മുംബൈ: ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ടീം നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ താരമാണ് ജോസ് ബട്‌ലര്‍. തുടക്കം മുതല്‍ ആക്രമിക്കാനും മധ്യനിരയില്‍ കസറാനും ശേഷിയുള്ള ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഇത്തവണ ബട്‌ലറുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇംഗ്ലണ്ട് ലോകകപ്പിനിറങ്ങുന്നത്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചില്‍ നല്ല അനുഭവസമ്പത്തുള്ള താരം കൂടിയാണ് ബട്‌ലര്‍. എല്ലാവരും ഭയക്കുന്ന ബാറ്റ്‌സ്മാനായ ബട്‌ലര്‍ തന്റെ ഡ്രീം ഏകദിന 11 വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ ഇഷ്ട ഏകദിന 11ലെ അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്നാണ് ബട്‌ലര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നാമതായി റാഷിദ് ഖാനെയാണ് ബട്‌ലര്‍ തിരഞ്ഞെടുത്തത്. അഫ്ഗാനിസ്ഥാന്റെ വണ്ടര്‍ സ്പിന്നറായ റാഷിദ് ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. അഫ്ഗാനിസ്ഥാന്‍ ലോക ക്രിക്കറ്റിലെ വന്‍ ശക്തികളല്ലെങ്കിലും റാഷിദ് ഖാനെ ഭയക്കാത്ത ബാറ്റ്‌സ്മാനില്ല. അപ്രതീക്ഷിത വേഗവും ടേണുമെല്ലാം സമന്വയിപ്പിച്ച റാഷിദ് ഖാന്റെ പന്തുകള്‍ ഏത് ബാറ്റ്‌സ്മാനെയും പ്രയാസപ്പെടുത്തുന്നതാണ്.
50 ഏകദിനത്തില്‍ നിന്ന് 184 വിക്കറ്റാണ് റാഷിദ് ഖാന്‍ വീഴ്ത്തിയത്. 2019ലെ ഏകദിന ലോകകപ്പില്‍ 11 വിക്കറ്റുമായി റാഷിദ് ഖാന്‍ തിളങ്ങിയിരുന്നു. ഇന്ത്യന്‍ മൈതാനത്ത് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ റാഷിദ് ഖാന്‍ ഇത്തവണത്തെ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ സാധ്യത കുടുതലാണ്. രണ്ടാമതായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കിനെയാണ് ബട്‌ലര്‍ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് ഡീകോക്ക്.
അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് ഡീകോക്കെന്ന് പറയാം. ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ഡീകോക്ക് പ്രഖ്യാപിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ സജീവമായ താരം ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ്. മൂന്നാമതായി രോഹിത് ശര്‍മയെയാണ് ബട്‌ലര്‍ തിരഞ്ഞെടുത്തത്. വിരാട് കോലിയെപ്പോലും പരിഗണിക്കാതെയാണ് ബട്‌ലര്‍ രോഹിത്തിനെ തിരഞ്ഞെടുത്തതെന്നതാണ് എടുത്തു പറയേണ്ടത്.

ഏകദിനത്തിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത്തെന്ന് നിസംശയം പറയാം. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ രോഹിത്തിന്റെ പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോറും. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് സൃഷ്ടിക്കാന്‍ രോഹിത്തിനായിരുന്നു. 648 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇത്തവണ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.
ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്ലാണ് ബട്‌ലറിന്റെ ടീമിലെ മറ്റൊരാള്‍. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് മാക്‌സ്‌വെല്‍. വിശ്വസ്തനായ താരമെന്നും സ്ഥിരതയുള്ള താരമെന്നും മാക്‌സ്‌വെല്ലിനെ വിശേഷിപ്പിക്കാനാവില്ല. എന്നാല്‍ തിളങ്ങുന്ന മത്സരങ്ങളില്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ മാക്‌സ്‌വെല്ലിന് കഴിവുണ്ട്. വ്യത്യസ്ത തരം ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ മാക്‌സ്‌വെല്‍ മിടുക്കനാണ്.
ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ ആന്റിച്ച് നോക്കിയേയാണ് ബട്‌ലറുടെ ടീമിലെ അഞ്ചാമന്‍. അതിവേഗത്തില്‍ പന്തെറിയാന്‍ നോക്കിയേക്ക് കഴിവുണ്ട്. മികച്ച ലൈനും ലെങ്തും അവകാശപ്പെടാനാവുന്ന നോക്കിയേ ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് 11ലെ സജീവ സാന്നിധ്യവുമാണ്. നോക്കിയേയെ പരിഗണിച്ച ബട്‌ലര്‍ കഗിസോ റബാഡയെ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഇത്തവണ കിരീടത്തിലേക്കെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് ബട്‌ലര്‍ക്കുള്ളത്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച ബട്‌ലര്‍ തന്റെ നായക മികവ് തെളിയിച്ച് കഴിഞ്ഞു. ഇനി ഏകദിന ലോകകപ്പ് കിരീടം കൂടി ഇംഗ്ലണ്ടിന് നേടിക്കൊടുക്കാന്‍ ബട്‌ലറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കരുത്തുറ്റ താരനിര ഇംഗ്ലണ്ടിനുണ്ട്. ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തിയതോടെ ഇംഗ്ലണ്ടിന്റെ കരുത്ത് ഇരട്ടിച്ചിട്ടുണ്ട്.