World Cup 2023: ആര് കപ്പടിക്കും? ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ആര്? റെയ്‌നയുടെ പ്രവചനം വൈറല്‍
മുംബൈ: നാലു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഏകദിന ലോകകപ്പ് എത്തുകയാണ്. ഇത്തവണ ഇന്ത്യയാണ് ലോകകപ്പിന് വേദിയാവുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. 2011ല്‍ ഇന്ത്യ വേദിയായപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയാണുള്ളത്. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിരയെ അണിനിരത്താന്‍ ഇന്ത്യക്ക് സാധിക്കും.
മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. സാഹചര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ കിരീട സാധ്യതയുമേറെ. നിരവധി മാച്ച് വിന്നര്‍മാരെ ഇന്ത്യക്കൊപ്പം കാണാനാവും. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീമാണ് ഇന്ത്യയുടേതെന്ന് പറയാം. തട്ടകത്തിന്റെ ആനുകൂല്യവും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായി ഒപ്പമുണ്ട്.
എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ മറ്റൊരു താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ താരവുമായ സുരേഷ് റെയ്‌ന. ഓസ്‌ട്രേലിയക്കെതിരായ പരമ്പര വളരെ പ്രധാനപ്പെട്ടതാണെന്നും റെയ്‌ന ചൂണ്ടിക്കാട്ടുന്നു. 'ഓസീസ് പരമ്പരയുടെ ഫലം എന്താണെന്നതല്ല അത് 3-0ന്റെ ജയമോ 3-0ന്റെ തോല്‍വിയോ ആയിക്കോട്ടെ. ലോകകപ്പ് മാത്രം മുന്നില്‍ക്കണ്ടാവണം ഈ പരമ്പര കളിക്കേണ്ടത്. ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും പദ്ധതികള്‍ക്കനുസരിച്ച് താരങ്ങള്‍ ഉയരേണ്ടതായുണ്ട്.
2011ല്‍ സഹീര്‍ ഖാന്‍ ചെയ്തതുപോലെ ഇത്തവണ ചെയ്യാന്‍ സാധിക്കുന്നത് ശാര്‍ദ്ദുല്‍ താക്കൂറിനാണ്. ധോണി ഫൈനലില്‍ കളിച്ചതുപോലെയും യുവരാജ് ലോകകപ്പില്‍ ഉടെനീളം തിളങ്ങിയതുപോലെയും ഇത്തവണ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കണം. ഓരോ താരങ്ങള്‍ക്കും ഓരോ സ്വഭാവമാണ്. ടീമിലെ താരങ്ങളെല്ലാം കൈകളുയര്‍ത്തി രാജ്യത്തിനായി പൊരുതാന്‍ തയ്യാറാവേണ്ട സമയമാണിത്'- സുരേഷ് റെയ്‌ന പറഞ്ഞു.

ഏഷ്യാ കപ്പിന് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കുന്നത്. ഇന്ത്യയുടെ ശക്തി പരീക്ഷിക്കപ്പെടുന്ന പരമ്പരയായിരിക്കും ഇതെന്ന കാര്യം ഉറപ്പാണ്. ഇത്തവണ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ സാധ്യതയുള്ളവരിലെ മുന്‍ നിരക്കാരാണ് ഓസീസ്. കരുത്തുറ്റ ടീമാണ് അവര്‍ക്കുള്ളത്. ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് കംഗാരുക്കള്‍. മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇങ്ങനെ നീളുന്നു ഓള്‍റൗണ്ടര്‍മാരുടെ നിര.
മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിരയും ആദം സാംബ നയിക്കുന്ന സ്പിന്‍ നിരയും ശക്തമാണ്. ഓസീസിനെ തോല്‍പ്പിച്ച് പരമ്പര നേടാനായാല്‍ ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. ഓസ്‌ട്രേലിയ ഇത്തവണ കരുത്തരുടെ നിരയാണെന്ന് റെയ്‌നയും അഭിപ്രായപ്പെട്ടു.
'ഓസീസിന്റെ ബാറ്റിങ് ഓഡറില്‍ ഇടത്-വലത് കൂട്ടുകെട്ട് നിരവധി കാണാനാവും. ശാര്‍ദ്ദുല്‍ താക്കൂറും മുഹമ്മദ് ഷമിയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ശേഷിയുള്ളവരാണ്. സിറാജിനെ മറികടന്ന് ഷമിയെയാവും ഞാന്‍ തിരഞ്ഞെടുക്കുക. കാരണം പന്ത് സ്വിങ് ചെയ്യിക്കാനും യോര്‍ക്കറുകള്‍ ചെയ്യാനും ഷമി മിടുക്കനാണ്'. രവീന്ദ്ര ജഡേജ വിക്കറ്റുകള്‍ നേടും. മൊഹാലിയില്‍ ഓസീസിന് കളിച്ച് അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ അവരെ വലിയ ടോട്ടലിലേക്ക് പോകാതെ പിടിച്ചുകെട്ടേണ്ടതായുണ്ട്'-റെയ്‌ന പറഞ്ഞു.
ഇത്തവണത്തെ ഏകദിന ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളേയും റെയ്‌ന പ്രവചിച്ചു. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ 5 ടീമുകളെയാണ് സെമി ഫൈനലിസ്റ്റുകളായി റെയ്‌ന തിരഞ്ഞെടുത്തത്. ഇന്ത്യ-ശ്രീലങ്ക എന്നീ ടീമുകള്‍ തമ്മില്‍ ഫൈനല്‍ നടക്കുമെന്നാണ് റെയ്‌നയുടെ പ്രവചനം. ഇതില്‍ ഇന്ത്യക്ക് കിരീട സാധ്യതയും റെയ്‌ന കല്‍പ്പിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications