മുംബൈ: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് ആരംഭമാവുന്നത്. ഇത്തവണ ശക്തമായ താരനിരയാണ് മിക്ക ടീമുകള്‍ക്കുമുള്ളത്. അതുകൊണ്ടുതന്നെ പോരാട്ടങ്ങള്‍ കടുക്കുമെന്ന കാര്യം ഉറപ്പാണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയാണ് ഇത്തവണത്തെ ഫേവറേറ്റുകള്‍. എന്നാല്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, എന്നിവരെല്ലാമുണ്ട്.
ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ഇന്ത്യയിലെ 10 വേദികളിലായി നടക്കുന്ന കായിക മാമാങ്കത്തില്‍ കിരീടം ആരാവും നേടുക?. ആരാവും റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്തുക? ഇതിനോടകം പലരും ഇക്കാര്യത്തില്‍ തങ്ങളുടെ പ്രവചനം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ഇത്തവണത്തെ കിരീട ഫേവറേറ്റുകളേയും റണ്‍വേട്ടക്കാരിലെ ഒന്നാമനേയും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്ക് സെമി സീറ്റ് ഉറപ്പാണെന്ന് വിലയിരുത്തിയ കുംബ്ലെ ന്യൂസീലന്‍ഡ്/ ദക്ഷിണാഫ്രിക്ക എന്നിവരില്‍ ഒരു ടീമാവും സെമിയിലെത്തുകയെന്നും വിലയിരുത്തി. പാകിസ്താന്‍ സെമിയിലേക്കെത്താന്‍ സാധ്യതയില്ലെന്നാണ് കുംബ്ലെ പറഞ്ഞത്. ഇത്തവണ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയാവും തലപ്പത്തേക്കെത്തുകയെന്നാണ് കുംബ്ലെ പറയുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെയാണ് രോഹിത് കസറിയത്.
ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡടക്കം ലോക റെക്കോഡിട്ടാണ് രോഹിത് ശര്‍മ തിളങ്ങിയത്. ഇന്ത്യയിലും മികച്ച റെക്കോഡുള്ള താരമാണ് രോഹിത്. അതുകൊണ്ടുതന്നെ ഇത്തവണയും രോഹിത് ശര്‍മ മികവ് ആവര്‍ത്തിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വിക്കറ്റ് വേട്ടക്കാരില്‍ ആര് തലപ്പത്തെത്തുമെന്ന ചോദ്യത്തിന് ജസ്പ്രീത് ബുംറയെന്നാണ് കുംബ്ലെയുടെ ഉത്തരം. 11 മാസത്തോളം ടീമിന് പുറത്തിരുന്ന ശേഷമാണ് ബുംറ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.

മടങ്ങിവരവില്‍ ഗംഭീര പ്രകടനം തന്നെ ബുംറ കാഴ്ചവെക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരമായി ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ, ഇംഗ്ലണ്ടിന്റെ മോയിന്‍ അലി എന്നിവരിലൊരാള്‍ എത്തുമെന്നും കുംബ്ലെ പ്രവചിച്ചു. ഇന്ത്യയിലെ പിച്ചില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും കസറാന്‍ സാധിക്കും. മിക്ക മത്സരങ്ങളിലും 300ന് മുകളിലേക്ക് സ്‌കോര്‍ എത്തിയേക്കും.
ഇത്തവണ ഇന്ത്യയില്‍ കസറാന്‍ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും സാധിച്ചേക്കും. രോഹിത് ശര്‍മയുടെ സമീപകാല ഫോം വളരെ പ്രതീക്ഷ നല്‍കുന്നതാണ്. വിരാട് കോലിയും തിളങ്ങുന്നു. 2023ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ റെക്കോഡ് ശുബ്മാന്‍ ഗില്ലിന്റെ പേരിലാണ്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ അത്ഭുതപ്പെടുത്തുന്ന റെക്കോഡ് ഗില്ലിനുണ്ട്. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം ഇത്തവണ ഇന്ത്യയില്‍ ശോഭിക്കാന്‍ ശേഷിയുള്ളവനാണ്.
ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. ഇടം കൈയന്‍ താരം ഇന്ത്യക്കെതിരായ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ വാര്‍ണര്‍ തലപ്പത്തേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിക്കറ്റ് വേട്ടക്കാരില്‍ സ്പിന്നര്‍മാര്‍ തലപ്പത്തേക്കെത്താനുള്ള സാധ്യതയാണ് കൂടുതല്‍. കുല്‍ദീപ് യാദവ്, ആദില്‍ റഷീദ് എന്നിവരുടെ പേരുകള്‍ മുന്‍പന്തിയിലുണ്ട്.
പേസ് നിരയില്‍ ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ താരങ്ങളില്‍ പ്രതീക്ഷ നല്‍കുന്നു. ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണയും ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ്. ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ് അതിവേഗ പേസുകള്‍ക്കൊണ്ട് വിറപ്പിക്കാന്‍ ശേഷിയുള്ളവനാണ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ എന്നിവരുണ്ട്. പാകിസ്താനില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങ്ങിനെ എല്ലാവരും ഭയക്കും. എന്തായാലും ഇത്തവണ എല്ലാ മേഖലയിലും പോരാട്ടം കടുക്കുമെന്നുറപ്പാണ്.