ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ഇന്ത്യക്ക് കടുത്ത തിരിച്ചടി നല്‍കിയാണ് ശുബ്മാന്‍ ഗില്ലിന്റെ പനി വാര്‍ത്ത പുറത്തുവന്നത്. ഈ വര്‍ഷം കൂടുതല്‍ റണ്‍സ് നേടിയ ഗില്ലിന്റെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാണെന്ന് നിസംശയം പറയാം. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം മികച്ച റെക്കോഡുള്ള താരമാണ് ഗില്‍. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ഗില്‍ ആദ്യ മത്സരം കളിക്കില്ലെന്ന് ഉറപ്പായതോടെ ആരാവും ഓപ്പണിങ്ങില്‍ പകരക്കാരനെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
നിലവില്‍ ഇടം കൈയന്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ ശുബ്മാന്റെ വിടവ് നികത്തി ഓപ്പണിങ്ങിലേക്കെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ നേരത്തെ തന്നെ രോഹിത്തിനൊപ്പം ഓപ്പണറായി അനുഭവസമ്പത്തുള്ളവനാണ്. മുംബൈ ഇന്ത്യന്‍സിലും ഒന്നിച്ച് ഓപ്പണ്‍ ചെയ്ത അനുഭവസമ്പത്ത് ഇവര്‍ക്കുണ്ട്. നിലവില്‍ മധ്യനിരയിലാണ് ഇഷാന്‍ കളിക്കുന്നത്. ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറെന്ന നിലയില്‍ ഇഷാനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിന് പരിക്കേല്‍ക്കുമ്പോള്‍ പകരക്കാരനായി ഇഷാനെത്താനാണ് സ്വാഭാവികമായും സാധ്യത. എന്നാല്‍ ഇന്ത്യ ഇഷാനെയല്ല കെ എല്‍ രാഹുലിനെയാണ് രോഹിത്തിനൊപ്പം ഓപ്പണറാക്കേണ്ടത്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം രാഹുലിന്റെ അനുഭവസമ്പത്താണ്. കരുത്തരായ ഓസീസിനെതിരേ നന്നായി തുടങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇഷാന്‍ കിഷന്‍ മികച്ച താരമാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഇഷാനെക്കാള്‍ പക്വതയോടെ കളിക്കുന്ന ഓപ്പണറെയാണ് ഓസീസിനെതിരേ വേണ്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് പേസ് നിര ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. അവരെ നേരിട്ട് മികച്ച തുടക്കം നല്‍കാന്‍ ഇഷാനെക്കാളും നല്ലത് സീനിയര്‍ താരമായ രാഹുലാണ്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ട ചുമതല നായകന്‍ രോഹിത് ശര്‍മ ഏറ്റെടുക്കുമെന്നുറപ്പ്. അങ്ങനെ വരുമ്പോള്‍ ആംഗര്‍ റോളില്‍ കളി മുന്നോട്ട് കൊണ്ടുപോകാന്‍ രാഹുലാണ് ബെസ്റ്റ്. രോഹിത്തുമായി മികച്ച കൂട്ടുകെട്ടുള്ള ഓപ്പണറാണ് രാഹുല്‍. 2019ലെ ഏകദിന ലോകകപ്പില്‍ രാഹുല്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായിരുന്നു. ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഓപ്പണറായെത്തിയ രാഹുല്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.
ഓപ്പണറായി 23 ഏകദിന ഇന്നിങ്‌സ് കളിച്ച രാഹുല്‍ 3 സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 915 റണ്‍സാണ് നേടിയത്. 43.57 ശരാശരിയും അദ്ദേഹത്തിനുണ്ട്. ഇഷാന്‍ 7 ഏകദിനത്തില്‍ ഓപ്പണറായപ്പോള്‍ 74.67 ശരാശരിയില്‍ 448 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. മികച്ച കണക്ക് ഇഷാന് അവകാശപ്പെടാനാവുമെങ്കിലും ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ഇഷാനെക്കാള്‍ മുന്‍തൂക്കം അനുഭവസമ്പന്നനായ രാഹുലിന് നല്‍കാം.
ഇന്ത്യന്‍ നിരയിലെ ഏക ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനാണ്. ഇഷാനെ ഓപ്പണറാക്കുകയും താരം പെട്ടെന്ന് പുറത്താവുകയും ചെയ്താല്‍ മറ്റൊരു ഇടം കൈയനെത്താന്‍ ഏഴാം നമ്പര്‍ വരെ കാത്തിരിക്കണം. രവീന്ദ്ര ജഡേജയുടെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ മോശമായതിനാല്‍ വിശ്വസിക്കാനാവില്ല. മധ്യനിരയില്‍ മികച്ചൊരു ഇടം കൈയന്‍ വേണ്ടത് പ്ലേയിങ് 11ന്റെ സംതുലിതാവസ്ഥക്ക് അത്യാവശ്യമാണ്.
ഈ സാഹചര്യത്തില്‍ ഇഷാനെ മധ്യനിരയില്‍ തുടരാന്‍ അനുവദിച്ച് രാഹുലിനെ ഓപ്പണറാക്കുന്നതാണ് നല്ലത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരേയും കളിപ്പിച്ചാല്‍ ശക്തമായ പ്ലേയിങ് 11നെത്തന്നെ കളത്തിലിറക്കാന്‍ ഇന്ത്യക്ക് സാധിക്കും. എന്തായാലും അന്തിമ തീരുമാനം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാവും എടുക്കുക. ഇഷാനാണോ രാഹുലാണോ രോഹിത്തിന്റെ പങ്കാളിയെന്നത് കണ്ടറിയണം.