മുംബൈ: ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനോടകം പല ടീമുകളും പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പടയൊരുക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇടവേളക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് എത്തുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അന്ന് എംഎസ് ധോണിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. എന്നാല്‍ 15 അംഗ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് പ്രധാന ചോദ്യമായി തുടരുന്നു. ഇതിനോടകം പല പ്രമുഖരും ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ സൗരവ് ഗാംഗുലി ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരെയെല്ലാം ഒഴിവാക്കിയുള്ള 15 അംഗ ടീമിനെയാണ് ഗാംഗുലി തിരഞ്ഞെടുത്തിരിക്കുന്നത്.
രോഹിത് ശര്‍മ നായകനായുള്ള ടീമില്‍ ശുബ്മാന്‍ ഗില്ലാണ് സഹ ഓപ്പണര്‍. ഇതിനോടകം ഇന്ത്യയുടെ ഓപ്പണിങ്ങിലെ വിശ്വസ്തരായി മാറാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ശുബ്മാന്‍ ഗില്ലിന്റെയും രോഹിത്തിന്റെയും ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. വിരാട് കോലിക്കും ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ തുടരണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. നിലവില്‍ ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന താരമാണ് ശ്രേയസ്.
നീണ്ട ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിലൂടെ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെയാണ് ഗാംഗുലി നിര്‍ദേശിച്ചിരിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന രാഹുലും ഏഷ്യാ കപ്പിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഗാംഗുലിയുടെ ടീമില്‍ സൂര്യകുമാര്‍ യാദവ് ഇടം പിടിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു സാംസണെ തഴഞ്ഞാണ് ഗാംഗുലി സൂര്യയെ പരിഗണിച്ചത്.

സഞ്ജുവിന്റെ ഏകദിനത്തിലെ ശരാശരി 55ന് മുകളിലാണ്. എന്നിട്ടും സഞ്ജുവിന് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. അതേ സമയം ഏകദിനത്തില്‍ കളിച്ച മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായിരുന്നിട്ടും സൂര്യകുമാറിനെ ഗാംഗുലി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യക്ക് ടീമില്‍ സീറ്റുറപ്പ്. ഫിനിഷര്‍ റോളില്‍ പഴയ മിടുക്ക് ഇപ്പോള്‍ ഹാര്‍ദിക്കിനില്ല. എന്നാല്‍ ശക്തമായ തിരിച്ചുവരവാണ് താരം പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക്.
സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഗാംഗുലിയുടെ ടീമില്‍ ഇടം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ തഴയപ്പെട്ടു. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ പരിഗണിച്ചപ്പോള്‍ യുസ്‌വേന്ദ്ര ചഹാലിന് സീറ്റില്ല. പേസ് നിരയില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പം ശര്‍ദ്ദുല്‍ താക്കൂറിനെയും ഗാംഗുലി പരിഗണിച്ചു. പ്രസിദ്ധ് കൃഷ്ണക്ക് ഗാംഗുലി അവസരം നല്‍കിയില്ല.
ബാറ്റുകൊണ്ടും ടീമിന് ഗുണം ചെയ്യുന്ന താരമാണ് ശര്‍ദ്ദുല്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മീഡിയം പേസ് ടീമിനെ സഹായിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശര്‍ദ്ദുല്‍ ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സാധ്യത കൂടുതലാണ്. സ്പിന്നര്‍മാര്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ കൂടുതല്‍ മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി രണ്ട് പേരെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.
ഗാംഗുലി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.