മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശം സെമിയോടടുക്കുകയാണ്. ഇന്ത്യ ഇതിനോടകം സെമി സീറ്റുറപ്പിച്ചു. ഇനി ആരൊക്കെയാണ് സെമി കളിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ വാശിയേറിയ പോരാട്ടം തന്നെയാണ് സെമി സീറ്റിനായി നടക്കുന്നത്. അഫ്ഗാനിസ്ഥാനടക്കം സെമി സാധ്യതയുണ്ടെന്നതാണ് ആവേശം ഉയര്‍ത്തുന്ന കാര്യം. എന്നാല്‍ ആദ്യത്തെ ഏഴ് മത്സരവും തോല്‍ക്കാത്ത ഏക ടീമായാണ് ഇന്ത്യ സെമിയിലേക്കെത്തിയത്.
ആതിഥേയരെന്ന നിലയില്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ് ഇന്ത്യ മുന്നേറുന്നത്. എന്നാല്‍ ഇന്ത്യക്ക് കപ്പടിക്കാന്‍ സാധിക്കുമോ?. ഇപ്പോഴിതാ ഇന്ത്യയായിരിക്കില്ല ഇത്തവണ കപ്പടിക്കുകയെന്ന് പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഇന്ത്യ ഇതുവരെ തോറ്റിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കയാവും കപ്പടിക്കുകയെന്നാണ് സ്റ്റോക്‌സ് പറയുന്നത്.
ഇത്തവണ ഗംഭീര പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെക്കുന്നത്. നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിതമായി തോറ്റെങ്കിലും മറ്റെല്ലാ മത്സരത്തിലും തകര്‍പ്പന്‍ ജയം ടീം സ്വന്തമാക്കി. പാകിസ്താനോട് ഒരു വിക്കറ്റിന് ജയിച്ച ദക്ഷിണാഫ്രിക്ക മറ്റെല്ലാ മത്സരത്തിലും 100ന് മുകളില്‍ റണ്‍സിനാണ് വിജയിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ നിരയാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം നടക്കാനിരിക്കുകയാണ്. ഇതില്‍ ജയിക്കുന്ന ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
ഇത്തവണത്തെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യയോടൊപ്പം കിരീട സാധ്യതയാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഇതുവരെ ഏകദിന ലോകകപ്പ് കിരീടം ചൂടാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിട്ടില്ല. നിര്‍ഭാഗ്യം വേട്ടയാടുന്ന നിരയാണ് ദക്ഷിണാഫ്രിക്കയുടേതെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. എന്നാല്‍ ഇത്തവണ ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്കുണ്ടെന്ന് പാകിസ്താനെതിരായ മത്സരത്തിലൂടെത്തന്നെ വ്യക്തം. സെമിയില്‍ ദക്ഷിണാഫ്രിക്കയെ ഭാഗ്യം തുണക്കുമോയെന്നതാണ് അറിയേണ്ടത്.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആതിഥേയരാണ് കപ്പുയര്‍ത്തിയത്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് അവസാന രണ്ട് ഏകദിന ലോകകപ്പുകളിലെ ജേതാക്കള്‍. ഈ ചരിത്രം പരിശോധിച്ചാല്‍ ഇത്തവണ ആതിഥേയരായ ഇന്ത്യ കിരീടത്തിലേക്കെത്തേണ്ടതാണ്. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സ്റ്റോക്‌സിന്റെ വിലയിരുത്തല്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരഫലത്തിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നുറപ്പ്.
നിലവിലെ സാധ്യത പ്രകാരം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ സെമി കളിച്ചേക്കും. ഇതില്‍ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ ഒരു സെമി നടക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലാവും രണ്ടാം സെമി നടക്കുക. ഇന്ത്യക്ക് ഇവരിലാരെ എതിരാളികളായി ലഭിച്ചാലും കടുപ്പമാവുമെന്നുറപ്പ്. 2019ല്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ന്യൂസീലന്‍ഡാണ്. ഇത്തവണ കിവീസിനെ ഇന്ത്യക്ക് എതിരാളികളായി ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണ അവസാന സ്ഥാനത്താണ്. ആറ് മത്സരത്തില്‍ അഞ്ചിലും ടീം തോറ്റു. ശക്തമായ താരനിരയുണ്ടായിട്ടും ടീം നിരാശപ്പെടുത്തി. എല്ലാ താരങ്ങളും മോശം ഫോമിലായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ആദ്യ ഏഴ് സ്ഥാനത്ത് എത്താനായില്ലെങ്കില്‍ അടുത്ത ചാമ്പ്യന്‍സ് ട്രോഫി ഇംഗ്ലണ്ടിന് കരക്കിരുന്ന് കാണേണ്ടി വരും. മൂന്ന് മത്സരം ശേഷിക്കെ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കടുപ്പമാണ്. ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തെക്കുറിച്ചും സ്റ്റോക്‌സ് പ്രതികരിച്ചു.
'ഇംഗ്ലണ്ട് സാധിക്കുന്നതെല്ലാം ഇത്തവണത്തെ ലോകകപ്പില്‍ നടത്തിയിട്ടുണ്ട്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പല വഴികളും നോക്കിയെങ്കിലും ഫലം കണ്ടില്ല. ടീമെന്ന നിലയില്‍ മികച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പദ്ധതികള്‍ കൃത്യമായി നടത്താനാവുന്നില്ല'- സ്റ്റോക്‌സ് പറഞ്ഞു. ലോകകപ്പിന് മുമ്പുവരെ കൂടുതല്‍ സെമി സാധ്യത കല്‍പ്പിച്ച ടീമുകളിലൊന്ന് ഇംഗ്ലണ്ടാണ്. എന്നാല്‍ നിലവാരത്തിനൊത്തുയരാന്‍ ടീമിന് സാധിക്കാതെ പോയി. ഇംഗ്ലണ്ട് മറക്കാനാഗ്രഹിക്കുന്ന ലോകകപ്പാണ് ഇത്തവണത്തേതെന്ന് നിസംശയം പറയാം.