ഒക്ടോബറില്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ലെഗ് സ്പിന്നര്‍ പിയൂഷ് ചൗള. 2011ല്‍ അവസാനമായി നാട്ടില്‍ നടന്ന ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഏകദിനത്തിലെ രണ്ടു പ്രധാനപ്പെട്ട താരങ്ങളെ തഴഞ്ഞാണ് ചൗള തന്റെ ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലായിരുന്നു ലോകകപ്പ് ടീമില്‍ ആരൊക്കെ വേണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. നാലാം നമ്പറില്‍ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത താരവും സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരാണ് ചൗള ലോകകപ്പ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയ ഒരു വമ്പന്‍ താരം. ഏകദിനത്തില്‍ ടീമിന്റെ സ്ഥിരം നാലാം നമ്പര്‍ താരമാണ് ശ്രേയസ്. പക്ഷെ ചൗള അദ്ദേഹത്തെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലെയും അവിഭാജ്യ ഘടകവുമായ അക്ഷര്‍ പട്ടേലുമാണ് ചൗള ഒഴിവാക്കിയ രണ്ടാമത്തെ പ്രമുഖ താരം. ശ്രേയസും അക്ഷറും വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ശ്രേയസും അക്ഷറുമില്ലെങ്കിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങളായ സൂര്യകുമാര്‍ യാദവിനെയും തിലക് വര്‍മയെയും ചൗള ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.
ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററാണെങ്കിലും ഏകദിനത്തില്‍ വളരെ മോശം റെക്കോര്‍ഡാണ് സൂര്യക്കുള്ളത്. തിലകാവട്ടെ ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ല. വെറും ഏഴു ടി20 മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള അനുഭവസമ്പത്ത് മാത്രമേ ഇടംകൈയന്‍ ബാറ്റര്‍ക്കുള്ളൂ.
എന്നിട്ടും സൂര്യക്കും തിലകിനും ചൗള ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം നല്‍കുകയായിരുന്നു. ഏഷ്യാ കപ്പ് ടീമില്‍ നിന്നും തഴയപ്പെട്ട ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ലോകകപ്പ് സ്‌ക്വാഡില്‍ ചൗള ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. പരിചയ സമ്പന്നനായ ചൗളയെ ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കിയതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ചൗളയുടെ ടീമിലെ ഓപ്പണിങ് ജോടികള്‍. വിരാട് കോലി, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മധ്യനിരയിലുള്ളത്. കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ബൗളിങ് നിരയിലേക്കു വന്നാല്‍ കുല്‍-ചാ സഖ്യം ഒന്നിക്കുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം.
സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും ചഹലുമാണ് ടീമിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് ടീമിലെ മൂന്നു ഓള്‍റൗണ്ടര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലിടം പിടിച്ചിരിക്കുന്നത്.
പിയൂഷ് ചൗള തിരഞ്ഞെടുത്ത ഇന്ത്യന്‍ ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.