ലോകകപ്പിലെ അപരാജിത കുതിപ്പിനു ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും പരാജയമേറ്റു വാങ്ങിയിരിക്കുകയാണ് കരുത്തരായ ന്യൂസിലാന്‍ഡ്. കഴിഞ്ഞ ദിവസം നടന്ന വമ്പന്‍മാരുടെ പോരില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്ട്രേലിയയോടു കിവികള്‍ പൊരുതിവീഴുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍ചേസ് തങ്ങളുടെ പേരില്‍ ന്യൂസിലാന്‍ഡ് കുറിച്ചേക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അഞ്ചു റണ്‍സ് മാത്രമകലെ കാലിടറി.
ഒരു റണ്ണൗട്ടായിരുന്നു കളിയിലെ ടേണിങ് പോയിന്റെന്നു കാണാം. ഫിഫ്റ്റി പ്ലസ് സ്‌കോറുമായി കിവികളെ അവിശ്വസനീയ വിജയത്തിലേക്കു നയിക്കവെ ജെയിംസ് നീഷാം റണ്ണൗട്ടാവുകയായിരുന്നു. ജയിക്കാന്‍ രണ്ടു ബോളില്‍ ഏഴു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം.

അവസാന ഓവറിലെ അഞ്ചാത്തെ ബോളില്‍ ഡബിളിനു ശ്രമിക്കവെ നീഷാം പുറത്താവുകയായിരുന്നു. ഒരു റണ്‍സ് മാത്രമേ പൂര്‍ത്തിയാക്കാനായുള്ളൂ. പുതുതായി ക്രീസിലെത്തിയ ലോക്കി ഫെര്‍ഗൂസന് അവസാന ബോളില്‍ റണ്ണൊന്നും നേടാനുമായില്ല. 1.4 ബില്ല്യണ്‍ ഇന്ത്യക്കാരുടെ ശാപമാണ് ന്യൂസിലാന്‍ഡിനെ ഇപ്പോഴും വേട്ടയാടുന്നതെന്നാണ് ഈ തോല്‍വിക്കു ശേഷം പലരും ചൂണ്ടിക്കാട്ടുന്നത്.
2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ കണ്ണീര് വീഴ്ത്തിയത് കിവികളായിരുന്നു. അതിനു ഇപ്പോഴും അവര്‍ വലിയ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. അന്നു റണ്‍ചേസില്‍ ഇന്ത്യ വിജയത്തിലേക്കു മുന്നേറവെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ റണ്ണൗട്ടിലൂടെ ന്യൂസിലാന്‍ഡ് പുറത്താക്കിയിരുന്നു.
ജയിക്കാന്‍ 12 ബോളില്‍ 31 റണ്‍സ് വേണമെന്നിരിക്കെ 49ാം ഓവറിലെ ആദ്യ ബോളില്‍ ധോണി സിക്‌സര്‍ പറത്തി. പക്ഷെ അടുത്ത ബോളില്‍ റണ്ണൊന്നുമില്ല. മൂന്നാമത്തെ ബോളില്‍ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരെ സ്തബ്ധരാക്കി ധോണിയെ കിവികള്‍ റണ്ണൗട്ടാക്കുകായിരുന്നു. സ്‌ട്രൈക്ക് നേരിട്ട ശേഷം ഡബിളിനായി ഓടിയ ധോണിക്കു ഒരു റണ്‍സ് മാത്രമേ പൂര്‍ത്തിയാക്കാായുള്ളൂ.
രണ്ടാമത്തേത് തികയ്ക്കും മുമ്പ് മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ അവസാനത്തെ വിജയപ്രതീക്ഷയും അസ്തമിക്കുകയും 18 റണ്‍സിന്റെ തോല്‍വിയോടെ പുറത്താവുകയുമായിരുന്നു.

ധോണിയുടെ റണ്ണൗട്ട് (Screen shot)
ആ സംഭവം മുതല്‍ റണ്ണൗട്ട് ശാപം ന്യൂസിലാന്‍ഡിനെ വേട്ടയാടുന്നതായി കാണാം. ഇന്ത്യയെ വീഴ്ത്തി ഫൈനലില്‍ കടന്ന കിവികള്‍ ഇംഗ്ലണ്ടിനോടു കിരീടത്തിനരികെ പൊരുതി വീഴുകയായിരുന്നു. ഒരു റണ്ണൗട്ടായിരുന്നു അന്നു കിവികള്‍ക്കു ജയവും കന്നി ലോക കിരീടവും നഷ്ടമാക്കിയത്.
ടൈ ആയതിനെ തുടര്‍ന്നു സൂപ്പര്‍ ഓവറിലേക്കു കടന്ന ത്രില്ലിങ് ഫൈനലില്‍ അവസാന ബോളില്‍ രണ്ടു റണ്‍സായിരുന്നു കിവികള്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്‌ട്രൈക്ക് നേരിട്ട ശേഷം ഗപ്റ്റിലും നീഷാമും ചേര്‍ന്ന് ഡബിളിനായി ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ജേസണ്‍ റോയിയുടെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ഗപ്റ്റിലിനെ റണ്ണൗട്ടാക്കുകയായിരുന്നു.
ഇതോടെ സൂപ്പര്‍ ഓവറും ടൈയാവുകയും കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ജേതാക്കളാവുകയുമായിരുന്നു. സെമിയില്‍ ധോണിയെ റണ്ണൗട്ടാക്കിയ അതേ ഗപ്റ്റിലിനു തന്നെ ഫൈനലില്‍ ഈ ദുരന്തം നേരിടേണ്ടി വരികയും ചെയ്തു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അതേ ശാപം കിവികളെ വിടാതെ പിന്തുടരുകയാണ് എന്നതിന്റെ തെളിവാണ് ഓസീസുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ റണ്ണൗട്ടും അവരുടെ തോല്‍വിയും.