Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: രോഹിത്തും സച്ചിനുമില്ല, 5 ഇന്ത്യക്കാര്‍! ഓള്‍ടൈം ഏകദിന 11മായി റിങ്കു സിങ്

മുംബൈ: ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഫിനിഷറായി വളര്‍ന്നുവരുന്ന താരമാണ് റിങ്കു സിങ്. ഇതിനോടകം തന്നെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി കരുത്തുകാട്ടാന്‍ റിങ്കുവിന് സാധിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിനൊപ്പം റിങ്കുവുണ്ടായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കുവിനും സ്ഥാനം ഉറപ്പാണ്. വലിയ ഭാവി കല്‍പ്പിക്കുന്ന യുവതാരം ഏകദിന ഫോര്‍മാറ്റിലെ ഓള്‍ടൈം ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്.

രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരെയെല്ലാം റിങ്കു തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. ഓപ്പണര്‍മാരായി ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറേയും ഇന്ത്യയുടെ ഗൗതം ഗംഭീറിനെയുമാണ് റിങ്കു തിരഞ്ഞെടുത്തത്. ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകനാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ള ബട്‌ലര്‍ ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. ഇത്തവണ ലോകകപ്പില്‍ ഇംഗ്ലണ്ടിറങ്ങുന്നത് ബട്‌ലര്‍ക്ക് കീഴിലാണ്.

ഗൗതം ഗംഭീറും തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഓപ്പണറാണ്. ഇടം കൈയനായ ഗംഭീറിനെക്കാളും മികച്ച റെക്കോഡ് സച്ചിനും രോഹിത്തിനും സെവാഗിനുമുണ്ടെങ്കിലും ഗംഭീറിനെയാണ് വിശ്വസ്തനായ ഓപ്പണറായി റിങ്കു പരിഗണിക്കുന്നത്. ഇന്ത്യക്കായി ഐസിസി ടൂര്‍ണമെന്റുകളില്‍ തിളങ്ങിയിട്ടുള്ള താരമാണ് ഗംഭീര്‍. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു.

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോലി. സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ് കോലിയെന്ന് നിസംശയം പറയാം. ഈ ലോകകപ്പിലൂടെത്തന്നെ കോലി ഈ നേട്ടത്തിലേക്കെത്തിയേക്കും. മികച്ച ഫോമിലുള്ള കോലിയുടെ ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. നാലാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനാണ് അവസരം.

ms dhoni

ക്ലാസിക് ബാറ്റ്‌സ്മാനായ സ്മിത്ത് ടെസ്റ്റില്‍ ഇതിഹാസമാണെങ്കിലും ഏകദിനത്തില്‍ ശരാശരിയാണ്. എങ്കിലും റിങ്കു അദ്ദേഹത്തെ തന്റെ ഓള്‍ടൈം 11ല്‍ ഉള്‍പ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്. അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് അവസരം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ്. 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ യുവിക്കായിരുന്നു.

ടൂര്‍ണമെന്റിലെ താരമാകാന്‍ യുവരാജിന് സാധിച്ചിരുന്നു. ആറാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിനാണ് ഇടം. മീഡിയം പേസ് ഓള്‍റൗണ്ടറായ സ്‌റ്റോക്‌സ് ഏകദിന ടീമില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് സ്റ്റോക്‌സ് തിരിച്ചെത്തുകയായിരുന്നു. നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് സ്റ്റോക്‌സിനെ വിശേഷിപ്പിക്കാം.

ഏഴാം നമ്പറില്‍ എംഎസ് ധോണിയ്ക്കാണ് റിങ്കു സ്ഥാനം നല്‍കിയത്. ടീമിന്റെ നായകനായും ധോണിയെയാണ് റിങ്കു തിരഞ്ഞെടുക്കുന്നത്. ഇതിഹാസ താരമായ ധോണി ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്താണ് പടിയിറങ്ങിയത്. ധോണിക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ നായകനും ഇന്ത്യയെ ഐസിസി ട്രോഫിയിലേക്കെത്തിക്കാനായിട്ടില്ല. എട്ടാം നമ്പറില്‍ സുരേഷ് റെയ്‌നയെ നിര്‍ദേശിച്ച റിങ്കു തന്റെ ഇഷ്ട താരമാണ് റെയ്‌നയെന്നും തുറന്ന് പറഞ്ഞു.

ബൗളര്‍മാരായി മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫിനേയും ഓസ്‌ട്രേലിയയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനേയുമാണ് റിങ്കു തിരഞ്ഞെടുത്തത്. ടീമിലെ 11ാമനെ തീരുമാനിച്ചിട്ടില്ലെന്നാണ് റിങ്കു പറയുന്നത്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുത്തയ്യ മുരളീധരന്‍ എന്നിവരെയൊന്നും ഓള്‍ടൈം 11ലേക്ക് പരിഗണിക്കാന്‍ റിങ്കു തയ്യാറായിട്ടില്ല. എന്തായാലും തികച്ചും വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് റിങ്കു നടത്തിയിരിക്കുന്നതെന്ന് പറയാം.

Story first published: Sunday, October 8, 2023, 10:37 [IST]
Other articles published on Oct 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+