World Cup 2023: കോലിയും ഗില്ലുമല്ല, ഇത്തവണ അവനാവും കസറുക! തിരഞ്ഞെടുത്ത് ലബ്യുഷെയ്ന്‍
മുംബൈ: ഏകദിന ലോകകപ്പിന്റെ തീപാറും പോരാട്ടങ്ങളിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ മണ്ണിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തുകയാണ്. അവസാന രണ്ട് ലോകകപ്പ് കിരീടവും നേടിയത് ആതിഥേയരാണ്. കൂടാതെ ഒന്നാം നമ്പര്‍ ഏകദിന ടീം കിരീടത്തിലേക്കെത്തിയതായും കാണാനാവും. അതുകൊണ്ടുതന്നെ ഇന്ത്യയെ ഫേവറേറ്റുകളെന്ന് നിസംശയം പറയാം.
ഇന്ത്യയിലെ പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ഇത്തവണത്തെ ലോകകപ്പിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. വിരാട് കോലി, ശുബ്മാന്‍ ഗില്‍, ഡേവിഡ് വാര്‍ണര്‍ തുടങ്ങി പല താരങ്ങളും ഇത്തവണത്തെ ലോകകപ്പില്‍ കസറാനായി കാത്തിരിക്കുന്നു. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുക രോഹിത് ശര്‍മയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്ന്‍.
ആദ്യം ഓസീസിന്റെ ലോകകപ്പ് ടീമില്‍ ഇടമില്ലാതിരുന്ന ലബ്യുഷെയ്‌നെ പിന്നീട് ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. ഫോക്‌സ് സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് രോഹിത്താവും ലോകകപ്പിലെ താരമാവുകയെന്ന് ലബ്യുഷെയ്ന്‍ അഭിപ്രായപ്പെട്ടത്. 'സാഹസികതയില്ലാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ വളരെ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് രോഹിത്'-ലബ്യുഷെയ്ന്‍ പറഞ്ഞു.
ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മക്ക് ഓപ്പണറെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡാണുള്ളത്. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ താരമാണ് രോഹിത്. ഇത്തവണയും രോഹിത്തില്‍ നിന്ന് വലിയ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏഷ്യാ കപ്പില്‍ തിളങ്ങിയ രോഹിത് ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പവര്‍പ്ലേയ്ക്കുള്ളില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ള രോഹിത് ഇതേ ശൈലിയില്‍ ലോകകപ്പിലും മുന്നോട്ട് പോയാല്‍ ഇന്ത്യക്കത് വലിയ കരുത്താവും. അവസാന ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിലെ പിച്ചില്‍ നിറഞ്ഞാടിയ രോഹിത്തിന് ഇന്ത്യന്‍ പിച്ചില്‍ അതി ഗംഭീര റെക്കോഡുണ്ട്. അതുകൊണ്ടുതന്നെ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിക്കുന്നു.
ശുബ്മാന്‍ ഗില്ലിനൊപ്പം മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും രോഹിത്തിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ ടോപ് ഓഡറിന്റെ പ്രകടനം ഇത്തവണ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. ഏകദിന പരമ്പരക്ക് ശേഷം രോഹിത് ശര്‍മയുമായി സംസാരിച്ചതിനെക്കുറിച്ചും ലബ്യുഷെയ്ന്‍ പറഞ്ഞു. 'രോഹിത്തിനോടൊപ്പം നടന്നുപോകവെ ഞാന്‍ പറഞ്ഞു നിങ്ങള്‍ ചെയ്യുന്നതെല്ലാം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളില്‍ നിന്ന് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ രോഹിത് പറഞ്ഞത് ഇന്ത്യയില്‍ നിങ്ങള്‍ സന്ദര്‍ശക ടീമാണ്.
അതുകൊണ്ടുതന്നെ ഓരോ മത്സരത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനും വളരാനും ശ്രമിക്കണമെന്നാണ്്'- ലബ്യുഷെയ്ന്‍ പറഞ്ഞു. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. ഓസീസിനെതിരായ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര നേടിയെങ്കിലും മുഴുവന്‍ താരങ്ങളുമായെത്തിയ ഓസ്‌ട്രേലിയ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു. റണ്‍സ് പിന്തുടര്‍ന്നാണ് ഇന്ത്യ തോറ്റത്. രോഹിത്തും കോലിയും ഫിഫ്റ്റി നേടിയെങ്കിലും ജയിപ്പിക്കാനായില്ല.
രോഹിത് ശര്‍മയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. കപ്പിലേക്ക് ഇന്ത്യയെ എത്തിക്കാനായില്ലെങ്കില്‍ രോഹിത്തിന് ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും നഷ്ടമായേക്കും. ആതിഥേയരെന്ന നിലയിലും ഫോം പരിഗണിക്കുമ്പോഴും ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്താനാവാതെ പോയാല്‍ ഇന്ത്യയെ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications