മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് ഓസ്‌ട്രേലിയക്കെതിരേ നടക്കാന്‍ പോവുകയാണ്. താരസമ്പന്നമായ ഇന്ത്യന്‍ ടീം ഇത്തവണ വലിയ കിരീട പ്രതീക്ഷയിലാണ്. അവസാന രണ്ട് ഏകദിന ലോകകപ്പും നേടിയത് ആതിഥേയ ടീമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യയും കിരീടത്തിലേക്കെത്താന്‍ സാധ്യതയുണ്ട്. ടീമിന്റെ സമീപകാലത്തെ പ്രകടനവും താരങ്ങളുടെ ഫോമും വിലയിരുത്തുമ്പോള്‍ ഇന്ത്യ കപ്പിലേക്കെത്താനുള്ള സാധ്യതയാണ് കൂടുതല്‍.
മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കാന്‍ നിര്‍ണ്ണായക പങ്കുവഹിക്കുക ആരെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യന്‍ നിരയിലുണ്ട്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ യുവരാജ് സിങ്ങാണ് ഓള്‍റൗണ്ട് പ്രകടനത്തോടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്.
ഇത്തവണ ഈ സ്ഥാനത്ത് ആരെന്നതാണ് ചോദ്യം?. ഇപ്പോഴിതാ ഇത്തവണത്തെ ഇന്ത്യയുടെ മാച്ച് വിന്നറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അത് രോഹിത്തോ കോലിയോ അല്ലെന്നും ഹാര്‍ദിക് പാണ്ഡ്യയാണെന്നുമാണ് കൈഫ് പറയുന്നത്. 'നെറ്റ്‌സിലേക്കെത്തുമ്പോള്‍ തന്നെ വ്യക്തമായ പദ്ധതി ഹാര്‍ദിക് പാണ്ഡ്യക്കുണ്ട്. എവിടെയാണ് പദ്ധതി മെനയേണ്ടതെന്ന് അവന് കൃത്യമായി അറിയാം. അവന്റെ പരിശീലനം കാണുമ്പോള്‍ തന്നെ അവസാന 10 ഓവറിലേക്കുള്ള പദ്ധതികള്‍ വ്യക്തം.
സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കാന്‍ അവന് സാധിക്കുന്നു. വി ഷെയ്പ്പില്‍ ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നുണ്ട്. ഐപിഎല്ലില്‍ 3, 4, 5 നമ്പറിലൊക്കെ അവന്‍ മികച്ച പ്രകടനം നടത്തുന്നത് കണ്ടിട്ടുണ്ട്. ഇന്ത്യക്കായി ആറാം നമ്പറില്‍ ഇതേ മികവ് കാട്ടാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നു. 2011ലെ ലോകകപ്പില്‍ യുവരാജ് ചെയ്തത് ഇത്തവണ ആവര്‍ത്തിക്കാന്‍ ഹാര്‍ദിക്കിനാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും അവന്‍ മാച്ച് വിന്നറാണ്'-കൈഫ് പറഞ്ഞു.

ഇന്ത്യയുടെ ഫിനിഷര്‍ റോളാണ് ഹാര്‍ദിക്കിനുള്ളത്. അവസാന 10 ഓവര്‍ ബാറ്റുചെയ്ത് ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കുകയെന്ന വലിയ ലക്ഷ്യം ഹാര്‍ദിക്കിന്റെ ചുമലിലാണുള്ളത്. 10 ഓവര്‍ പന്തെറിയാന്‍ കഴിവുള്ള ബൗളറായിക്കൂടിയാണ് ഹാര്‍ദിക്കിനെ ഇന്ത്യ പരിഗണിക്കുന്നത്. ഹാര്‍ദിക് പ്ലേയിങ് 11ലുള്ളതിനാല്‍ ഇന്ത്യ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നീ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് ടീമിലേക്ക് പരിഗണിക്കുന്നത്.
ഇന്ത്യയുടെ നട്ടെല്ലാണ് ഹാര്‍ദിക്കെന്ന് നിസംശയം പറയാം. ബാറ്റുകൊണ്ടും പന്തുകൊണ്ടും കസറുന്ന ഹാര്‍ദിക്കിന്റെ പ്രകടനം ഇത്തവണത്തെ ലോകകപ്പില്‍ നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം. നിലവില്‍ ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കം നല്‍കുന്നു. വിരാട് കോലിയും ഗംഭീര പ്രകടനം കാഴ്ചവെക്കുമ്പോള്‍ മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരും തല്ലിത്തകര്‍ക്കുന്നു.
സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഫിനിഷിങ്ങും ഇന്ത്യക്ക് കരുത്തുപകരുന്ന കാര്യമാണ്. ഇവരുടെയെല്ലാം നിലവിലെ ഫോം ലോകകപ്പിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് കപ്പുറപ്പാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് ബൗളിങ്ങിലും തിളങ്ങുമ്പോള്‍ കുല്‍ദീപ് യാദവാണ് സ്പിന്‍ നിരയിലെ വജ്രായുധം. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും പ്രതീക്ഷ നല്‍കി ഒപ്പമുണ്ട്. ഒന്നാം നമ്പര്‍ ഏകദിന ടീമായാണ് ഇന്ത്യ ലോകകപ്പിലേക്കെത്തുന്നത്.
2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോടാണ് ഇന്ത്യ തോറ്റത്. ഇത്തവണ 2019നെക്കാളും മികച്ച താരനിരയാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താനുള്ള കരുത്ത് ടീമിനുണ്ട്. 2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യ വിശ്വകിരീടം ചൂടിയിരുന്നു. അന്ന് ധോണി നേടിക്കൊടുത്തത് ഇത്തവണ നേടിക്കൊടുക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നത് കണ്ടറിയാം. ഇത്തവണ ഒട്ടുമിക്ക കാര്യങ്ങളും ഇന്ത്യക്ക് അനുകൂലമാണെന്നതിനാല്‍ പ്രതീക്ഷകള്‍ വാനോളം.