മുംബൈ: നാല് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഏകദിന ലോകകപ്പ് എത്തുകയാണ്. 2011ന് ശേഷം ഇന്ത്യയിലേക്ക് വിരുന്നെത്തുന്ന ആദ്യത്തെ ലോകകപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഇടവേളക്ക് ശേഷം വീണ്ടുമൊരു ലോകകപ്പ് കിരീടം ഇന്ത്യ സ്വപ്‌നം കാണുന്നു. 2019ലെ ലോകകപ്പിന്റെ സെമിയില്‍ വീണ ഇന്ത്യക്ക് ഇത്തവണ മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. മികച്ച താരനിരയും തട്ടകത്തിന്റെ ആനുകൂല്യവും ഇന്ത്യക്കുണ്ട്.
2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യയുടെ അക്കൗണ്ടലില്ല. അതുകൊണ്ടുതന്നെ വലിയ പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പിനെ ഇന്ത്യ കാണുന്നത്. ഇതിനോടകം 15 അംഗ ടീമിനെയടക്കം പ്രഖ്യാപിച്ച് മികച്ച മുന്നൊരുക്കം ഇന്ത്യ നടത്തുന്നുണ്ട്. ഏഷ്യാ കപ്പ് കിരീടം ചൂടിയത് ഇന്ത്യയുടെ ലോകകപ്പ് കിരീട പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകും. ഇത്തവണ എടുത്തു പറയാവുന്ന നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്.
എന്നാല്‍ ആരാവും ഇത്തവണത്തെ ഇന്ത്യയുടെ ട്രംപ് കാര്‍ഡ്?. വിരാട് കോലി, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ഇന്ത്യയുടെ ട്രംപ് കാര്‍ഡാവുക സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍. 'ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരിക്കെ കുല്‍ദീപ് യാദവിനെ നേരിട്ടറിയാം. പ്രത്യേക കഴിവുകളുള്ള താരങ്ങളിലൊരാളാണ് കുല്‍ദീപ് യാദവ്.
എല്ലാ താരങ്ങളും ടീം മാനേജ്‌മെന്റില്‍ വിശ്വാസം അര്‍പ്പിക്കണം. കുല്‍ദീപ് അങ്ങനെ ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അവനാണ് ഇത്തവണത്തെ ഇന്ത്യയുടെ ട്രംപ് കാര്‍ഡ്. മിക്ക ടീമുകളും അവനെ നേരിടുന്നത് വലിയ വെല്ലുവിളിയായാണ് കാണുന്നത്. അവന്റെ പ്രകടനം കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണ്'- അഗാര്‍ക്കര്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് കുല്‍ദീപ് കാഴ്ചവെച്ചത്. 9 വിക്കറ്റുമായി ഏഷ്യാ കപ്പിലെ താരമായത് കുല്‍ദീപായിരുന്നു.

സ്പിന്നിന് മുന്‍തൂക്കമുള്ള പിച്ചുകളില്‍ വലിയ അപകടം സൃഷ്ടിക്കാന്‍ കഴിവുള്ള ബൗളറാണ് കുല്‍ദീപ്. ചൈനാമാന്‍ ബൗളറാണ് അദ്ദേഹം. അപൂര്‍വ്വമായി മാത്രം കാണുന്ന ബൗളിങ് ശൈലിയാണിത്. അതുകൊണ്ടുതന്നെ പന്തിന്റെ ദിശ മനസിലാക്കാന്‍ ബാറ്റ്‌സ്മാന് പ്രയാസമാണ്. ഇക്കാരണത്താല്‍ തന്നെ കുല്‍ദീപിനെ നേരിടാന്‍ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും ഭയക്കുന്നു. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തണമെങ്കില്‍ കുല്‍ദീപ് തിളങ്ങേണ്ടതായുണ്ട്.
ഇന്ത്യയുടെ പേസ് നിര തകര്‍പ്പന്‍ ഫോമിലാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവന്ന ജസ്പ്രീത് ബുംറ മികച്ച സ്വിങ്ങുമായി കസറുന്നു. ഏഷ്യാ കപ്പില്‍ ബുംറയുടെ ബൗളിങ് പ്രകടനം എല്ലാവരേയും വിറപ്പിക്കുന്നതായിരുന്നു. മുഹമ്മദ് സിറാജ് ഏഷ്യാ കപ്പ് ഫൈനലില്‍ ആറ് വിക്കറ്റുമായി തിളങ്ങിയിരുന്നു. പന്തിനെ രണ്ട് വശത്തേക്കും സ്വിങ് ചെയ്യിപ്പിക്കാന്‍ കഴിവുള്ള ബൗളറായി സിറാജ് മാറിയിട്ടുണ്ട്. ന്യൂബോളില്‍ സിറാജും ബുംറയും നല്‍കുന്ന മികച്ച തുടക്കം ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനവും ഇത്തവണ നിര്‍ണ്ണായകമാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നീ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് പേരും സമീപകാലത്തായി മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സജീവ പ്രതീക്ഷയിലുമാണ്. പരിക്കിന്റെ ഭീഷണി നേരിട്ടിരുന്ന താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്.
ഇത്തവണ എല്ലാ ടീമിലും മികച്ച താരനിരയുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരെല്ലാം മികച്ച ടീമുമായാണ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കിരീടത്തിലേക്കെത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുറപ്പ്.