Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: കണ്‍ഫ്യൂഷന്‍ വേണ്ട, ഇതാണ് ടീം! ഇന്ത്യയുടെ 15 അംഗ ടീമുമായി ആകാശ്

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഏഷ്യാ കപ്പിന് ഇന്ത്യ പ്രഖ്യാപിച്ച ടീമില്‍ നിന്നാവും ഏകദിന ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്ന കാര്യം നേരത്തെ തന്നെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ വലിയ സര്‍പ്രൈസുകള്‍ ടീമിലുണ്ടാകാന്‍ സാധ്യതയില്ല. 15 അംഗ ടീമിനെയാവും ഇന്ത്യ പ്രഖ്യാപിക്കുക. പല പ്രമുഖരും ഇതിനോടകം ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ മുന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്രയും ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യ പ്രഖ്യാപിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമിനെത്തന്നെയാണ് ആകാശും തിരഞ്ഞെടുത്തിരിക്കുന്നത്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ഓപ്പണര്‍മാരായി തുടരുമ്പോള്‍ നട്ടെല്ലായി വിരാട് കോലിയും ഒപ്പമുണ്ടാവും. ഇന്ത്യയുടെ ടോപ് ഓഡറിന്റെ പ്രകടനം ഏകദിന ലോകകപ്പില്‍ നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.

ആതിഥേയരെന്ന നിലയില്‍ ഏകദിന ലോകകപ്പ് കിരീടം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. മധ്യനിരയില്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഉണ്ടാവും. പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിലും രാഹുല്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത രാഹുല്‍ ഇന്ന് ശ്രീലങ്കയില്‍ ടീമിനൊപ്പം ചേരും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ ലോകകപ്പിലും മുഖ്യ പരിഗണന നല്‍കുന്നത് രാഹുലിനാവും.

ശ്രേയസ് അയ്യര്‍ പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷം പാകിസ്താനെതിരായ മത്സരം കളിച്ചാണ് തിരിച്ചുവരവ് നടത്തിയത്. ഇഷാന്‍ കിഷനെയാവും ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. പാകിസ്താനെതിരേ അഞ്ചാം നമ്പറില്‍ ബാറ്റുചെയ്ത ഇഷാന്‍ കിഷന്‍ 82 റണ്‍സുമായി കസറിയിരുന്നു. അതും നിര്‍ണ്ണായക സമയത്ത്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇഷാന് കഴിവുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ മറികടന്ന് ബാക്കപ്പ് കീപ്പറായി ഇഷാനാവും അവസരം ലഭിക്കുക.

ishan kishan

വൈസ് ക്യാപ്റ്റനും പേസ് ഓള്‍റൗണ്ടറുമായി ഹാര്‍ദിക് പാണ്ഡ്യ മധ്യനിരയില്‍ തുടരുമ്പോള്‍ പേസ് ഓള്‍റൗണ്ടറായി ശാര്‍ദ്ദുല്‍ താക്കൂറുമുണ്ടാവും. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനായ ബൗളറാണ് ശാര്‍ദ്ദുല്‍. തല്ലുകൊള്ളിയായ ബൗളറാണെങ്കിലും നിര്‍ണ്ണായകമായ വിക്കറ്റ് നേടാനും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയരാനും ശാര്‍ദ്ദുലിന് സവിശേഷമായ മിടുക്കുണ്ട്. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിന് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പാണ്. ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാന്‍ ശാര്‍ദ്ദുലിന് സാധിക്കും.

സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അക്ഷര്‍ പട്ടേലുമുണ്ടാവും. രണ്ട് പേരും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ താരമാണ്. ഇടം കൈയന്‍മാരായ ഇരുവരും ബാറ്റുകൊണ്ടും നിര്‍ണ്ണായക റണ്‍സ് നേടിക്കൊടുക്കാന്‍ ശേഷിയുള്ളവരാണ്. പേസ് നിരയില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ക്കാവും അവസരം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാവും പരിഗണിക്കുക. ശാര്‍ദ്ദുലും ഹാര്‍ദിക്കും പേസര്‍മാരായി ഒപ്പമുണ്ട്.

നാലാം സ്‌പെഷ്യലിസ്റ്റ് പേസറായി പ്രസിദ്ധ് കൃഷ്ണയെ ആകാശ് പരിഗണിച്ചിട്ടില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി20യിലെ നമ്പന്‍ വണ്‍ ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു പ്രകടനം പോലും സൂര്യകുമാര്‍ കാഴ്ചവെച്ചിട്ടില്ല. എന്നാല്‍ പെട്ടെന്ന് മത്സര ഫലത്തെ മാറ്റാന്‍ ശേഷിയുള്ള താരമാണ് സൂര്യകുമാര്‍. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. ഏത് ബാറ്റിങ് പൊസിഷനിലും കസറാന്‍ ശേഷിയുള്ള സഞ്ജു വിക്കറ്റ് കീപ്പറെന്ന നിലയില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെക്കാള്‍ മികച്ചവനാണ്. എന്നാല്‍ ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ വിശ്വാസമില്ലെന്നതാണ് വസ്തുത.

ആകാശ് ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്

Story first published: Tuesday, September 5, 2023, 11:21 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+