നാല് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഏകദിന ലോകകപ്പ് വരാന്‍ പോവുകയാണ്. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മില്‍ മത്സരിക്കും. ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയക്കെതിരേയാണ്. 2011ന് ശേഷം സ്വന്തം തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. രോഹിത് ശര്‍മക്ക് കീഴില്‍ തകര്‍പ്പന്‍ ടീമിനെയാണ് ഇന്ത്യ കളത്തില്‍ ഇറക്കാന്‍ പോകുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിരയാണ് ഇന്ത്യയുടേത്. ഇനി ഫോം മാത്രമാണ് കണ്ടറിയേണ്ടത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഫേവറേറ്റുകളാണെന്നതില്‍ തര്‍ക്കമില്ല. ലോകകപ്പിലെ വിജയികളെ പ്രവചിക്കുന്നവരില്‍ ഒട്ടുമിക്ക ആളുകളും ഇന്ത്യ കിരീടം നേടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. സെമി ഫൈനലില്‍ ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ എത്തുമെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷ് ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ ആരൊക്കെയാണെന്ന് പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും ഫൈനല്‍ കളിക്കില്ലെന്നും ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലാവും ഫൈനല്‍ പോരാട്ടമെന്നുമാണ് മാര്‍ഷിന്റെ പ്രവചനം. ഇത്തവണത്തെ ലോകകപ്പില്‍ വലിയ കിരീട സാധ്യതയുള്ള ടീമാണ് ഓസ്‌ട്രേലിയ എന്നതില്‍ സംശയമില്ല. ശക്തമായ താരനിരയെയാണ് അവര്‍ പ്രഖ്യാപിച്ചത്.
പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് ടീമില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രെവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും നയിക്കുന്ന പേസ് നിരയും ആദം സാംബ നയിക്കുന്ന സ്പിന്‍ നിരയും എല്ലാ എതിരാളികള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളുടെ നിരയാണ് ഓസ്‌ട്രേലിയയുടേത്.

ഓസ്‌ട്രേലിയയുടെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലില്‍ സജീവമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യം എങ്ങനെ മുതലാക്കണമെന്ന് അവര്‍ക്ക് കൃത്യമായിട്ട് അറിയാം. ഇംഗ്ലണ്ടിനെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി എന്നിവരെല്ലാം ഉള്‍പ്പെടുന്ന സൂപ്പര്‍ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളതും. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പന്നരായവര്‍ ഇംഗ്ലണ്ടിനൊപ്പവുമുണ്ട്.
എന്നാല്‍ അവസാന രണ്ട് ലോകകപ്പിലും ഫൈനലിസ്റ്റുകളായ ന്യൂസീലന്‍ഡിന് ഇത്തവണ കാര്യമായ പ്രകടനം കാഴ്ചവെക്കാനാവുമോയെന്നത് കണ്ടറിയണം. കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയത് ന്യൂസീലന്‍ഡിന് കരുത്ത് പകരും. ട്രന്റ് ബോള്‍ട്ട് ഉള്‍പ്പെടുന്ന കിവീസ് ബൗളിങ് നിരയും ശക്തമാണ്. പാകിസ്താനെ എല്ലാവരും ഭയക്കണം. എടുത്തു പറയേണ്ടത് പാകിസ്താന്റെ ബൗളിങ് കരുത്താണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ത്രയമാണ് പാകിസ്താന്റേത്.
ഷഹീന്‍ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നീ മൂന്ന് സൂപ്പര്‍ പേസര്‍മാരാണ് പാകിസ്താന്റെ ശക്തി. ബാബര്‍ ആസം, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും ശക്തം. ഷദാബ് ഖാന്‍ ഓള്‍റൗണ്ട് മികവുകൊണ്ടും ശ്രദ്ധ നേടുന്നു. സംതുലിതമായ താരനിരയാണ് പാകിസ്താനുള്ളത്. ഇന്ത്യയില്‍ പാകിസ്താന്‍ ലോകകപ്പ് നേടിയാലും അതില്‍ അത്ഭുതപ്പെടാനാവില്ലെന്നതാണ് സത്യം.
ഇന്ത്യയെ മാര്‍ഷ് തഴഞ്ഞെങ്കിലും ഇന്ത്യ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ബാറ്റിങ് കരുത്ത് പകരുന്നു. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നീ മൂന്ന് സൂപ്പര്‍ പേസര്‍മാര്‍ ഇന്ത്യയുടെ ശക്തിയായി ഒപ്പമുണ്ട്.
കറക്കി വീഴ്ത്താന്‍ കുല്‍ദീപ് യാദവുള്ളപ്പോള്‍ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരുടെ ഓള്‍റൗണ്ട് മികവും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.