ധരംശാല: ഏകദിന ലോകകപ്പില്‍ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ കിരീട സാധ്യത നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാനമാകുന്ന മത്സരമായിരിക്കും നാളെ നടക്കാന്‍ പോകുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് മടക്ക ടിക്കറ്റ് നല്‍കിയ കിവീസ് വീണ്ടും എതിരാളികളായെത്തുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം. ഏകദിന ലോകകപ്പില്‍ 9 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ചിലും ജയം കിവീസിനായിരുന്നു.
അതുകൊണ്ടുതന്നെ കണക്കുകളില്‍ കിവീസിനാണ് മുന്‍തൂക്കം. ഇന്ത്യയെ സംബന്ധിച്ച് നാളത്തെ മത്സരം അഗ്നിപരീക്ഷയായിരിക്കുമെന്ന് പറയാം. 2003 മുതലുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു തവണ പോലും ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല. ഇത്തവണ ഇന്ത്യന്‍ മണ്ണില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ചരിത്രം തിരുത്തപ്പെടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാല്‍ ഈ മത്സരം ഫലം എന്തായാലും പ്രശ്‌നമില്ലെന്നും ഇന്ത്യയാണ് ഫേവറേറ്റുകളെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍. 'ഇന്ത്യ സ്വന്തം തട്ടകത്തില്‍ കളിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത്തവണ മികച്ച രീതിയില്‍ തുടങ്ങാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയാണ് കപ്പ് നേടാന്‍ സാധ്യത കൂടുതല്‍. ന്യൂസീലന്‍ഡിനെതിരായ മത്സരഫലം എന്തായാലും കുഴപ്പമില്ല.
ജസ്പ്രീത് ബുംറ ഇന്ത്യയുടെ പേസാക്രമണത്തെ നന്നായി മുന്നോട്ട് കൊണ്ടുപോകുന്നു. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും നന്നായി പന്തെറിയുന്നുണ്ട്. ഇന്ത്യയുടെ ടോപ് ത്രീ ഏറെ നാളുകയായി മികവ് കാട്ടുന്നു'- ടെയ്‌ലര്‍ പറഞ്ഞു. നിലവിലെ ഫോമില്‍ രണ്ട് ടീമുകളേയും തുല്യ ശക്തികളെന്നാണ് വിളിക്കാന്‍ സാധിക്കുക. എന്നാല്‍ ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാനാവും. തട്ടകത്തിന്റെ ആധിപത്യം ഇന്ത്യയെ തുണച്ചേക്കും.

പരിക്ക് രണ്ട് ടീമിനും വലിയ ഭീഷണിയാണ്. ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് കാലിന് പരിക്കേറ്റത്. ഇതോടെ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഹാര്‍ദിക്കിന് പകരം ഇന്ത്യ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെ കളിപ്പിക്കാനാണ് സാധ്യത. മുഹമ്മദ് ഷമിയേയും ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയേക്കും.
ന്യൂസീലന്‍ഡ് നിരയില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കില്ല. എന്നാല്‍ വില്യംസണിന്റെ അഭാവം ന്യൂസീലന്‍ഡിന് വലിയ തിരിച്ചടിയായേക്കില്ല. ഇന്ത്യയെ വിറപ്പിക്കാനുള്ള ടീം കരുത്ത് കിവീസിനുണ്ട്. ഡെവോണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് തലവേദനയായേക്കും. ട്രന്റ് ബോള്‍ട്ടിന്റെ ന്യൂബോളിലെ പ്രകടനവും ഇന്ത്യ കരുത്തിത്തന്നെ ഇറങ്ങണം. മിച്ചല്‍ സാന്റ്‌നറുടെ ഓള്‍റൗണ്ട് മികവും ഇന്ത്യയെ ഭയപ്പെടുത്തുന്നു.
ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ മിന്നും ഫോമാണ് ഇന്ത്യക്ക് കരുത്താവുന്നത്. ടോപ് ത്രീ നന്നായി കളിച്ചാല്‍ പിന്നാലെയെത്തുന്നവര്‍ കസറും. കെ എല്‍ രാഹുല്‍ മധ്യനിരയില്‍ വിശ്വസ്തനായി മാറിക്കഴിഞ്ഞു. നിലയുറപ്പിച്ച് കളിക്കാനും ആക്രമിച്ച് കളിക്കാനും രാഹുല്‍ മിടുക്കുകാട്ടുന്നുണ്ട്. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയുടെ മധ്യനിരയുടെ കരുത്ത് കുറക്കുന്നു.
സൂര്യകുമാര്‍ യാദവ് പകരക്കാരനായാലും വിശ്വസ്തനെന്ന് വിളിക്കാനാവില്ല. രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങിലെ മോശം ഫോമും ഇന്ത്യക്ക് തിരിച്ചടിയായേക്കും. എന്നാല്‍ ബൗളിങ്ങില്‍ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്. കുല്‍ദീപ് യാദവും ജഡേജയും ബുംറയും കസറുന്നു. മുഹമ്മദ് സിറാജ് വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തതാണ് ഇന്ത്യയെ തളര്‍ത്തുന്നത്. എന്തായാലും ജയിക്കാനായി ഇരു ടീമും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടി വരുമെന്നകാര്യം ഉറപ്പാണ്.