World Cup 2023: ഇന്ത്യയുടെ തുറുപ്പുചീട്ട് ആര്? കോലിയും സൂര്യയുമല്ല! 3 പേരെ തിരഞ്ഞെടുത്ത് ഹര്‍ഭജന്‍
മുംബൈ: ഇടവേളക്കു ശേഷം വീണ്ടുമൊരു ക്രിക്കറ്റ് ലോകകപ്പ് എത്തുകയാണ്. ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന് ഒക്ടോബര്‍ 5നാണ് കൊടിയേറുന്നത്. 2011ല്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ എംഎസ് ധോണിക്ക് കീഴില്‍ കപ്പുയര്‍ത്തിനിന്ന ഇന്ത്യന്‍ ടീമിന്റെ ചിത്രം ഇന്നും ആരാധക മനസിലുണ്ട്. 2023ല്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഈ നേട്ടം ആവര്‍ത്തിക്കപ്പെടുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയാണ് ഫേവറേറ്റുകള്‍.
പക്ഷെ പരിക്ക് വലക്കുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ തകര്‍പ്പന്‍ താരനിര ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ വലിയ കിരീട പ്രതീക്ഷയിലാണ് ഇന്ത്യ. ഇപ്പോഴിതാ ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാവുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. വിരാട് കോലിയെ ഹര്‍ഭജന്‍ തഴഞ്ഞു.
രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളായി ഹര്‍ഭജന്‍ തിരഞ്ഞെടുത്തത്. 'ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ പ്രധാനമായും ഓപ്പണര്‍മാരെക്കുറിച്ച് പറയണം. രോഹിത് ശര്‍മയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാവും. ശുബ്മാന്‍ ഗില്ലും ടീമിന്റെ ഭാഗമായുണ്ടാവുമെന്നാണ് കരുതുന്നത്. അവനെ കളിപ്പിക്കാതിരുന്നാല്‍ അത് ദൗര്‍ഭാഗ്യകരമായ കാര്യമായിരിക്കും. ശുബ്മാന്‍ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ സാഹചര്യത്തില്‍ മികവുകാട്ടാന്‍ അവന് സാധിക്കും. ബൗളിങ്ങില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം മുതല്‍ക്കൂട്ടാവും. ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്. 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റുകളാണ് വീഴ്ത്തിയത്.'- ഹര്‍ഭജന്‍ പറഞ്ഞു. ഇത്തവണ സിഎസ്‌കെയെ ഐപിഎല്‍ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ജഡേജയാണ്. അദ്ദേഹത്തിന്റെ സൂപ്പര്‍ ഫിനിഷിങ്ങിലാണ് ധോണിയും സംഘവും കിരീടം നേടിയത്.

രോഹിത് ശര്‍മക്ക് ഇന്ത്യന്‍ പിച്ചില്‍ ഗംഭീര റെക്കോഡുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ നേടി അത്യുജ്ജ്വല പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിനായിരുന്നു. എന്നാല്‍ സമീപകാലത്തെ ഫോം വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല. ഫിറ്റ്‌നസും രോഹിത്തിനെ വലക്കുന്നു. അമിത വണ്ണം രോഹിത്തിനെ പ്രയാസപ്പെടുത്തുന്നുണ്ട്. ഓപ്പണറെന്ന നിലയിലെ രോഹിത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.
പക്ഷെ സമീപകാലത്തെ രോഹിത്തിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതായുണ്ട്. എന്നാല്‍ ശുബ്മാന്‍ ഗില്‍ ഇത്തവണ കസറാനാണ് സാധ്യത. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ അദ്ദേഹം സ്ഥിരതയോടെ കളിക്കുന്നു. അഹമ്മദാബാദിലെ പിച്ചില്‍ ഗില്ലിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് കരുത്താവും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ ഗില്‍ അഹമ്മദാബാദില്‍ മികച്ച റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
രവീന്ദ്ര ജഡേജയുടെ ഫിനിഷിങ് മികവും ഇടം കൈയന്‍ സ്പിന്നും അനുഭവസമ്പത്തും ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ വിരാട് കോലിയുടെ പ്രകടനത്തെ ഇന്ത്യക്ക് തള്ളിക്കളയാനാവില്ല. ഇത്തവണ ഇന്ത്യ കിരീടം നേടാന്‍ കോലി മികവുകാട്ടേണ്ടത് അത്യാവശ്യമാണ്. 2011ലെ ലോകകപ്പില്‍ യുവരാജ് സിങ് ചെയ്തതുപോലെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കോലിക്ക് സാധിക്കേണ്ടതായുണ്ട്.
തട്ടകത്തില്‍ ആരെയും മോഹിപ്പിക്കുന്ന റെക്കോഡ് കോലിക്കുണ്ട്. ഈ മികവ് ലോകകപ്പിലും ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും നിര്‍ണ്ണായകം. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക് അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കുമെത്തിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റാന്‍ കഴിവുണ്ട്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഹര്‍ദിക്കിന് ലഭിക്കാനാണ് സാധ്യത.
പേസ് നിരയുടെ പ്രകടനവും നിര്‍ണ്ണായകം. ജസ്പ്രീത് ബുംറ തിരിച്ചെത്തിയാല്‍ അദ്ദേഹം കുന്തമുനയാവും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും പേസ് നിരയിലേക്കെത്തിയാല്‍ ഇന്ത്യയുടെ പേസ് ബൗളിങ് ശക്തമാവും. വലിയ വെല്ലുവിളികള്‍ ഇന്ത്യക്ക് മുന്നിലുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications