അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ലോകം കാത്തിരുന്ന ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തകര്‍ത്തിരിക്കുകയാണ്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താന് ഒരിക്കലും തോല്‍പ്പിക്കാനാവാത്ത നിരയായി ഇന്ത്യ വീണ്ടും തുടരുകയാണ്. തുടര്‍ച്ചയായ എട്ടാം ജയമാണ് ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ഗംഭീര ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 191 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 117 പന്തും 7 വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയത്. മൂന്ന് വിക്കറ്റിന് 155 എന്ന നിലയില്‍ നിന്നാണ് പാകിസ്താന്‍ 191 റണ്‍സിലേക്ക് തകര്‍ന്നടിഞ്ഞത്. അഹമ്മദാബാദിലെ ഫ്‌ളാറ്റ് പിച്ചില്‍ 275ന് മുകളിലെങ്കിലും സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മികച്ച തുടക്കം ലഭിച്ചിട്ടും പാകിസ്താന്‍ തകര്‍ന്നടിയുകയായിരുന്നു. എന്തുകൊണ്ടാണ് പാകിസ്താന്‍ ഇത്തരത്തില്‍ തകര്‍ന്നത്?
സമ്മര്‍ദ്ദമായിരുന്നെങ്കില്‍ തുടക്കം മുതലേ ഇത് കാണണമായിരുന്നു. എന്നാല്‍ നന്നായി തുടങ്ങിയ ശേഷമാണ് പാകിസ്താന്‍ വലിയ തകര്‍ച്ചയിലേക്ക് പോയത്. ഇപ്പോഴിതാ പാക് ടീമിന് സംഭവിച്ചതെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം. ബിസിസിഐ ഇന്ത്യന്‍ ആരാധകരെ മാത്രം മൈതാനത്ത് എത്തിച്ച് ചതിച്ചതാണെന്നൊന്നും ബാബര്‍ പറയുന്നില്ല. മത്സരത്തിന് ശേഷം ബാബര്‍ പറഞ്ഞത് ഇങ്ങനെയാണ്.
'മികച്ച കൂട്ടുകെട്ടുകളോടെയാണ് ഞങ്ങള്‍ തുടങ്ങിയത്. പാകിസ്താന്റെ പദ്ധതി സ്വാഭാവികമായ ക്രിക്കറ്റ് കളിക്കുകയെന്നതായിരുന്നു. മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിച്ചത്. എന്നാല്‍ പെട്ടെന്നാണ് തകര്‍ച്ച നേരിട്ടത്. ഇതോടെ പ്രതീക്ഷിച്ചപോലെ ഫിനിഷ് ചെയ്യാനായില്ല. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയായില്ല കാര്യങ്ങള്‍'- മത്സരശേഷം ബാബര്‍ പറഞ്ഞു. മത്സരത്തിന്റെ തുടക്കത്തില്‍ ബൗളര്‍മാര്‍ക്ക് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല.

പന്തിന് സ്വിങ് ലഭിക്കാതെ വന്നതോടെ പാക് ഓപ്പണര്‍മാരും ബാബറും ഇതിനെ മുതലാക്കി. എന്നാല്‍ ഓവര്‍ പകുതിയായതോടെ പിച്ച് നന്നായി സ്ലോവാകാന്‍ തുടങ്ങി. ഇത് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മനസിലായില്ലെന്നതാണ് വസ്തുത. ബാബര്‍ ആസമിന്റെ വിക്കറ്റ് മുതലാണ് കളി മാറിയത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ബാബര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. പ്രതീക്ഷിച്ച വേഗം സിറാജിന്റെ പന്തിലില്ലായിരുന്നു. ഇതോടെ ബാബര്‍ ക്ലീന്‍ബൗള്‍ഡായി.
മുഹമ്മദ് റിസ്വാനെ ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡാക്കിയതും സ്ലോ ബോളിലാണ്. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മധ്യ ഓവറുകളില്‍ കസറിയത് പിച്ചിന്റെ ഈ സ്വഭാവംകൊണ്ടാണ്. ഇന്ത്യയുടെ ബാറ്റിങ്ങിലും ഇത് കണ്ടു. രോഹിത് ശര്‍മയുടെ വിക്കറ്റ് മുതല്‍ പിച്ച് സ്ലോവാകാന്‍ തുടങ്ങി. ഇതുകൊണ്ടാണ് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കാത്തത്. എന്നാല്‍ ഇത് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ തിരിച്ചറിയാതെ പോയതാണ് കൂട്ടത്തകര്‍ച്ചക്ക് കാരണമായത്.
അതേ സമയം പാകിസ്താന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ ബിസിസിഐയെയാണ് വിമര്‍ശിച്ചത്. ഐസിസി ലോകകപ്പാണോ അതോ ബിസിസിഐ ടൂര്‍ണമെന്റാണോ നടക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നാണ് ആര്‍തര്‍ പറയുന്നത്. മൈതാനത്തിലെ ഒരു ലക്ഷത്തോളം ആരാധകരില്‍ 90 ശതമാനവും ഇന്ത്യക്കാരായിരുന്നു. യാതൊരു പിന്തുണയും മൈതാനത്ത് നിന്ന് ലഭിക്കാതെ കളിക്കുമ്പോള്‍ സ്വാഭാവികമായും സമ്മര്‍ദ്ദമുണ്ടാവും. ഇതാണ് പാകിസ്താനെ ചതിച്ചത്. എങ്കിലും അപ്രതീക്ഷിത തകര്‍ച്ചയാണ് പാക് ടീം നേരിട്ടതെന്ന് പറയാം.
പാകിസ്താന് മാനസികമായി യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. ആരാധകരുടെ ആവേശം പല ഘട്ടത്തിലും ഇന്ത്യയെ പോലും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അപ്പോള്‍ പാകിസ്താന്റെ കാര്യം പറയേണ്ടതില്ലല്ലോ. കരുത്തരുടെ നിരയാണ് പാകിസ്താനെങ്കിലും മൈതാനത്തിലെ ആരാധകരുടെ അമിത ആവേശത്തിന് മുന്നില്‍ അടി പതറുകയായിരുന്നു. മികച്ചൊരു പോരാട്ടം എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യയുടെ ഏകാധിപത്യജയമാണ് മൈതാനത്ത് കണ്ടത്.