ഐസിസി ഏകദിന ലോകകപ്പ് ആവേശകരമായ മൂന്നാം ദിനത്തിലേക്കു കടക്കവെ ടൂര്‍ണമെന്റിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. ടൂര്‍ണമെന്റിലെ ആദ്യത്തെ രണ്ടു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ന്യൂസിലാന്‍ഡും പാകിസ്താനുമാണ് വിജങ്ങളോടെ അക്കൗണ്ട് തുറന്നത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ ന്യൂസിലാന്‍ഡ് ഒമ്പതു വിക്കറ്റിനു മുക്കിയിരുന്നു. രണ്ടാമത്തെ കളിയില്‍ പാകിസ്താന്‍ 81 റണ്‍സിനു അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്തുവിടുകയും ചെയ്തു.
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ വിക്കറ്റ് വേട്ടക്കാരനായിരുന്നു ആമിര്‍. പക്ഷെ ഇത്തവണ അദ്ദേഹത്തിനു ടീമില്‍പ്പോലും ഇടം ലഭിച്ചിട്ടില്ല. ഇന്ത്യയിലെ പത്തു വേദികളായി നടക്കുന്ന ഇത്തവണത്തെ ലോകകപ്പില്‍ 10 ടീമുകളാണ് അണിനിരക്കുന്നത്. മുന്‍ ടൂര്‍ണമെന്റിലേതു പോലെ തന്നെ റൗണ്ട് റോബിന്‍ രീതിയില്‍ തന്നെയാണ് ഇത്തവണത്തെയും ലോകകപ്പ്.

പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും ഒമ്പതു മല്‍സരങ്ങള്‍ വീതമുണ്ടാവും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളായിരിക്കും സെമി ഫൈനലിലേക്കു യോഗ്യത നേടുക. അടുത്ത മാസം 19നാണ് കിരീപ്പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് ഫൈനലിനു ആതിഥേയത്വം വഹിക്കുക.
ഹസ്‌നാ മനാ ഹേയെന്ന ടിവി ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ലോകകപ്പിലെ ഫൈനലിസ്റ്റുകളെ മുഹമ്മദ് ആമിര്‍ പ്രവചിച്ചത്. തന്റെ ടീമായ പാകിസ്താന്‍ ഫൈനല്‍ കാണാതെ പുറത്താവുമെന്നാണ് അദ്ദേഹത്തന്റെ വിലയിരുത്തല്‍. ആതിഥേയരായ ഇന്ത്യയും നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും തമ്മിലായിരിക്കും ഇത്തവണ ഫൈനലെന്നാണ് ആമിര്‍ പ്രവചിച്ചിരിക്കുന്നത്.
2019ലെ ത്രില്ലിങ് ഫൈനലില്‍ നൂസിലാന്‍ഡിനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് കന്നിക്കിരീടം സ്വന്തമാക്കിയത്. ഇന്ത്യയാവട്ടെ 1983, 2011 ലോകകപ്പുകളിലെ ജേതാക്കള്‍ കൂടിയാണ്. കഴിഞ്ഞ മൂന്ന് ഏകദിന ലോകകപ്പുകളെടുത്താല്‍ ആതിഥേയ ടീമുകളിലൊന്നാണ് ചാംപ്യന്മാരായിട്ടുള്ളത്.
ഫൈനലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടണമെന്നാണ് എന്റെ പ്രാര്‍ഥന. പക്ഷെ സാങ്കേതികമായി ക്രിക്കറ്റിന്റെ സെന്‍സില്‍ നോക്കുകയാണെങ്കില്‍ അതു സംഭവിക്കില്ല. പകരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഫൈനലില്‍ മുഖാമുഖം വരാനാണ് സാധ്യത. ഇന്ത്യയെ എഴുതിത്തള്ളാന്‍ സാധിക്കില്ല. ടീമിന്റെ താളം എങ്ങനെ ആയിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍.

കടലാസില്‍ നമ്മള്‍ നോക്കിയാല്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഫൈനല്‍ കളിക്കാന്‍ ഏറ്റവും സാധ്യതയെന്നും ആമിര്‍ വിശദമാക്കി. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ജേതാക്കളാവുമെന്നും 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ ഹീറോ കൂടിയായ ആമിര്‍ പറയുന്നു.
ലോകകപ്പിലെ നാലു സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവുമെന്നും ഷോയില്‍ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരായിരിക്കും സെമിയിലെ ടീമുകള്‍. നേരത്തേ ന്യൂസിലാന്‍ഡ് ടീമിനെ ഞാന്‍ സെമി ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തിരുന്നു.
പക്ഷെ ഇപ്പോള്‍ ഞാന്‍ അവര്‍ക്കു പകരം പാകിസ്താനെയാണ് സെമിയിലേക്കു തിരഞ്ഞെടുക്കുക. കാരണം പാകിസ്താന്‍ ടീമിനു മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. എല്ലാവരും നമ്മുടെ ടീമിനെ (പാകിസ്താന്‍) എഴുതിത്തള്ളുമ്പോഴാണ് അവര്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാറുള്ളതെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
ആമിറിനൊപ്പം പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീമും ഷോയില്‍ പങ്കെടുത്തിരുന്നു. ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെക്കുറിച്ച് അദ്ദേഹവും പ്രവചനം നടത്തിയിട്ടുണ്ട്. പാകിസ്താന്‍, ഇന്ത്യ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരായിരിക്കും സെമിയിലെ ടീമുകള്‍. ഇംഗ്ലണ്ടും സൗത്താഫ്രിക്കയും സെമി കാണാതെ പുറത്താവും. പാകിസ്താനും ഇന്ത്യയും തമ്മിലാവും ഫൈനല്‍.
2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ അതു സംഭവിച്ചിരുന്നു. അന്നു ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ ചാംപ്യന്‍മാരുമായിരുന്നു. ഇത്തവണയും അതു തന്നെ സംഭവിക്കണമെന്നാണ് എന്റെ പ്രാര്‍ഥന. പാകിസ്താനും ഇന്ത്യയും തമ്മിലാണ് ഫൈനലെങ്കില്‍ പാകിസ്താന്‍ ജയിക്കുമെന്നും വസീം കൂട്ടിച്ചേര്‍ത്തു.