World Cup 2023: കോലിയും ഷമിയുമല്ല, ടൂര്‍ണമെന്റിലെ താരം അവന്‍! തിരഞ്ഞെടുത്ത് ഹെയ്ഡന്‍
മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശം അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. 19ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ആതിഥേയരായ ഇന്ത്യ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഫൈനലിലെത്തിയത്. സെമിയില്‍ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനല്‍ ടിക്കറ്റെടുത്തത്. ഫൈനലില്‍ ആര് ജയിക്കുമെന്നതും കപ്പടിക്കുമെന്നതും കാത്തിരുന്ന് തന്നെ കാണണം.
സാധ്യതകളും സാഹചര്യവും ഇന്ത്യക്ക് അനുകൂലമാണ്. എന്നാല്‍ കപ്പിലേക്ക് എത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടുതന്നെ അറിയണം. ഇത്തവണത്തെ ലോകകപ്പിലെ താരമാരായിരിക്കുമെന്ന ചോദ്യം പ്രസക്തമാണ്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ യുവരാജ് സിങ്ങാണ് ടൂര്‍ണമെന്റിലെ താരമായത്. എന്നാല്‍ ഇത്തവണ ആരാവും താരം. റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുള്ള മുഹമ്മദ് ഷമിയും തമ്മിലാണ് പ്രധാന പോരാട്ടം.
എന്നാല്‍ ഇത്തവണത്തെ ടൂര്‍ണമെന്റിലെ താരം ഇവരാരുമല്ലെന്നും അതിന് അര്‍ഹന്‍ രോഹിത് ശര്‍മയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും കമന്റേറ്ററുമായ മാത്യു ഹെയ്ഡന്‍. അതിന്റെ കാരണവും ഹെയ്ഡന്‍ വിശദീകരിക്കുന്നു. 'ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നവനാണ് രോഹിത് ശര്‍മ. എന്നെ സംബന്ധിച്ച് അവനാണ് ടൂര്‍ണമെന്റിലെ താരം. കോലിയുടെ അത്ര റണ്‍സ് അവന്‍ നേടിയിട്ടില്ല. എന്നാല്‍ അതിലും വലിയ ഇംപാക്ട് സൃഷ്ടിച്ചു'- ഹെയ്ഡന്‍ പറഞ്ഞു.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ നല്‍കുന്ന തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയുടെ കുതിപ്പിന്റെ അടിസ്ഥാനം. ആദ്യ പന്ത് മുതല്‍ രോഹിത് കടന്നാക്രമിക്കുമ്പോള്‍ എതിര്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാവുന്നു. പവര്‍പ്ലേ മുതലാക്കി രോഹിത് നല്‍കുന്ന അടിത്തറയിലൂന്നിയാണ് പിന്നാലെയെത്തുന്നവര്‍ തിളങ്ങുന്നത്. രോഹിത് തുടക്കത്തിലേ മടങ്ങിയാല്‍ ഇന്ത്യ പതറാന്‍ സാധ്യത കൂടുതലാണ്. ഫൈനലില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് നന്നായി തുടങ്ങേണ്ടത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവും.

ഇത്തവണ വിരാട് കോലി തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. എട്ട് തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടാന്‍ കോലിക്കായി. 711 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഫൈനലിലൂടെ ഇത് 800 കടത്താന്‍ കോലിക്കാവുമെന്ന് പ്രതീക്ഷിക്കാം. ഇത്തവണത്തെ ലോകകപ്പിലൂടെ ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായും കോലി മാറി. ആദ്യത്തെ നാല് മത്സരവും കളിക്കാതിരുന്ന മുഹമ്മദ് ഷമിയെ പിന്നീടുള്ള ആറ് മത്സരത്തിലും ഇന്ത്യ കളിപ്പിച്ചു. 23 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.
ഇതില്‍ ന്യൂസീലന്‍ഡിനെതിരേ രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഷമിക്കായി. നിര്‍ണ്ണായക പ്രകടനങ്ങളിലൂടെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഷമിക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ഇന്ത്യയുടെ മാച്ച് വിന്നര്‍മാരിലെ മുന്‍ നിരക്കാരനാണ് ഷമിയെന്ന് പറയാം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 10 മത്സരത്തില്‍ നിന്ന് 550 റണ്‍സാണ് നേടിയത്. അതും 55 ശരാശരിയില്‍. 124ന് മുകളിലാണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ആറ് തവണയാണ് 40നും 80നുമിടയില്‍ രോഹിത് പുറത്തായത്.
വ്യക്തിഗത നേട്ടങ്ങള്‍ മറന്ന് ടീമിനുവേണ്ടിയാണ് രോഹിത് കസറുന്നത്. ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ലോകകപ്പില്‍ 10 തുടര്‍ജയങ്ങള്‍ നേടിക്കൊടുത്ത ആദ്യ നായകനാണ് രോഹിത്. ഇത്തവണ രോഹിത്തിന് കീഴില്‍ മൂന്നാം ഏകദിന ലോകകപ്പ് കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഭാഗ്യം തുണക്കുന്ന നായകനാണ് രോഹിത്. അതുകൊണ്ടുതന്നെ ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യ വിശ്വകിരീടം ചൂടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications