ക്രിക്കറ്റില്‍ ചില താരങ്ങളെ ടീമിനേക്കാള്‍ വലുതായി ചിത്രീകരിക്കുന്ന ഫാന്‍സിന്റെ പ്രവണതയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഏതെങ്കിലുമൊരു ടീം വലിയ നേട്ടം കൈവരിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ക്യാപ്റ്റനോ, മറ്റേതെങ്കിലും താരത്തിനോ മാത്രം നല്‍കുന്ന രീതിയെയാണ് സ്വന്തം യൂട്യൂബ് ചാനനലില്‍ എബിഡി നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു എബിഡി ആരാധകര്‍ക്കെതിരേ ആഞ്ഞടിച്ചത്. ഇന്ത്യക്കു രണ്ടു ലോകകപ്പുകളടക്കം മൂന്നു ഐസിസി ട്രോഫികള്‍ സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റനാണ് ധോണി. ഈ കാരണത്താല്‍ തന്നെ ടീമിന്റെ ഈ നേട്ടങ്ങളുടെയെല്ലാം പ്രധാന ക്രെഡിറ്റും അദ്ദേഹത്തിനാണ് ലഭിക്കാറുള്ളത്.

പ്രത്യേകിച്ചും 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ച ധോണിയുടെ സിക്‌സര്‍ ഇന്നും വലിയൊരു ഐക്കണ്‍ മുഹൂര്‍ത്തമായി ആഘോഷിക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇവയ്‌ക്കെതിരേയെല്ലാം നേരത്തേ പ്രതികരിച്ച ഒരേയൊരാള്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു.
ധോണിയുടെ സിക്‌സര്‍ കാരണമല്ല ഇന്ത്യ ജയിച്ചതെന്നും ധോണിയല്ല, മറിച്ച് ടീമാണ് വിജയികളായതെന്നും അദ്ദേഹം പല തവണ ആവര്‍ത്തിച്ചിട്ടുള്ള കാര്യമാണ്. ഇതേ അഭിപ്രായം തന്നെയാണ് ഇപ്പോള്‍ എബിഡിയും സ്വന്തം ചാനലിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.
ഏതെങ്കിലുമൊരു താരമാണ് ലോകകപ്പ് ഉയര്‍ത്തിയത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്ന കാര്യങ്ങള്‍ താന്‍ അംഗീകരിക്കുന്നില്ലെന്നു എബിഡി വ്യക്തമാക്കി. ക്രിക്കറ്റെന്നത് ഒരു ടീം ഗെയിമാണ്. ഏതെങ്കിലുമൊരു താരമല്ല ലോകകപ്പ് ഉയര്‍ത്തുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഞാന്‍ പലപ്പോഴും കാണുന്ന കാര്യമാണിത്. എംഎസ് ധോണിയല്ല ലോകകപ്പ് നേടിയത്, ഇന്ത്യയാണ് ലോകകപ്പ് നേടിയത്. ഇക്കാര്യം മനസ്സില്‍ വയ്ക്കണം, മറക്കാന്‍ പാടില്ല. 2019ല്‍ ലോര്‍ഡ്‌സില്‍ വച്ച് കഴിഞ്ഞ ലോകകപ്പില്‍ കിരീടമുയര്‍ത്തിയത് ബെന്‍ സ്റ്റോക്‌സല്ല, ഇംഗ്ലണ്ട് ടീമാണെന്നും എബിഡി വ്യക്തമാക്കി.
ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ വിജയിക്കുന്നതിനു പിന്നില്‍ ടീമിന്റെ മാത്രല്ല അണിയറയില്‍ ഒരുപാട് പേരുടെ പരിശ്രമമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപാട് കാര്യങ്ങള്‍ ചേര്‍ന്നതാണ് ലോകകപ്പ്. കോച്ചിങ് സ്റ്റാഫുമാര്‍, സെലക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, ഡയറക്ടര്‍മാര്‍, കളിക്കാര്‍, പകരക്കാര്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണെന്നും എബിഡി നിരീക്ഷിച്ചു.

അതേസമയം, വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ ഫേവറിറ്റുകള്‍ ആതിഥേയരായ ഇന്ത്യ തന്നെയാണെന്നു എബിഡി നേരത്തേ മറ്റൊരു വീഡിയോയില്‍ പ്രവചിച്ചിരുന്നു. തീര്‍ച്ചയായും ഇന്ത്യ തന്നെയായിരിക്കും ലോകകപ്പ് ഉയര്‍ത്തുകയെന്നു ഞാന്‍ കരുതുന്നു. ഇത്തവണ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിടുമെന്നാണ് മനസ്സ് പറയുന്നത്.
വളരെ മനോഹരമായ ഒരു ലോകകപ്പായിരിക്കും ഇത്തവണത്തേത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകളാണ് കിരീട സാധ്യതയില്‍ മുന്നിലുള്ളത്. അതിനു ശേഷം നാലാമത്തെ ടീമായി സൗത്താഫ്രിക്കയെയും ഞാന്‍ തിരഞ്ഞെടുക്കും. പാകിസ്താനും ലോകകപ്പില്‍ വളരെയധികം സാധ്യതയുള്ള ടീമാണെങ്കിലും നാലാമതായി സൗത്താഫ്രക്കയെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നും എബിഡി പറഞ്ഞിരുന്നു.
അതേസമയം, അടുത്ത മാസം അഞ്ചിനാണ് ലോകകപ്പിനു ഇന്ത്യയില്‍ തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് കന്നിയങ്കം. 2019ലെ കഴിഞ്ഞ ക്ലാസിക്ക് ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. ഇന്ത്യയുടെ ആദ്യ മല്‍സരം എട്ടിനു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്.