For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഡച്ചുകാരെയും തുരത്തി ന്യൂസിലാന്‍ഡ്, മിന്നും ജയം | ഒന്നാംസ്ഥാനം ഭദ്രം

ഹൈദരാബാദ്: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരവും ജയിച്ച് ന്യൂസിലാന്‍ഡ് വിജയക്കുതിപ്പ് തുടരുകയാണ്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളെ തകര്‍ത്തുകൊണ്ട് തുടങ്ങിയ കിവീസ് രണ്ടാംറൗണ്ടില്‍ നെതര്‍ലാന്‍ഡ്‌സിന്റെയും കഥ കഴിച്ചു. അട്ടിമറി വിജയം മോഹിച്ച് ഇറങ്ങിയ ഡച്ചുകാര്‍ കളിയുടെ ഒരു ഘട്ടത്തിലും കിവികള്‍ക്കു ഭീഷണിയുയര്‍ത്താതെയാണ് കീഴടങ്ങിയത്. 99 റണ്‍സിന്റെ ആധികാരിക ജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം അവര്‍ നിലനിര്‍ത്തുകയും ചെയ്തു.

323 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഡച്ച് ടീമിനു കിവീസ് നല്‍കിയത്. മറുപടിയില്‍ ഡച്ച് ടീമിന്റെ മറുപടി 46.3 ഓവറില്‍ 223 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 69 റണ്‍സെടുത്ത കോളിന്‍ ആക്കര്‍മാനായിരുന്നു ഡച്ച് ടീമിന്റെ ടോപ്‌സ്‌കോറര്‍. 73 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറുകളടിച്ചു. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് 30ഉം ഇന്ത്യന്‍ വംശജനായ തേജ നിദാമണുരു 21 റണ്‍സും നേടി. അഞ്ചു വിക്കറ്റുകളെടുത്ത മിച്ചെല്‍ സാന്റ്‌നറാണ് ഡച്ച് ടീമിന്റെ അന്തകനായത്. മാറ്റ് ഹെന്‍ട്രി മൂന്നു വിക്കറ്റുകളുമെടുത്തു.

KIWIS

നേരത്തേ മൂന്നു പേരുടെ ഫിഫ്റ്റികളായിരുന്നു ന്യൂസിലാന്‍ഡിനെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. വളരെ പതിഞ്ഞ താളത്തിലായിരുന്നു കിവികളുടെ തുടക്കം. ആദ്യത്തെ മൂന്നോവറുകളും അവര്‍ മെയ്ഡനാക്കിയതോടെ ഡച്ച് ടീം അദ്ഭുതങ്ങള്‍ കാണിക്കുമോയെന്നു പലരും പ്രതീക്ഷിച്ചു. എന്നാല്‍ പിന്നീട് വളരെ വേഗം സ്‌കോര്‍ ചെയ്ത കിവികള്‍ നെതര്‍ലാന്‍ഡ്‌സ് ബൗളര്‍മാര്‍ക്കു ആധിപത്യം സ്ഥാപിക്കാന്‍ അവസരം നല്‍കിയില്ല.

70 റണ്‍സെടുത്ത ഓപ്പണര്‍ വില്‍ യങായിരുന്നു കിവികളുടെ ടോപ്‌സ്‌കോറര്‍. 80 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ടോം ലാതം 53 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ വംശജായ രചിന്‍ രവീന്ദ്ര 51 റണ്‍സും ടീം സ്‌കോറിലേക്കു സംഭാവന ചെയ്തു. ലാതം 46 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടിച്ചു.

ആദ്യ കളിയിലെ സെഞ്ച്വറിക്കു പിന്നാലെയാണ് രവീന്ദ്ര ഈ മല്‍സരത്തില്‍ ഫിഫ്റ്റിയോടെ കസറിയത്. 51 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. വാലറ്റത്ത് 17 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 36 റണ്‍സ് അടിച്ചെടുത്ത മിച്ചെല്‍ സാന്റ്‌നറാണ് കിവികളെ 322 വരെയെത്തിച്ചത്. കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ ഡെവന്‍ കോണ്‍ 32 റണ്‍സിനു പുറത്താവുകയായിരുന്നു.

ടോസിനു ശേഷം ഡച്ച് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ തുടരെ രണ്ടാമത്തെ കളിയിലും കിവി നിരയില്‍ ഇല്ല. പകരം ടോം ലാതമാണ് ന്യൂസിലാന്‍ഡിനെ നയിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് കിവീസ് ഇറങ്ങിയത്. ജെയിംസ് നീഷാമിനു പകരം ലോക്കി ഫെര്‍ഗുസന്‍ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. മറുഭാഗത്തു ഡച്ച് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു.

TOM LATHAM

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെതിരേ വമ്പന്‍ ജയം കൊയ്യാന്‍ കിവീസിനായിരുന്നു. തികച്ചും ഏകപക്ഷീയമായ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെ ന്യൂസിലാന്‍ഡ് ഒമ്പതു വിക്കറ്റിനു തകര്‍ത്തെറിയുകയായിരുന്നു. 2019ലെ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിനു ഇതോടെ കിവികള്‍ കണക്കും തീര്‍ക്കുകയായിരുന്നു. ഓപ്പണര്‍ ഡെവന്‍ കോണ്‍വേ, ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര എന്നിവരുടെ അപരാജിത സെഞ്ച്വറികളായിരുന്നു കിവികളുടെ ജയം എളുപ്പമാക്കിയത്.

എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഇതേ വേദിയില്‍ പാകിസ്താനെ വിറപ്പിച്ച്
നെതര്‍ലാന്‍ഡ്‌സ് കീഴടങ്ങുകയായിരുന്നു. ബൗളിങില്‍ പാകിസ്തനെ ശരിക്കും പ്രതിരോധത്തിലാക്കുന്നതില്‍ ഡച്ച് ടീം വിജയിച്ചിരുന്നെങ്കിലും ബാറ്റിങില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. 81 റണ്‍സിനായിരുന്നു പാകിസ്താനു മുന്നില്‍ ഡച്ച് ടീം കീഴടങ്ങിയത്. ബാറ്റിങില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം ന്യൂസിലാന്‍ഡിനെതിരേ പുറത്തെടുക്കാനായിരിക്കും ഡച്ച് ടീമിന്റെ ശ്രമം.

പ്ലെയിങ് ഇലവന്‍

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്പ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

നെതര്‍ലാന്‍ഡ്‌സ്-വിക്രംജീത്ത് സിങ്, മാക്‌സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, ബാസ് ഡി ലീഡെ, തേജ നിദാമണുറു, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ട്, റോള്‍ഫ് വാന്‍ഡര്‍ മെര്‍വ്, റയാന്‍ ക്ലെയ്ന്‍, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീക്കെറന്‍.

Story first published: Monday, October 9, 2023, 12:24 [IST]
Other articles published on Oct 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+