മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 5ന് ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണ് വരാനിരിക്കുന്നത്. ആതിഥേയരെന്ന നിലയിലും ഫോം വിലയിരുത്തിയാലും ഇന്ത്യക്കാണ് മുന്‍തൂക്കം. ഇത്തവണ മൂന്നാം ഏകദിന ലോകകപ്പിലേക്ക് ഇന്ത്യയെത്താന്‍ സാധ്യത കൂടുതലാണ്.
ഇന്ത്യയിലാണ് ലോകകപ്പെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്കാവും മുന്‍തൂക്കം. എന്നാല്‍ പ്രതിഭാശാലികളായ പേസര്‍മാര്‍ക്കും ഇന്ത്യന്‍ സാഹചര്യത്തില്‍ തിളങ്ങാനാവും. ഇപ്പോഴിതാ ഏകദിന ലോകകപ്പിലെ മികച്ച അഞ്ച് പേസര്‍മാര്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ സ്റ്റെയിന്‍ ഒഴിവാക്കിയെന്നതാണ് എടുത്തു പറയേണ്ടത്.
മുഹമ്മദ് സിറാജ്, ഷഹീന്‍ അഫ്രീദി, ട്രന്റ് ബോള്‍ട്ട്, കഗിസോ റബാഡ, മാര്‍ക്ക് വുഡ് എന്നിവരെയാണ് ഇത്തവണത്തെ ഹീറോ പേസര്‍മാരായി സ്‌റ്റെയിന്‍ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ബൗളര്‍മാരില്‍ സിറാജാണ് തുറുപ്പുചീട്ടെന്നാണ് സ്റ്റെയിന്‍ പറയുന്നത്. സീനിയര്‍ പേസറായ ബുംറ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ലോകകപ്പിലേക്കെത്തിയത്. തിരിച്ചുവരവില്‍ പഴയ മികവ് കാട്ടാനും ബുംറയ്ക്കായി. ഏഷ്യാ കപ്പിലടക്കം ഗംഭീര പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്.
മറുവശത്ത് ബുംറയെ കവച്ചുവെക്കുന്ന പ്രകടനമാണ് സിറാജ് കാഴ്ചവെക്കുന്നത്. 30 മത്സരത്തില്‍ നിന്ന് 54 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഏഷ്യാ കപ്പ് ഫൈനലില്‍ ആറ് വിക്കറ്റുകളുമായി ഇന്ത്യക്ക് സ്വപ്‌ന തുല്യ ജയം സമ്മാനിക്കാന്‍ സിറാജിനായി. രണ്ടുവശത്തേക്കും പന്തിനെ നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ സാധിക്കുന്ന സിറാജ് ന്യൂബോളില്‍ എതിരാളികള്‍ക്ക് വലിയ നഷ്ടം സൃഷ്ടിക്കുന്നു. നിലവിലെ ഫോം ലോകകപ്പിലും സിറാജ് തുടരുമെന്ന് പ്രതീക്ഷിക്കാം.
പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീദി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. സ്വിങ്ങും മികച്ച ലൈനും ലെങ്തും കൈമുതലായുള്ള ഷഹീന്‍ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളറാണ്. ഇടം കൈയന്‍ പേസറായ ഷഹീനാണ് പാകിസ്താന്റെ തുറുപ്പുചീട്ട്. ഒക്ടോബര്‍ 14നാണ് എല്ലാവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഇന്ത്യയുടെ ടോപ് ഓഡറിന് വലിയ ഭീഷണി ഉയര്‍ത്തുന്നത് ഷഹീന്റെ ബൗളിങ്ങാണ്.
നസീം ഷാ ഇല്ലാത്തതിനാല്‍ കൂടുതല്‍ ജോലിഭാരം ഇത്തവണ ഷഹീന് വഹിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. 44 ഏകദിനത്തില്‍ നിന്ന് 86 വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ ഇന്ത്യന്‍ സാഹചര്യത്തില്‍ എത്രത്തോളം തിളങ്ങുമെന്നത് കണ്ടറിയണം. നല്ല വേഗമാണ് റബാഡയുടെ സവിശേഷത. സ്ഥിരതയോടെ നല്ല വേഗത്തില്‍ എറിയാന്‍ റബാഡക്ക് സാധിക്കും. ഐപിഎല്ലിലൂടെയടക്കം ഇന്ത്യന്‍ പിച്ചില്‍ റബാഡക്ക് പരിചയ സമ്പത്തുണ്ട്.

92 ഏകദിനത്തില്‍ നിന്ന് 144 വിക്കറ്റാണ് റബാഡ വീഴ്ത്തിയത്. മിന്നല്‍ യോര്‍ക്കറുകളിലൂടെ വിറപ്പിക്കാനും കഴിവുള്ളവനാണ് റബാഡ. നാലാം പേസറായ കിവീസിന്റെ ട്രന്റ് ബോള്‍ട്ടാണ്. ഇടം കൈയന്‍ പേസറായ ബോള്‍ട്ട് സ്വിങ്ങുകൊണ്ട് വിറപ്പിക്കുന്നവനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഇന്ത്യന്‍ പിച്ചിലെ തന്റെ പ്രകടന മികവ് ബോള്‍ട്ട് തെളിയിച്ചിട്ടുണ്ട്. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ അസാധ്യ മികവുള്ള ബാറ്റ്‌സ്മാനാണ് ബോള്‍ട്ട്.
പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ബോള്‍ട്ടിന്റെ പ്രകടനം എത്രത്തോളം മികച്ചതാവുമെന്ന് കണ്ടറിയണം. 104 മത്സരത്തില്‍ നിന്ന് 197 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ് മികച്ച വേഗത്തില്‍ പന്തെറിയുന്നതോടൊപ്പം മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിക്കുന്ന താരമാണ്. തുടര്‍ച്ചയായി മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള അപൂര്‍വ്വം ബൗളര്‍മാരിലൊരാളാണ് മാര്‍ക്ക് വുഡ്.