ധരംശാല: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പിന് വെല്ലുവിളി ഉയര്‍ത്തി നാളെ കിവീസിനെതിരായ പോരാട്ടം നടക്കാന്‍ പോവുകയാണ്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കിവീസിനോട് പകരം വീട്ടാനുറച്ചാണ് രോഹിത്തും സംഘവും ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്നുറപ്പ്. കളിച്ച നാല് മത്സരവും ജയിച്ച കിവീസ് ഒത്തിണക്കത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം.
ന്യൂസീലന്‍ഡിനെതിരായ മത്സരം നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ തിരിച്ചടിയായി ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റിരിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് കിവീസിനെതിരായ മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ പകരക്കാരനെ ഇന്ത്യ കണ്ടത്തേണ്ടിയിരിക്കുന്നു. ഇന്ത്യ പ്ലേയിങ് 11ല്‍ എവിടെയാണ് മാറേണ്ടത്?. ഇപ്പോഴിതാ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.
രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തണമെന്നാണ് ഹര്‍ഭജന്‍ നിര്‍ദേശിക്കുന്നത്. ഹാര്‍ദിക്കിന് പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ കളിക്കണമെന്നും മുഹമ്മദ് ഷമിയെക്കൂടി പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഹര്‍ഭജന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനെ ബൗളിങ്ങിലും ടീം നന്നായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയുടെ ബൗളിങ് കരുത്തിനെയാണ് കൂടുതലായി ബാധിക്കുക.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യ ഒരു സ്‌പെഷ്യലിസ്റ്റ് പേസറെക്കൂടി പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാവും. അങ്ങനെ വരുമ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം മുഹമ്മദ് ഷമിയെക്കൂടി പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തും. ഇതോടെ ഇന്ത്യയുടെ പേസ് കരുത്തുയരും. ഷമിയെ കളിപ്പിക്കുമ്പോള്‍ ശാര്‍ദ്ദുല്‍ ടാക്കൂറിന്റെ ചീട്ടുകീറും. ഇന്ത്യ ഭാഗ്യതാരമായി കണക്കാക്കുന്ന കളിക്കാരനാണ് ഷമി. എന്നാല്‍ പ്രത്യേകിച്ച് യാതൊരു ഗുണവും ടീമിന് നല്‍കുന്നില്ല.

പേസ് ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും അതിനൊത്ത പ്രകടനം നടത്താന്‍ ശാര്‍ദ്ദുലിന് സാധിച്ചിട്ടില്ല. ഇക്കാരണത്താല്‍ത്തന്നെ ശാര്‍ദ്ദുലിനെ ഇന്ത്യ ഒഴിവാക്കാനാണ് സാധ്യത. പകരം ഷമിയെ ഇന്ത്യക്ക് കളിപ്പിക്കാതിരിക്കാനാവില്ല. ബാറ്റിങ് നിരയിലേക്ക് സൂര്യകുമാര്‍ യാദവ് എത്താനാണ് സാധ്യത. ഹാര്‍ദിക്കിനെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ പകരക്കാരനും വെടിക്കെട്ട് ഫിനിഷറാവണം. ഇത് പരിഗണിക്കുമ്പോള്‍ ഇഷാന്‍ കിഷനേക്കാളും മുന്‍തൂക്കം സൂര്യകുമാര്‍ യാദവിനാവും.
ഇന്ത്യ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാത്തതില്‍ പല ആരാധകര്‍ക്കും നിരാശയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ എത്തിയാല്‍ ആരാധകര്‍ക്കും അത് ആവേശമാവും. അവസാന 10 ഓവറില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍. ഓസീസ് പരമ്പരയില്‍ തിളങ്ങിയ സൂര്യയെത്തന്നെ കിവീസിനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ പ്രതീക്ഷിക്കാം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കൂടുതലും ടോപ് ഓഡറിലാണ് തിളങ്ങുന്നത്.
മധ്യ ഓവറുകളില്‍ തിളങ്ങുമെങ്കിലും വെടിക്കെട്ട് ഫിനിഷറായി ഇഷാനെ പരിഗണിക്കാന്‍ സാധിക്കില്ല. ഇന്ത്യക്ക് പരിക്ക് വെല്ലുവിളിയാവുന്നതുപോലെ തന്നെ ന്യൂസീലന്‍ഡിനും പരിക്ക് വലിയ തിരിച്ചടിയാണ്. നായകന്‍ കെയ്ന്‍ വില്യംസണ്‍ പരിക്കുമൂലം ഇന്ത്യക്കെതിരേ കളിക്കില്ല. കൈവിരലിന് പരിക്കേറ്റ വില്യംസണിന്റെ അഭാവം കിവീസിന് തലവേദനയാണ്. എന്നാല്‍ അതിനെ മറികടക്കാനുള്ള ടീം കരുത്ത് ന്യൂസീലന്‍ഡിനുണ്ടെന്ന് നിസംശയം പറയാം.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ടിം സൗത്തി ഇന്ത്യക്കെതിരേ കളിക്കുമെന്നാണ് വിവരം. നേര്‍ക്കുനേര്‍ കണക്കില്‍ കിവീസിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന് തന്നെ വിലയിരുത്താം. ഇത്തവണ ലോകകപ്പില്‍ തോല്‍ക്കാത്തത് ഇന്ത്യയും ന്യൂസീലന്‍ഡും മാത്രമാണ്. ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഒരു ടീമിന്റെ വിജയക്കുതിപ്പിന് അവസാനമാവുമെന്നുറപ്പ്. അത് ആരുടേതാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.