കറാച്ചി: ഏകദിന ലോകകപ്പിലെ പോരാട്ടങ്ങള്‍ സെമിയോടടുക്കുകയാണ്. ഇത്തവണ കരുത്തുറ്റ പോരാട്ടങ്ങള്‍ കണ്ടപ്പോള്‍ സെമിയില്‍ ആര്‍ക്കും തന്നെ സീറ്റുറപ്പിക്കാറായിട്ടില്ല. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാണ് നിലവില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ ടീമുകളും പ്രതീക്ഷയോടെ സെമിക്കായി കാത്തിരിക്കുന്നു. ഇത്തവണത്തെ ടീം കരുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ബെസ്റ്റ് എന്ന് പറയാം.
ഇന്ത്യ കളിച്ച ആറ് മത്സരവും ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ആറില്‍ അഞ്ച് മത്സരവും ജയിച്ചു. നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും മറ്റ് മത്സരങ്ങളിലെല്ലാം വമ്പന്‍ ജയമാണ് നേടിയത്. ആദ്യ രണ്ട് മത്സരം തോറ്റ ഓസ്‌ട്രേലിയ പിന്നീടുള്ള നാല് മത്സരങ്ങളും ജയിച്ച് ഗംഭീരമായി തിരിച്ചും വന്നു. അഫ്ഗാനിസ്ഥാന്‍ പാകിസ്താന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളെ തോല്‍പ്പിച്ച് എല്ലാവരുടേയും പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. അപ്രതീക്ഷിത കുതിപ്പാണ് അഫ്ഗാന്‍ കാഴ്ചവെക്കുന്നത്.
ഇപ്പോഴിതാ ഇത്തവണത്തെ ബെസ്റ്റ് ടീം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമല്ലെന്നും അത് അഫ്ഗാനിസ്ഥാനാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. അതിന്റെ കാരണവും റസാഖ് പറയുന്നു. 'ഇന്ത്യ ആതിഥേയരെന്ന നിലയില്‍ മികവ് കാട്ടുന്നു. ഇന്ത്യയെക്കൂടാതെ ഇത്തവണ ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന ടീം അഫ്ഗാനിസ്ഥാനാണ്. ഓരോ താരങ്ങളും തങ്ങളുടേതായ സംഭാവന നല്‍കുന്നു.
ഒത്തൊരുമയോടെ കളിക്കാന്‍ അഫ്ഗാന് സാധിക്കുന്നു'- റസാഖ് പറഞ്ഞു. ഇത്തവണ കറുത്ത കുതിരകളായി അഫ്ഗാന്‍ മാറിയിട്ടുണ്ടെന്ന് പറയാം. ഇംഗ്ലണ്ടിനെ അഫ്ഗാന്‍ വീഴ്ത്തിയതാണ് എടുത്തു പറയേണ്ടത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കൃത്യമായ പദ്ധതികളിലൂടെയാണ് അഫ്ഗാന്‍ പൂട്ടിയത്. റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവരുടെ പ്രകടനമാണ് അഫ്ഗാന് കരുത്താവുന്നത്. ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ അഫ്ഗാന്‍ മൂന്ന് ജയം നേടുന്നത്.

ഇതിന് മുമ്പുള്ള ലോകകപ്പുകളില്‍ അഫ്ഗാന്റെ ബൗളിങ് പ്രകടനങ്ങള്‍ മികച്ചതായിരുന്നെങ്കിലും ബാറ്റിങ് പ്രകടനമായിരുന്നു നിരാശപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ മികച്ച ബാറ്റിങ് പ്രകടനവും അഫ്ഗാന്‍ കാഴ്ചവെച്ചതോടെയാണ് പല വമ്പന്മാരേയും അട്ടിമറിക്കാന്‍ സാധിച്ചത്. പാകിസ്താനേയും ശ്രീലങ്കയേയും തോല്‍പ്പിച്ചതോടെ അഫ്ഗാന്‍ വമ്പന്മാരുടെ സെമി സാധ്യതകള്‍ക്ക് കൂടിയാണ് തിരിച്ചടി നല്‍കിയത്.
ഇത്തവണ സെമി ഫൈനലിലേക്ക് അഫ്ഗാനെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അഫ്ഗാന്‍. ശേഷിക്കുന്ന മൂന്ന് മത്സരത്തിലും അട്ടിമറി ജയം നേടാന്‍ അഫ്ഗാന് സാധിച്ചാല്‍ ചരിത്രത്തിലാദ്യമായി സെമി കളിക്കാനും അഫ്ഗാനാവും. സെമി കളിക്കാനാവാതെ പോയാലും ഇത്തവണത്തെ അഫ്ഗാന്റെ കുതിപ്പ് ടീമിന് എന്നെന്നും അഭിമാനിക്കാന്‍ സാധിക്കുന്നതാണ്.
ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, നായകന്‍ ഹഷ്മത്തുല്ല ഷാഹിദി, അസ്മത്തുല്ല ഒമര്‍സായി എന്നിവരെല്ലാം ബാറ്റുകൊണ്ട് മികച്ച പ്രകടനമാണ് നടത്തുന്നത്. നെതര്‍ലന്‍ഡ്‌സും ഇത്തവണ ഞെട്ടിച്ച ടീമാണ്. പല വമ്പന്മാരെയും വിറപ്പിച്ച ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചു. കുഞ്ഞന്‍ ടീമുകളായി വന്ന് ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ അഫ്ഗാനും നെതര്‍ലന്‍ഡ്‌സിനും സാധിച്ചു. ഇതാണ് ഇത്തവണത്തെ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നതും.
അഫ്ഗാന് നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെയാണ് ഇനി നേരിടേണ്ടത്. ഇതില്‍ ഓസ്‌ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും അഫ്ഗാന് തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ അത് വലിയ മാറ്റം സൃഷ്ടിച്ചേക്കും. എന്തായാലും അഫ്ഗാന്റെ കുതിപ്പ് പല വമ്പന്മാര്‍ക്കും വലിയ തലവേദനയായിട്ടുണ്ടെന്ന് നിസംശയം പറയാം.