ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ആതിഥേയരും രണ്ടു തവണ ജേതാക്കളുമായ ഇന്ത്യയെയും അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായിരുന്നു നേരത്തേ പലരും കിരീട ഫേവറിറ്റുകളായി തിരഞ്ഞെടുത്തത്.
പക്ഷെ ഇവരൊന്നുമാവില്ല, തന്റെ ടീമായ പാകിസ്താനാണ് ഇത്തവണ ലോക കിരീടത്തില്‍ മുത്തമിടുകയെന്നാണ് അക്തര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീം പാകിസ്താനാണെന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞത്.

മികച്ചൊരു ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവം പാകിസ്താന്‍ ടീമിനുണ്ടെങ്കിലും അതു കിരീടം നേടുന്നതില്‍ നിന്നും തടസ്സമാവില്ലെന്നു അക്തര്‍ വ്യക്തമാക്കി. പാകിസ്താനു ഒരു ബൗളിങ് ഓള്‍റൗണ്ടറെ ആവശ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായിട്ടായിരിക്കും പാകിസ്താന്‍ ടീം ഇന്ത്യയിലേക്കു പറക്കുന്നത്. ഇന്ത്യയിലെത്തിയാലും കിരീട സാധ്യതയില്‍ പാകിസ്താനെ വെല്ലാന്‍ ഒരു ടീമുണ്ടാവില്ല.
ബൗളിങ് യൂണിറ്റാണ് പാകിസ്താന്റെ ഏറ്റവും വലിയ കരുത്ത്. ബാറ്റിങിലും ടീം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നു അക്തര്‍ വിലയിരുത്തി. ഇപ്പോഴത്തെ പാകിസ്താന്‍ ടീം വളരെ സന്തുലിതമായിട്ടാണ് കാണപ്പെടുന്നത്. അവരുടെ പ്രധാന കരുത്തായ ബൗളിങിനെക്കൂടാതെ ബാറ്റിങിലും ടീം കരുത്താര്‍ജിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
ലോകകപ്പില്‍ മാത്രമല്ല ഇപ്പോള്‍ പുരോഗമിക്കുന്ന ഏഷ്യാ കപ്പിലും പാകിസ്താനാണ് കിരീട ഫേവറിറ്റുകളെന്നു അക്തര്‍ അഭിപ്രായപ്പെട്ടു. ഏഷ്യാ കപ്പിലെയും ഫേവറിറ്റുകളിലൊന്നാണ് പാകിസ്താനെന്നു ഞാന്‍ കരുതുന്നു. ലോകകപ്പിലേക്കു വരികയാണെങ്കില്‍ ഉപഭൂഖണ്ഡത്തിലെ രണ്ടു പ്രധാനപ്പെട്ട ടീമുകള്‍ ഇന്ത്യയും പാകിസ്താനുമാണ്.
ഇന്ത്യന്‍ ടീമിനെ ഇന്ത്യയില്‍ വച്ച് പരാജയപ്പെടുത്തുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതേസമയം, പാകിസ്താന്‍ ടീമിനെ ഇന്ത്യയില്‍ വച്ചു മറികടക്കുകയെന്നത് ഏറ്റവും അസാധ്യമായ കാര്യവുമാണ്. ഇന്ത്യക്കും പാകിസ്താനും വളരെ ശക്തമായ പേസ് നിരയുണ്ടെന്നും അക്തര്‍ വിലയിരുത്തി.
ഇന്ത്യയുടെയും പാകിസ്താന്റെയും പേസ് നിരയെ പ്രശംസിക്കുന്നതിനൊപ്പം ഇരുടീമിന്റെയും സ്പിന്‍ ആക്രമണത്തെയും അക്തര്‍ പുകഴ്ത്തി. പാകിസ്താന്റെ ബാറ്റിങ് യൂനിറ്റ് തുടക്കത്തില്‍ പതറുന്നതായി കാണപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ അവരുടെ ബാറ്റിങ് ലൈനപ്പ് വളരെ കരുത്തുറ്റതായി മാറിയിട്ടുണ്ട്.
സ്‌കോറുകള്‍ ചേസ് ചെയ്തു ജയിക്കാനുള്ള ശേഷി ഇപ്പോള്‍ ബാറ്റിങ് നിരയ്ക്കുള്ളതായി കാണപ്പെടുന്നു. ഏതെങ്കിലും സ്‌കോറുകള്‍ ചേസ് ചെയ്യുമ്പോള്‍ പാക് ടീം ഭയക്കുന്നതായി കാണപ്പെടുന്നില്ല, മാത്രമല്ല വളരെ എളുപ്പത്തില്‍ കീഴടങ്ങാന്‍ മനസ്സില്ലാത്തവരുമാണ്. ഇപ്പോഴത്തെ പാകിസ്താന്‍ ടീം വളരെ ശക്തമാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ബാബര്‍ ആസമിന്റെ ക്യാപ്റ്റന്‍സിയില്‍ ഏഷ്യാ കപ്പില്‍ മിന്നുന്ന പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ പരാജയമറിയാതെ കുതിക്കുന്ന പാക് പട ഫൈനലിനു തൊട്ടരികിലുമെത്തി നില്‍ക്കുകയാണ്. ആദ്യ കളിയില്‍ നേപ്പാളിനെ 238 റണ്‍സിന് മുക്കിയാണ് പാകിസ്താന്‍ തുടങ്ങിയത്.
ചിരവൈരികളായ ഇന്ത്യയുമായുള്ള രണ്ടാമത്തെ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 48.5 ഓവറില്‍ 266 റണ്‍സിനു എറിഞ്ഞിടാന്‍ പാകിസ്താനു കഴിഞ്ഞിരുന്നു. ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും പാക് പേസ് ത്രയം പങ്കിടുകയായിരുന്നു.
ഷഹീന്‍ അഫ്രീഡി നാലു വിക്കറ്റുകളെടുത്തപ്പോള്‍ ഹാരിസ് റൗഫും നസീം ഷായും മൂന്നു വീതം വിക്കറ്റുകളും പങ്കിട്ടു. സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു പാക് പട തുരത്തിയിരുന്നു. ഞായറാഴ്ച ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോര് നടക്കാനിരിക്കുകയാണ്. ഈ കളി ജയിച്ചാല്‍ പാകിസ്താനു ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കാം.