ലണ്ടന്‍: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഒക്ടോബര്‍ 5നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പ് ആവേശം കൊടിയേറുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ലോകകപ്പാണിത്. 2011ല്‍ ആതിഥേയരായപ്പോള്‍ എംഎസ് ധോണിക്ക് കീഴില്‍ കപ്പടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലിറങ്ങുമ്പോള്‍ ഇന്ത്യ കപ്പിലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനോടകം പല പ്രമുഖരും തങ്ങളുടെ ലോകകപ്പ് പ്രവചനം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരവുമായ കെവിന്‍ പീറ്റേഴ്‌സണ്‍ തന്റെ പ്രവചനം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ചില സുപ്രധാന കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് പീറ്റേഴ്‌സണിന്റെ പ്രവചനം. ആതിഥേയരെന്ന നിലയിലും ഏഷ്യാ കപ്പ് ചാമ്പ്യന്മാരെന്ന നിലയിലും ഇന്ത്യയാണ് ഫേവറേറ്റുകള്‍.
ഓസ്‌ട്രേലിയക്കെതിരായ ജയത്തോടെ ദക്ഷിണാഫ്രിക്കയും ഇത്തവണ ലോകകപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കും. ക്ലാസന്‍ വലിയ സമ്പാദ്യമാണ്. പാകിസ്താന്‍ എല്ലാ താരങ്ങള്‍ക്കും വലിയ ഭീഷണിയാണ്. അത് എല്ലാ കാലത്തും അങ്ങനെയാണ്. ഇംഗ്ലണ്ടിന് ഇന്ത്യക്ക് താഴെയാണ് സ്ഥാനം. ഓസ്‌ട്രേലിയയും അവിടെയുണ്ടാവും'-പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. ആതിഥേയരെന്ന നിലയില്‍ സ്വാഭാവിക മുന്‍തൂക്കം ഇന്ത്യക്കുണ്ട്. സമീപകാലത്തെ ലോകകപ്പ് നോക്കുമ്പോള്‍ ആതിഥേയര്‍ കപ്പടിക്കുന്നതാണ് രീതി.
ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. സംതുലിതമായ താരനിരയോടൊപ്പം സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവെക്കാനും ഇന്ത്യക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കിരീട പ്രതീക്ഷകളേറെ. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഫോമില്‍. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ മിന്നിക്കുന്നു.

ഇതെല്ലാം ഇന്ത്യയുടെ കിരീട സാധ്യതകള്‍ ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ തട്ടകത്തിന്റെ ആധിപത്യം ഒരു പരിധിയില്‍ കൂടുതല്‍ ഇന്ത്യക്ക് അവകാശപ്പെടാനാവില്ല. അതിന് കാരണം ഐപിഎല്ലിലൂടെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഇന്ത്യ പിച്ചുകളില്‍ വലിയ അനുഭസമ്പത്തുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങി ടീമുകളുടെയെല്ലാം പ്രധാന താരങ്ങള്‍ ഐപിഎല്ലില്‍ സജീവമായുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നത് സ്വന്തം തട്ടകത്തില്‍ നടക്കുന്നതുപോലെയാവും ഈ ടീമുകളെല്ലാം കണക്കാക്കുക.
പാകിസ്താനെ എല്ലാവരും കരുതിയിരിക്കണമെന്ന മുന്നറിയിപ്പും പീറ്റേഴ്‌സണ്‍ നല്‍കുന്നു. ഏഷ്യാ കപ്പില്‍ മഴ വില്ലനായതും പരിക്ക് വേട്ടയാടിയതും പാകിസ്താനെ നാലാം സ്ഥാനത്തേക്കൊതുക്കി. എന്നാല്‍ ലോകകപ്പിലേക്ക് വരുമ്പോള്‍ വലിയ ഭീഷണി ഉയര്‍ത്താന്‍ ശേഷിയുള്ളവരുടെ നിരയാണ് പാകിസ്താന്‍. പേസ് ബൗളിങ്ങാണ് പാകിസ്താന്റെ ശക്തി. ഷഹിന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിരക്ക് ഏത് എതിരാളികളേയും വിറപ്പിക്കാന്‍ ശേഷിയുണ്ട്.
ബാബര്‍ ആസം, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും മോശമല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള ടീമാണ് പാകിസ്താന്റേത്. അതുകൊണ്ടുതന്നെ എല്ലാ എതിരാളികളും പാകിസ്താനെ ഭയക്കുന്നു. ദക്ഷിണാഫ്രിക്ക എല്ലാ കാലത്തും താരസമ്പന്നമാണ്. എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താനുള്ള ഭാഗ്യം അവര്‍ക്കുണ്ടായിട്ടില്ല. ഇത്തവണ ദക്ഷിണാഫ്രിക്ക അത്ഭുതം സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ക്വിന്റന്‍ ഡീകോക്ക്, ടെംബ ബാവുമ, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, മാര്‍ക്കോ യാന്‍സന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയും ചേരുമ്പോള്‍ ഇത്തവണ കന്നി കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്ക എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.