ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യയുടെ ഏറ്റവും ശക്തമായ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ബാറ്ററും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 2011ല്‍ ടൂര്‍ണമെന്റിനു സംയുക്ത ആതിഥേയരായതിനു ശേഷം ആദ്യമായാണ് ഇന്ത്യ വീണ്ടും ലോകകപ്പിനു വേദിയാവുന്നത്. അന്നു മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത് എംഎസ് ധോണി നയിച്ച ഇന്ത്യ ജേതാക്കളായിരുന്നു.
ഇത്തവണ ലോകകപ്പ് ഒരിക്കല്‍ക്കൂടി നാട്ടിലേക്കു വിരുന്നെത്തുമ്പോള്‍ കിരീട പ്രതീക്ഷയിലാണ് ഇന്ത്യ. ഐസിസി കിരീടത്തിനു വേണ്ടിയുള്ള 2013 മുതലുള്ള കാത്തിരിപ്പും ഇന്ത്യക്കു അവസാനിപ്പിക്കേണ്ടതുണ്ട്. ധോണിക്കു കീഴില്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ വിജയികളായതിനു ശേഷം ഐസിസിയുടെ മറ്റൊരു ടൂര്‍ണമെന്റിലും ഇന്ത്യ ചാംപ്യന്‍മാരായിട്ടില്ല.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയായിരിക്കും ഈ ലോകകപ്പില്‍ ഇന്ത്യ അണിനിരത്തുക. മഞ്ജരേക്കര്‍ തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും സൂപ്പര്‍ താരം ഒഴിവാക്കപ്പെട്ടുവെന്നതാണ് കൗതുകകരമായ കാര്യം.
നാലാം നമ്പറില്‍ ഇറങ്ങി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള യുവ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കാണ് സ്ഥാനം നഷ്ടമായിരിക്കുന്നത്. നിലവില്‍ പരിക്കേറ്റ് ടീമിനു പുറത്താണെങ്കിലും ലോകകപ്പിനു മുമ്പ് അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിട്ടും മഞ്ജരേക്കര്‍ തന്റെ ടീമിലേക്കു ശ്രേയസിനെ പരിഗണിച്ചില്ല.
ശ്രേയസ് ഒഴിവാക്കപ്പെട്ടതു പോലെ മഞ്ജരേക്കറുടെ ടീമില്‍ മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ട്. യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ തന്റെ ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ശ്രേയസിനെപ്പോലെ പ്രസിദ്ധും പരിക്കിനെ തുടര്‍ന്നു കുറച്ചു മാസങ്ങളായി മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്.
ഫിറ്റ്‌നസ് വീണ്ടെടുത്താലും അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്കു ഇന്ത്യ പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്. ഇതിനിടെയാണ് പ്രസിദ്ധിനെ മഞ്ജരേക്കര്‍ തന്റെ ടീമിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രേയസിന്റെ അഭാവവും പ്രസിദ്ധ് ഇടം നേടിയതുമൊഴിച്ചാല്‍ മഞ്ജരേക്കറുടെ ലോകകപ്പ് സ്‌ക്വാഡില്‍ വേറെയും സര്‍പ്രൈസുകളുണ്ട്. ലോകകപ്പ് പ്ലാനിന്റെ ഭാഗമല്ലാത്ത വെറ്ററന്‍ താരം ശിഖര്‍ ധവാനെ അദ്ദേഹം ബാക്കപ്പ് ഓപ്പണറായി ടീമിലെടുത്തു. അതു കൂടാതെ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ തഴയുകയും ചെയ്തു.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമിലെ മറ്റു ഓപ്പണര്‍മാര്‍ ശുഭ്മന്‍ ഗില്ലും വെറ്ററന്‍ താരം ശിഖര്‍ ധവാനുമാണ്. നിലവില്‍ ഏകദിന ടീമിന്റെ ഭാഗമല്ലെങ്കിലും ധവാന്റെ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് മഞ്ജരേക്കര്‍.
മധ്യനിരയില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയോടൊപ്പം കെഎല്‍ രാഹുലും ഇടം പിടിച്ചിട്ടുണ്ട്. സഞ്ജുവും ഇഷാന്‍ കിഷനുമാണ് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യെയും രവീന്ദ്ര ജഡേജയും ഉള്‍പ്പെടുത്തിയ മഞ്ജരേക്കര്‍ അക്ഷര്‍ പട്ടേലിനെ തഴയുകയും ചെയ്തു.
കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ടീമിലുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസര്‍മാരായും ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ചു.
മഞ്ജരേക്കറുടെ 15 അംഗ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ.