മുംബൈ: ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം തീരുമാനമായെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് പിന്നാലെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മീറ്റിങ് ചേര്‍ന്നിരുന്നു. ഇതില്‍ 15 അംഗ ടീം ധാരണയായെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.
ഏഷ്യാ കപ്പിന് റിസര്‍വ് താരമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 18 അംഗ ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് കൊണ്ടുപോയത്. ഇവരില്‍ നിന്നാവും ഇന്ത്യ ലോകകപ്പ് ടീമിനെ പരിഗണിക്കുകയെന്ന കാര്യം നേരത്തെ തന്നെ അഗാര്‍ക്കര്‍ വ്യക്തമാക്കിയതാണ്. ഔദ്യോഗിക ടീം പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടായേക്കും. ഇപ്പോഴിതാ ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീര്‍.
ചില സര്‍പ്രൈസുകള്‍ ഗംഭീറിന്റെ ടീമിലുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ വിരാട് കോലി, ശുബ്മാന്‍ ഗില്‍ എന്നിവര്‍ക്കും സീറ്റുറപ്പ്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് എത്താത്തിനെത്തുടര്‍ന്ന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും കെ എല്‍ രാഹുല്‍ കളിച്ചിട്ടില്ല. എങ്കിലും രാഹുല്‍ ടീമില്‍ വേണമെന്നാണ് ഗംഭീര്‍ പറയുന്നത്. വിക്കറ്റ് കീപ്പറായി ഗംഭീര്‍ മുഖ്യ പരിഗണന നല്‍കുന്നതും രാഹുലിനാണ്. സഞ്ജു സാംസണിനെ ബാക്കപ്പായി ഗംഭീര്‍ പരിഗണിച്ചില്ല.
സഞ്ജുവിന്റെ ബാറ്റിങ് മികവിനെ എപ്പോഴും പ്രശംസിക്കുന്ന താരങ്ങളിലൊരാളാണ് ഗംഭീര്‍. എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ ഗംഭീര്‍ ഒഴിവാക്കി. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനാണ് അവസരം നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ മൂന്ന് മത്സരത്തിലും ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ നിര്‍ണ്ണായക സമയത്ത് 82 റണ്‍സുമായി ഇഷാന്‍ കസറിയിരുന്നു.

സമ്മര്‍ദ്ദത്തെ അതിജീവിച്ച ഇഷാന്റെ പ്രകടനത്തെ എല്ലാവരും പ്രശംസിക്കുകയും ചെയ്തിരുന്നു. ഇഷാന്‍ ലോകകപ്പ് ടീമിലും വേണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. അതേ സമയം മധ്യനിരയില്‍ ശ്രേയസ് അയ്യരെ ഗംഭീര്‍ പരിഗണിച്ചില്ല. ഏകദിനത്തില്‍ നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനാണ് ശ്രേയസ്. പരിക്കിന്റെ ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിലൂടെയാണ് ശ്രേയസ് തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ ശ്രേയസ് മധ്യനിരയില്‍ വേണ്ടെന്നാണ് ഗംഭീര്‍ പറയുന്നത്.
മറ്റൊരു കൗതുകകരമായ കാര്യം ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചുവെന്നതാണ്. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തിലെ സൂര്യകുമാറിന്റെ കണക്കുകള്‍ വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ എന്തിന് സൂര്യകുമാര്‍ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ പെട്ടെന്ന് മത്സരത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് സൂര്യകുമാര്‍. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ ഏകദിന ടീമില്‍ തുടരണമെന്നാണ് ഗംഭീര്‍ പറയുന്നത്.
55ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിന് സ്ഥാനം നല്‍കാതെയാണ് ഗംഭീര്‍ സൂര്യകുമാറിനെ പരിഗണിച്ചതെന്നതാണ് കൗതുകം. ഗംഭീറിന്റെ ടീമിലെ മറ്റൊരു പ്രധാന മാറ്റം ശാര്‍ദ്ദുല്‍ താക്കൂറിന് ഇടമില്ല. ഇന്ത്യയുടെ മിക്ക പ്രമുഖരും തിരഞ്ഞെടുക്കുന്ന ലോകകപ്പ് ടീമില്‍ ശാര്‍ദ്ദുലിന് സീറ്റുണ്ട്. ഏഷ്യാ കപ്പില്‍ ശാര്‍ദ്ദുല്‍ ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ട്. പേസ് ഓള്‍റൗണ്ടറായ താരം ഏകദിന ലോകകപ്പ് ടീമിലും ഇടം നേടിയേക്കും.
എന്നാല്‍ ശാര്‍ദ്ദുലിനെ തഴഞ്ഞ് പ്രസിദ്ധ് കൃഷ്ണക്കാണ് ഗംഭീര്‍ ടീമില്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ നാലാം പേസറായി പ്രസിദ്ധ് കൃഷ്ണ വരണമെന്നാണ് ഗംഭീര്‍ പറയുന്നത്. വാഷിങ്ടണ്‍ സുന്ദറിനും ഗംഭീറിന്റെ ടീമില്‍ ഇടം ലഭിച്ചു. കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഒപ്പം സുന്ദറും വേണമെന്നാണ് ഗംഭീര്‍ പറയുന്നത്.
ഗംഭീര്‍ തിരഞ്ഞെടുത്ത ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), വിരാട് കോലി, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്