മുംബൈ: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിയുമെന്നാണ് പുറത്തുവരുന്ന വിവരം. രവി ശാസ്ത്രിക്ക് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ദ്രാവിഡ് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയതെങ്കിലും ഇപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയെ മികച്ച പ്രകടനത്തിലേക്കെത്താന്‍ ദ്രാവിഡിന് സാധിക്കുന്നുണ്ട്. ആദ്യ അഞ്ച് മത്സരവും ജയിച്ച ഏക ടീം ഇന്ത്യയാണെന്നതാണ് എടുത്തു പറയേണ്ടത്.
എന്നാല്‍ ലോകകപ്പ് ഇന്ത്യ നേടിയാലും ഇല്ലെങ്കിലും ദ്രാവിഡ് പടിയിറങ്ങാനൊരുങ്ങുകയാണെന്നാണ് വിവരം. നേരത്തെ തന്നെ ഇത് സംബന്ധിച്ച സൂചനയും നല്‍കിക്കഴിഞ്ഞു. ഇന്ത്യ വിദേശ പരിശീലകനെ എത്തിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇന്ത്യക്കാരനായ താരത്തെത്തന്നെ പരിശീലകസ്ഥാനത്ത് പ്രതീക്ഷിക്കാം. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം വിവിഎസ് ലക്ഷ്മണനാണ് ഇന്ത്യയുടെ അടുത്ത പരിശീലകനാവാന്‍ മുന്‍നിരയിലുള്ളത്.
എന്നാല്‍ അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ലക്ഷ്മണെ ഇന്ത്യ മുഖ്യ പരിശീലകനാക്കുന്നത് മണ്ടന്‍ തീരുമാനമായിരിക്കും. ഇന്ത്യക്ക് വേണ്ടത് ടി20യില്‍ അനുഭവസമ്പത്തുള്ള പരിശീലകനെയാണ്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും മികച്ചവരെന്ന് പറയാന്‍ സാധിക്കുന്നവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. നിലവിലെ സാഹചര്യത്തില്‍ ആശിഷ് നെഹ്‌റയാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായാ പരിശീലകന്‍.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ് നെഹ്‌റ. ഇന്ത്യയുടെ അടുത്ത നായകനായി എത്താന്‍ സാധ്യതയുള്ള താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ഹാര്‍ദിക് ഗുജറാത്തിന്റെ ക്യാപ്റ്റനാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കും നെഹ്‌റയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഇത് ടീമിനും ഗുണം ചെയ്‌തേക്കും. ഇന്ത്യയുടെ അടുത്ത ഇതിഹാസമായ ശുബ്മാന്‍ ഗില്ലും നെഹ്‌റക്ക് കീഴിലാണ് നിലവില്‍ ഐപിഎല്‍ കളിക്കുന്നത്.

ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനും മികച്ച താരങ്ങളെ കണ്ടെത്താനും യുവതാരങ്ങളെ വളര്‍ത്താനുമെല്ലാം കഴിവുള്ള പരിശീലകനാണ് നെഹ്‌റ. ഐപിഎല്‍ വിട്ട് നെഹ്‌റ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുന്‍ ഇടം കൈയന്‍ പേസറായ നെഹ്‌റയാണ് ഇന്ത്യക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച പരിശീലകനെന്ന് നിസംശയം പറയാം.
വീരേന്ദര്‍ സെവാഗാണ് മറ്റൊരാള്‍. ഏറെ നാളുകളായി ഇന്ത്യയുടെ പരിശീലകസ്ഥാനം മോഹിക്കുന്ന ആളുകളിലൊരാളാണ് സെവാഗ്. ഇക്കാര്യം പലവട്ടം സെവാഗ് പറഞ്ഞിട്ടുമുണ്ട്. പരിശീലക റോളില്‍ വലിയ അനുഭവസമ്പത്ത് സെവാഗിനില്ലെങ്കിലും ഇന്ത്യയുടെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ഓപ്പണറാണ് സെവാഗ്. നേരത്തെ പഞ്ചാബ് കിങ്‌സിനെ സെവാഗ് പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ താരമായിരുന്ന സെവാഗിനെയും അടുത്ത പരിശീലകനായി പരിഗണിക്കാവുന്നതാണ്.
മുഹമ്മദ് കൈഫാണ് മറ്റൊരാള്‍. ഐപിഎല്ലില്‍ സഹ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള കൈഫ് ക്രിക്കറ്റിനെക്കുറിച്ച് വലിയ കാഴ്ചപ്പാടുള്ള താരമാണ്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചൂടിച്ച നായകനായും ഇന്ത്യക്ക് ലോര്‍ഡ്‌സില്‍ ചരിത്ര വിജയം നേടിക്കൊടുത്ത ബാറ്റ്‌സ്മാനായും പറക്കും ഫീല്‍ഡറായുമെല്ലാം കൈയടി നേടിയ കൈഫിനെ ഇന്ത്യക്ക് പരിശീലകസ്ഥാനത്തേക്ക് എത്തിക്കാവുന്നതാണ്. നിലവില്‍ കമന്റേ്റ്ററായും അവതാരകനായുമെല്ലാം സജീവമാണ്.
യുവരാജ് സിങ്ങിനേയും സഹീര്‍ ഖാനേയും ഇന്ത്യക്ക് പരിഗണിക്കാം. യുവരാജ് സിങ്ങും ഇന്ത്യയുടെ പരിശീലകനാവാനുള്ള താല്‍പര്യം നേരത്തെ അറിയിച്ചതാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് വലിയ സംഭാവന ചെയ്തിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പരിഗണിക്കാവുന്ന പരിശീലകനാണ് യുവി. സഹീര്‍ ഖാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഏറെ നാള്‍ പ്രവര്‍ത്തിക്കുന്നു. ടീം വിട്ട് സഹീര്‍ ഖാന്‍ വരാന്‍ സാധ്യത കുറവാണ്.
ഗൗതം ഗംഭീര്‍ മികച്ച പരിശീലകനാണെങ്കിലും ഇന്ത്യന്‍ താരങ്ങളുമായി ഒത്തുപോകാന്‍ സാധ്യത കുറവാണ്. വിരാട് കോലിയും ഗംഭീറും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഗംഭീറിനെ ഇന്ത്യ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല.