മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്ന് കഴിഞ്ഞു. അഞ്ചാം തീയ്യതി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാവും ലോകകപ്പിന് ആരംഭമാവുന്നത്. 2011ന് ശേഷം ഇന്ത്യ ആതിഥേയരാവുന്ന ആദ്യ ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. ഇത്തവണ കരുത്തുറ്റ താരനിര ഒട്ടുമിക്ക ടീമിനൊപ്പവുമുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. തട്ടകത്തിന്റെ ആധിപത്യം കാര്യമായി ഇന്ത്യയെ തുണച്ചേക്കില്ല.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമുകളാണ്. ഇത്തവണ സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര മിക്ക ടീമുകളിലും കാണാനാവും. ഇതില്‍ നിന്ന് ഏറ്റവും ശക്തമായ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയുടെ ശുബ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയെല്ലാ തഴഞ്ഞാണ് നാസര്‍ ഹുസൈന്‍ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുന്നത്.
രണ്ട് ഇന്ത്യക്കാരെ മാത്രമാണ് നാസര്‍ ഹുസൈന്‍ പ്ലേയിങ് 11ലേക്ക് പരിഗണിച്ചിരിക്കുന്നത്. ആരൊക്കെയാണ് ഈ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം. ഓപ്പണിങ്ങില്‍ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുണ്ട്. രോഹിത് ശര്‍മയ്‌ക്കൊപ്പം ക്വിന്റന്‍ ഡീകോക്കാണുള്ളത്. ഡേവിഡ് വാര്‍ണറേയും ശുബ്മാന്‍ ഗില്ലിനേയും തഴഞ്ഞാണ് നാസര്‍ ഹുസൈന്‍ ഡീകോക്കിനെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാക്കിയത്.
രോഹിത്തിനെപ്പോലെ തന്നെ ആക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരമാണ് ഡീകോക്ക്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഡീകോക്ക് വിക്കറ്റ് കീപ്പറെന്ന നിലയിലും മിടുക്കുകാട്ടുന്നവനാണ്. മൂന്നാം നമ്പറില്‍ പാകിസ്താന്റെ ബാബര്‍ ആസമിനെയാണ് നാസര്‍ ഹുസൈന്‍ പരിഗണിച്ചത്. ഇതിഹാസ ബാറ്റ്‌സ്മാനെന്ന് പറയുമ്പോഴും അവസാന ഏഷ്യാ കപ്പിലടക്കം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബാബര്‍ കാഴ്ചവെച്ചത്. എങ്കിലും ലോകകപ്പില്‍ കസറാന്‍ സാധ്യതയുള്ള താരമാണ് ബാബര്‍.

നാലാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോലിയെ ഇന്ത്യയുടെ നട്ടെല്ലെന്ന് തന്നെ വിശേഷിപ്പിക്കാം. സമീപകാലത്ത് മികച്ച ഫോമിലുള്ള കോലിയുടെ ലോകകപ്പിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറും. അഞ്ചാം നമ്പറില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണുള്ളത്. കടന്നാക്രമിച്ച് കളിക്കുന്ന ബട്‌ലര്‍ ഫോമിലേക്കെത്തിയാല്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ്.
ഇന്ത്യന്‍ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള ബട്‌ലര്‍ ഇത്തവണത്തെ ലോകകപ്പില്‍ കസറാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ നാസര്‍ ഹുസൈന്‍ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനെയാണ് പരിഗണിച്ചത്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഷക്കീബ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഏഴാം നമ്പറില്‍ നെതര്‍ലന്‍ഡ്‌സിന്റെ ബാസ് ഡീ ലീഡിയെയാണ് നാസര്‍ ഹുസൈന്‍ പരിഗണിച്ചത്. എട്ടാമനായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് അവസരം.
ഇത്തവണ എല്ലാവരും ഭയക്കുന്ന താരങ്ങളിലൊരാളാണ് റാഷിദ് ഖാന്‍. നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും തിളങ്ങാന്‍ റാഷിദ് ഖാന് സാധിക്കുന്നു. ഒമ്പതാം നമ്പറില്‍ ഓസീസ് നായകനും പേസ് ഓള്‍റൗണ്ടറുമായ പാറ്റ് കമ്മിന്‍സിനെയാണ് നാസര്‍ തിരഞ്ഞെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഷഹീന്‍ ഷാ അഫ്രീദിയേയും തഴഞ്ഞ നാസര്‍ ഇടം കൈയന്‍ പേസറായി ട്രന്റ് ബോള്‍ട്ടിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. 11ാമനായി ശ്രീലങ്കയുടെ മഹേഷ് തീക്ഷണയേയും ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവിനെ നാസര്‍ പരിഗണിച്ചില്ല.
നാസര്‍ ഹുസൈന്‍ തിരഞ്ഞെടുത്ത പ്ലേയിങ് 11- രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, ബാബര്‍ ആസം, വിരാട് കോലി, ജോസ് ബട്‌ലര്‍, ഷക്കീബ് അല്‍ ഹസന്‍, ബാസ് ഡി ലീഡി, റാഷിദ് ഖാന്‍, പാറ്റ് കമ്മിന്‍സ്, ട്രന്റ് ബോള്‍ട്ട്, മഹേഷ് തീക്ഷണ.