മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കുന്നു. ഒക്ടോബര്‍ 5ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാവും വിശ്വകിരീട പോരാട്ടം ആരംഭിക്കുക. എല്ലാ ടീമുകളും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണുള്ളത്. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. തീപാറും പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
ഇത്തവണത്തെ ലോകകപ്പിന്റെ കമന്റേറ്റര്‍മാരായി 32 പേരടങ്ങുന്ന സംഘത്തെയാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക ക്രിക്കറ്റിലെ പ്രമുഖരായ മുന്‍ താരങ്ങളെല്ലാം ഇത്തവണത്തെ ലോകകപ്പില്‍ കമന്റേറ്റര്‍മാരായി എത്തുന്നുണ്ട്. ഇവരില്‍ നിന്ന് ബെസ്റ്റ് 11നെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം. ഓപ്പണര്‍മാരായി മാത്യു ഹെയ്ഡനും ഷെയ്ന്‍ വാട്‌സണുമാണുള്ളത്. രണ്ട് പേരും ഓസീസ് താരങ്ങളാണ്. ഇടം കൈയന്‍ ഓപ്പണറായിരുന്ന ഹെയ്ഡന്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ലോകത്തെ വിറപ്പിച്ചവനാണ്.
ഷെയ്ന്‍ വാട്‌സണ്‍ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കുന്ന താരമാണ്. പേസ് ഓള്‍റൗണ്ടറായിരുന്ന വാട്‌സണ്‍ ഓസീസിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്. ഇത്തവണ കമന്റേറ്ററായി വാട്‌സണുമുണ്ട്. മൂന്നാം നമ്പറില്‍ റിക്കി പോണ്ടിങ്ങാണുള്ളത്. മുന്‍ ഓസീസ് നായകനായ പോണ്ടിങ്ങിനെയാണ് നായകനായും പരിഗണിക്കുന്നത്. ഓസ്‌ട്രേലിയയെ രണ്ട് തവണ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച പോണ്ടിങ് ബാറ്റ്‌സ്മാനെന്ന നിലയിലും തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ്.
നാലാം നമ്പറില്‍ ഓയിന്‍ മോര്‍ഗനാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് മോര്‍ഗന്‍. ഇത്തവണ കമന്റേറ്റര്‍ റോളിലാണ് മുന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനുള്ളത്. അഞ്ചാം നമ്പറില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനാണുള്ളത്. ഇന്ത്യന്‍ താരങ്ങളെ ട്രോളി പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങുന്നയാളാണ് നാസര്‍ ഹുസൈന്‍. ഇത്തവണ നാസര്‍ ഹുസൈന്‍ കമന്റേറ്ററാവുമ്പോള്‍ വിവാദ പരാമര്‍ശങ്ങളുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തികാണുള്ളത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന കാര്‍ത്തിക് കമന്റേറ്ററായി കരിയര്‍ തുടങ്ങിയ ശേഷം വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയും ടി20 ലോകകപ്പ് കളിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കമന്റേറ്റര്‍ റോളില്‍ കാര്‍ത്തിക് സജീവമാണ്. ഏഴാം നമ്പറില്‍ ഓള്‍റൗണ്ടറായി രവി ശാസ്ത്രിയാണുള്ളത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും വിസ്മയിപ്പിച്ചിരുന്ന ഇന്ത്യന്‍ താരമാണ് രവി ശാസ്ത്രി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുണ്ടായിരുന്ന ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായും ഏറെ നാള്‍ പ്രവര്‍ത്തിച്ചു.
എട്ടാം നമ്പറില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്കാണുള്ളത്. പേസറെന്ന നിലയില്‍ മാത്രമല്ല ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയാണ് പൊള്ളോക്ക് വിരമിച്ചത്. ഒമ്പതാം നമ്പറില്‍ പാകിസ്താന്റെ വഖാര്‍ യൂനിസാണുള്ളത്. പാക് സൂപ്പര്‍ പേസറായിരുന്ന വഖാര്‍ ഏറെ നാള്‍ പരിശീലക റോളിലുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ലോകകപ്പില്‍ കമന്റേറ്ററായാണെത്തുന്നത്. 10ാം നമ്പറില്‍
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷോപ്പും 11ാമനായി വിന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്രിയുമാണുള്ളത്.
ഇടവേളക്ക് ശേഷം ഇന്ത്യയില്‍ ലോകകപ്പെത്തുമ്പോള്‍ എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയുമായാണെത്തുന്നത്. അതുകൊണ്ടുതന്നെ കിരീട നേട്ടം ഒരു ടീമിനെ സംബന്ധിച്ചും എളുപ്പമാവില്ല. ആതിഥേയരാണെന്ന മുന്‍തൂക്കം ഇന്ത്യയെ തുണച്ചേക്കില്ല. മിക്ക താരങ്ങള്‍ക്കും ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ളതിനാല്‍ ഇത്തവണ പോരാട്ടങ്ങള്‍ കടുക്കുമെന്നുറപ്പ്.
കമന്റേറ്റര്‍മാരുടെ 11- മാത്യു ഹെയ്ഡന്‍, ഷെയ്ന്‍ വാട്‌സണ്‍, റിക്കി പോണ്ടിങ്, ഓയിന്‍ മോര്‍ഗന്‍, നാസര്‍ ഹുസൈന്‍, ദിനേഷ് കാര്‍ത്തിക്, രവി ശാസ്ത്രി, ഷോണ്‍ പൊള്ളോക്ക്, വഖാര്‍ യൂനിസ്, ഇയാന്‍ ബിഷോപ്പ്, സാമുവല്‍ ബദ്രി.