യ നന്നായി കളിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോല്‍ക്കാനാണ് സാധ്യത' പോണ്ടിങ് പറഞ്ഞു.
എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രതീക്ഷിച്ച പ്രകടനമല്ല ഇത്തവണ കാഴ്ചവെക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും ഇംഗ്ലണ്ട് തോറ്റു. ന്യൂസീലന്‍ഡിനോട് തോറ്റ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനോട് അട്ടിമറി തോല്‍വിയും നേരിട്ടു. മികച്ച താരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുന്നില്ല. ജോസ് ബട്‌ലര്‍ നായകനെന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമാണ്.

മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ബൗളിങ് മെച്ചപ്പെടാതെ വരുന്ന മത്സരങ്ങളില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനോ ജയിക്കാനോ ഇംഗ്ലണ്ടിന് സാധിക്കില്ല. മധ്യനിരയില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള സ്‌റ്റോക്‌സ് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ ഇംഗ്ലണ്ടിനത് കരുത്താവുമെന്നുറപ്പ്. നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെ ശക്തരെന്ന് വിളിക്കാനാവില്ല.
ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം വാശിയേറിയതാവുമെന്നുറപ്പ്. എന്നാല്‍ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെക്കാള്‍ മുന്‍തൂക്കമുണ്ട്. ഇന്ത്യയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാനാവുമെങ്കിലും ഇംഗ്ലണ്ടിനെ നിസാരക്കാരായി കാണാനാവില്ല. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതേ സമയം ഇന്ത്യയുടെ മുന്നിലെ പ്രധാന വെല്ലുവിളി ന്യൂസീലന്‍ഡാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ന്യൂസീലന്‍ഡായിരുന്നു. ഇത്തവണയും കിവീസ് നിര ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു. കെയ്ന്‍ വില്യംസണും സംഘവും മികച്ച പ്രകടനമാണ് നടത്തുന്നത്. ആദ്യത്തെ മൂന്ന് കളിയും ജയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒത്തിണക്കത്തോടെ കളിക്കാന്‍ ന്യൂസീലന്‍ഡിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
നിലവില്‍ രണ്ടാം സ്ഥാനത്താണ് കിവീസുള്ളത്. 22ാം തീയ്യതിയാണ് ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം. ഇവരില്‍ ജയിക്കുന്നതാരെന്ന് കണ്ടറിയണം. ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തേക്കാള്‍ ഇന്ത്യ നിര്‍ണ്ണായകമായി കാണുന്നത് ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടമാവും. എന്തായാലും ഇന്ത്യയുടെ പോയിന്റെ ടേബിളിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ ഈ രണ്ട് മത്സരങ്ങളും നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.