മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നുകഴിഞ്ഞു. ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പിന്റെ പോരാട്ട ആവേശത്തിന് കൊടിയേറുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഫേവറേറ്റുകളാവുമ്പോള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാം ശക്തമായ പോരാട്ടത്തോടെ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരാണ്. ഇത്തവണ എല്ലാ ടീമിനും മികച്ച താരസമ്പത്തുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.
അവസാന രണ്ട് ഏകദിന ലോകകപ്പ് കിരീടം നേടിയതും ആതിഥേയരാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്കാണ് കൂടുതല്‍ കിരീട സാധ്യതയുള്ളത്. ലോകകപ്പ് പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെ ഇത്തവണത്തെ ലോകകപ്പിലെ കറുത്ത കുതിരകള്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ സഹീര്‍ ഖാന്‍. അത് ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരൊന്നുമല്ലെന്നും ദക്ഷിണാഫ്രിക്കയാണെന്നുമാണ് സഹീര്‍ ഖാന്‍ പറയുന്നത്.
'എല്ലാവരും ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ് ടീമുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇത്തവണ ദക്ഷിണാഫ്രിക്ക കറുത്ത കുതിരകളാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളിലേക്ക് വരുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്രം അത്ര മികച്ചതല്ല. ചോക്കേഴ്‌സ് എന്നൊരു പേരും അവര്‍ക്കുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ പരമ്പരയില്‍ അവര്‍ കളിച്ചത് നോക്കുമ്പോള്‍ ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്കന്‍ നിരയിലെ ചില താരങ്ങള്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ കസറാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ മികച്ച മുന്നേറ്റം തന്നെ അവര്‍ നടത്തിയേക്കും'-ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ സഹീര്‍ ഖാന്‍ പറഞ്ഞു. എല്ലാക്കാലത്തും മികച്ച താരങ്ങളാല്‍ സമ്പന്നമാണ് ദക്ഷിണാഫ്രിക്ക. പക്ഷെ നിര്‍ഭാഗ്യം ഏറ്റവും വേട്ടയാടുന്ന ടീമാണ് ദക്ഷിണാഫ്രിക്കയെന്നതാണ് വസ്തുത. ഷോണ്‍ പൊള്ളോക്ക്, ജാക്‌സ് കാലിസ്, ഹെര്‍ഷ്വല്‍ ഗിബ്‌സ്, മഖായ എന്‍ഡിനി, ഗ്രെയിം സ്മിത്ത് എന്നിവരെല്ലാം ഇതിഹാസ താരങ്ങളാണ്.

ഇവരെല്ലാം ഒന്നിച്ച് കളിച്ചിട്ടും കപ്പിലേക്കെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ ടെംബ ബാവുമക്ക് കീഴിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. ഇതും ലോകകപ്പില്‍ അവരെ തുണച്ചേക്കും. ക്വിന്റന്‍ ഡീകോക്ക് ഏറെ നാളുകളായി ഐപിഎല്ലില്‍ കളിക്കുന്ന താരമാണ്.
എയ്ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്നു. ഡേവിഡ് മില്ലറും ഇന്ത്യയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. ഹെന്റിച്ച് ക്ലാസനെ എല്ലാ എതിരാളികളും ഭയക്കുന്നുണ്ട്. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ്ങാണ് ക്ലാസന്‍ കാഴ്ചവെച്ചത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് ക്ലാസനെന്ന് പറയാം.
ബൗളിങ് നിരയിലേക്ക് നോക്കുമ്പോഴും ദക്ഷിണാഫ്രിക്ക കരുത്തരുടെ നിരയാണ്. കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, ലൂങ്കി എന്‍ഗിഡി, തബ്രൈസ് ഷംസി, മാര്‍ക്കോ യാന്‍സന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിര. ഇവരെല്ലാം ഒന്നിനൊന്ന് മെച്ചവും ഇന്ത്യയില്‍ കളിച്ചിട്ടുള്ളവരുമാണ്. അതുകൊണ്ടുതന്നെ എല്ലാ എതിരാളികള്‍ക്കും വലിയ തലവേദന ഉയര്‍ത്താന്‍ ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചേക്കും.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇത്തവണ കരുത്തരുടെ നിരയാണ്. ഓസീസ് നിരയില്‍ ഓള്‍റൗണ്ടര്‍മാര്‍ ഏറെയാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മിന്നിക്കാന്‍ ശേഷിയുള്ള ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്റ്റോയിണിസ്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം ചേരുമ്പോള്‍ ഓസീസ് എല്ലാ എതിരാളികളുടേയും കണ്ണിലെ കരടാവുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവരിലാണ് പ്രധാനമായും പ്രതീക്ഷവെക്കുന്നത്.
ഇവരെല്ലാം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ള താരങ്ങളാണ്. എന്തായാലും ഇത്തവണ കിരീട നേട്ടം ആര്‍ക്കും എളുപ്പമാവില്ലെന്നുറപ്പ്. ശക്തമായ പോരാട്ടം തന്നെ ഇത്തവണത്തെ ലോകകപ്പില്‍ പ്രതീക്ഷിക്കാം.