മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 5ാം തീയ്യതി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാവും ലോകകപ്പ് ആരംഭിക്കുക. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ലോകകപ്പാണ് വരാനിരിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ സജീവ കിരീട പ്രതീക്ഷയിലാണ് ഇന്ത്യ. സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ ഇന്ത്യ ഇത്തവണത്തെ ഫേവറേറ്റുകളാണെന്ന് നിസംശയം പറയാം.
ഏഷ്യയിലെ രാജാക്കന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും സ്വന്തമാക്കിയാണ് ലോകകപ്പിനിറങ്ങുന്നത്. 8ാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ അന്തിമ 15 അംഗ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെയാവും ഉള്‍പ്പെടുന്നതെന്നതാണ് ഇനി കണ്ടറിയേണ്ടത്. ഇപ്പോഴിതാ ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിയില്‍ സംസാരിക്കവെയാണ് ഗവാസ്‌കര്‍ പ്ലേയിങ് 11 തിരഞ്ഞെടുത്തത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍ എന്നിവരെ തഴഞ്ഞ ഗവാസ്‌കര്‍ മൂന്ന് പേസര്‍മാര്‍ പ്ലേയിങ് 11 വേണമെന്നുമാണ് അഭിപ്രായപ്പെട്ടത്. 'ഏത് ടീമിനെ സംബന്ധിച്ചും ടോപ് ത്രീ വളരെ പ്രധാനപ്പെട്ടതാണ്. ടോപ് ഓഡര്‍ അനായാസമായി റണ്‍സുയര്‍ത്തിയാല്‍ പിന്നാലെയെത്തുന്നവര്‍ക്കും സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കും.
അതുകൊണ്ടുതന്നെ ഓപ്പണര്‍മാരുടെ പ്രകടനം നിര്‍ണ്ണായകം. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നീ പേസര്‍മാര്‍ പ്ലേയിങ് 11ല്‍ വേണം. ഹാര്‍ദിക് പാണ്ഡ്യയെ 10 ഓവര്‍ എറിയിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ മൂന്നാം സ്പിന്നറായി അശ്വിനെ പരിഗണിക്കാം'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടാവും തുടരുക. ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍ അഭിപ്രായം ഉണ്ടാവില്ല. മൂന്നാം നമ്പറില്‍ വിരാട് കോലി കരുത്ത് പകരുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരെയാണ് ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നത്.

അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ എത്തുമ്പോള്‍ ഇഷാന്‍ കിഷന് ഗവാസ്‌കറുടെ പ്ലേയിങ് 11ല്‍ സ്ഥാനമില്ല. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ വരുമ്പോള്‍ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും ഇടം നേടും. ഇതോടെ സൂര്യകുമാര്‍ യാദവിന് അവസരമുണ്ടാവില്ല. കുല്‍ദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറാവുമ്പോള്‍ അശ്വിനും പടിക്ക് പുറത്ത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരും പ്ലേയിങ് 11ല്‍ വേണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുള്ളപ്പോള്‍ ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിച്ചേക്കില്ല. ഇപ്പോള്‍ത്തന്നെ ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് നിരവാരം വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിക്കുന്ന ഇന്ത്യ ശാര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ക്ക് പ്ലേയിങ് 11ല്‍ ഇടം നല്‍കാനാണ് സാധ്യത. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ശ്രേയസ് അയ്യര്‍ നിര്‍ബന്ധമായും വേണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
ഇര്‍ഫാന്‍ പഠാനും ഇന്ത്യ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. ' ഇന്ത്യ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. ഹാര്‍ദിക്കിനെ ആറാം ബൗളറായി പരിഗണിക്കാം. എന്നാല്‍ ഇന്ത്യക്ക് അഞ്ച് മെയിന്‍ ബൗളര്‍മാര്‍ വേണം. പിച്ചില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ പ്രധാന ബൗളര്‍മാരുമായി തന്നെ മുന്നോട്ട് പോകണം.
സിറാജ്, ഷമി, ബുംറ എന്നിവര്‍ പ്ലേയിങ് 11 വേണം. കുല്‍ദീപും ജഡേജയും വേണം. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ ടീമിന് ആവശ്യത്തിന് റണ്‍സ് നേടിക്കൊടുക്കാന്‍ കഴിവുള്ളവരാണ്'- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ഗവാസ്‌കര്‍ നിര്‍ദേശിച്ച് ഇന്ത്യയുടെ 11- രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.