കാന്‍ഡി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. സര്‍പ്രൈസുകളില്ലാത്ത ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. കെ എല്‍ രാഹുല്‍ ടീമില്‍ സ്ഥാനം നേടിയപ്പോള്‍ സഞ്ജു സാംസണിന് സീറ്റ് നഷ്ടമായി. ഇഷാന്‍ കിഷനാണ് ബാക്കപ്പ് കീപ്പര്‍. തിലക് വര്‍മയെ തഴഞ്ഞ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്. നേരത്തെ തന്നെ പ്രവചിക്കപ്പെട്ട ടീമിനെത്തന്നെയാണ് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചത്.
കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. അവസാന ഐപിഎല്ലിനിടെ പരിക്കേറ്റ് പുറത്തായ രാഹുല്‍ പിന്നീട് ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരവും അദ്ദേഹം കളിച്ചിരുന്നില്ല. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത താരം ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഫോം എങ്ങനെയാവുമെന്നതും വലിയ ആശങ്കയാണ്. ഇന്ത്യയുടെ സീനിയര്‍ താരമാണ് രാഹുല്‍. എന്നാല്‍ സഞ്ജു സാംസണെപ്പോലെ മികച്ച ഫോമില്‍ ഉള്ള താരത്തെ തഴഞ്ഞാണ് രാഹുല്‍ ടീമിലേക്കെത്തുന്നത്.
ഫോം പരിശോധിക്കുമ്പോള്‍ സഞ്ജുവിന് മുന്‍തൂക്കമുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് രാഹുലിന്റെ അനുഭവസമ്പത്തിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന്റെ ടീമിലെ സ്ഥാനമാണ് മറ്റൊരു ചോദ്യം. ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ 26 മത്സരങ്ങളാണ് ഏകദിനത്തില്‍ കളിച്ചത്. 24.33 ശരാശരിയില്‍ നേടിയത് 511 റണ്‍സും. രണ്ട് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തെ പെട്ടെന്ന് മാറ്റിമറിക്കാന്‍ സൂര്യക്ക് ശേഷിയുണ്ട്.

അതുകൊണ്ടുതന്നെയാണ് സൂര്യയെ ഇന്ത്യ ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തിയത്. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ഒതുക്കപ്പെട്ട സഞ്ജുവിനോട് ഏകദിന ലോകകപ്പിലും അവഗണന തുടരുകയാണ്. 13 ഏകദിനം കളിച്ച സഞ്ജു 55.71 ശരാശരിയില്‍ 390 റണ്‍സാണ് ഇതുവരെ നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജു സാംസണ്‍ അവസാന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും അര്‍ധ സെഞ്ച്വറിയോടെ കസറിയിരുന്നു.
എന്നാല്‍ ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ വിശ്വാസമില്ല. ഇഷാന്‍ കിഷന്റെ സമീപകാല ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അവസാനം കളിച്ച നാല് ഏകദിനത്തിലും അദ്ദേഹം അര്‍ധ സെഞ്ച്വറി നേടി. അഞ്ചാം നമ്പറില്‍ കളിച്ചും ഇഷാന്‍ കസറിയതോടെ ഇന്ത്യക്കത് കൂടുതല്‍ കരുത്തുനല്‍കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഇഷാന്‍ മാത്രമാണ് ഇന്ത്യയുടെ ബാറ്റിങ് സ്‌പെഷ്യലിസ്റ്റായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍.
പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ പാകിസ്താനെതിരേ ഭേദപ്പെട്ട ഷോട്ടുകളോടെയാണ് തുടങ്ങിയത്. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും ശ്രേയസിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. നാലാം നമ്പറില്‍ ശ്രേയസിനെയാവും ഇന്ത്യ വിശ്വസിക്കുക. രാഹുലിനെ വിക്കറ്റ് കീപ്പറായി അഞ്ചാം നമ്പറില്‍ കളിപ്പിച്ചാല്‍ ഇഷാന്‍ കിഷനെ ഇന്ത്യ പുറത്തിരുത്തേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ബാറ്റിങ് നിരയില്‍ ഇടം കൈയനായി രവീന്ദ്ര ജഡേജ മാത്രമായി ഒതുങ്ങും.
ഇത് തിരിച്ചടിയായി മാറും. തിലക് വര്‍മയ്ക്കും ഇന്ത്യ ലോകകപ്പ് ടീമില്‍ ഇടം നല്‍കിയിട്ടില്ല. അനുഭവസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ചേര്‍ന്ന് സംതുലിതമായ ലോകകപ്പ് ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഫോമാണ് കണ്ടറിയേണ്ടത്. ഇത്തവണ ലോകകപ്പ് നഷ്ടമായാല്‍ രോഹിത് ശര്‍മയുടേയും രാഹുല്‍ ദ്രാവിഡിന്റേയും കസേര തെറിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (vc), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ