ജൊഹന്നാസ്ബര്‍ഗ്: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 5ന് ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്ക് ലോകകപ്പെത്തുന്നത്. അവസാനമായി ഇന്ത്യ ലോകകപ്പിന് വേദിയായപ്പോള്‍ കിരീടം അലമാരയിലെത്തിക്കാനായിരുന്നു. എന്നാല്‍ ഇത്തവണ എതിരാളികളെല്ലാം ശക്തമായതിനാല്‍ ഇന്ത്യക്ക് കിരീട നേട്ടം കടുപ്പമാവും.
ആരൊക്കെയാവും സെമി കളിക്കുകയെന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒട്ടുമിക്ക പ്രമുഖരും തങ്ങളുടെ പ്രവചനം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ഹാഷിം അംല ഇത്തവണത്തെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവരെ അംല തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവരാവും സെമിയിലെത്തുകയെന്നാണ് അംല പ്രവചിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വലിയ മുന്‍തൂക്കമുണ്ടെന്നാണ് അംല വിലയിരുത്തുന്നത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലിറങ്ങുന്ന ഇന്ത്യയുടെ താരനിര ബാറ്റുകൊണ്ടും പന്തുകൊണ്ടും സംതുലിതമാണ്. രോഹിത്, വിരാട് കോലി, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്.
ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഫോമിലാണ്. ഓസീസ് പരമ്പരയിലൂടെ മുഹമ്മദ് ഷമിയും മികവ് കാട്ടി. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും മിടുക്കുകാട്ടുന്നു. ഫീല്‍ഡിങ്ങിലെ പിഴവ് മാറ്റിനിര്‍ത്തിയാല്‍ ലോകകക്ക് കിരീടത്തിലേക്കെത്താന്‍ സാധിക്കുന്ന തകര്‍പ്പന്‍ താരനിരയാണ് ഇന്ത്യക്കുള്ളത്. ഇത്തവണ മൂന്നാം ഏകദിന ലോകകപ്പ് ഇന്ത്യ പ്രതീക്ഷിക്കുന്നു.

നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഇത്തവണയും കരുത്തരുടെ നിരയാണ്. ബെന്‍ സ്റ്റോക്‌സ് വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, മോയിന്‍ അലി എന്നിവരെല്ലാം ഉള്‍പ്പെടുന്ന മാച്ച് വിന്നര്‍മാരുടെ നിരയാണ് ഇംഗ്ലണ്ട്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ഇംഗ്ലണ്ടിനൊപ്പമുണ്ടെന്നതും ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു.
ഓസ്‌ട്രേലിയയെ അംല തഴഞ്ഞെങ്കിലും ഇത്തവണ കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നവരാണ് ഓസീസ്. ഇന്ത്യയില്‍ ഐപിഎല്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ഓസ്‌ട്രേലിയയുടേത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന തകര്‍പ്പന്‍ പേസ് നിര അവര്‍ക്കുണ്ട്. എടുത്തു പറയേണ്ടത് ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ട് കരുത്താണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവരെല്ലാം ചേരുമ്പോള്‍ ഓസീസ് നിര ശക്തമായി മാറും.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് തുടങ്ങിയ സീനിയര്‍ താരങ്ങളും മുന്‍ ചാമ്പ്യന്മാര്‍ക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഓസീസിന് വലിയ സാധ്യതയാണ് ഇത്തവണയുള്ളത്. അവസാന രണ്ട് ലോകകപ്പിലും ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡിനെ ഇത്തവണയും നിസാരക്കാരായി കാണാനാവില്ല. കെയ്ന്‍ വില്യംസണും തിരിച്ചെത്തിയതോടെ കിവീസ് നിരയും അതി ശക്തരുടേതായി.
പാകിസ്താനും വലിയ സാധ്യതയാണുള്ളത്. ഏഷ്യാ കപ്പില്‍ നാലാം സ്ഥാനക്കാരായിരുന്നെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം അതി ശക്തരുടേതാണ്. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഇമാം ഉല്‍ ഹഖ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര വലിയ പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരുടേതാണ്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവരുടെ പേസ് മികവും എടുത്തു പറയേണ്ടതാണ്. നസീം ഷായുടെ പരിക്കാണ് പാകിസ്താനെ പിന്നോട്ടടിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് വലിയ സാധ്യത ആരും കല്‍പ്പിക്കുന്നില്ലെങ്കിലും ഇത്തവണ കപ്പിലേക്കെത്താന്‍ അവര്‍ക്ക് കെല്‍പ്പുണ്ട്. ടെംബ ബാവുമ, ക്വിന്റന്‍ ഡീകോക്ക്, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരെല്ലാം ബാറ്റിങ് നിരക്ക് കരുത്തുപകരുന്നു. ബൗളിങ്ങില്‍ കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, തബ്രൈസ് ഷംസി എന്നിവരെല്ലാം ഉള്‍പ്പെടുമ്പോള്‍ എതിരാളികളെ വിറപ്പിക്കാന്‍ സാധിക്കുമെന്ന കാര്യം ഉറപ്പാണ്.