For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 2019ലെ മുറിവുണക്കി കിവികള്‍! വമ്പന്‍ ജയം; നാണംകെട്ട് ചാംപ്യന്‍മാര്‍

അഹമ്മദാബാദ്: 2019ലെ ഐസിസി ഏകദിന ലോകകപ്പിലേറ്റ ഹൃദയഭേദകമായ പരാജയത്തിന്റെ മുറിവുണക്കി ന്യൂസിലാന്‍ഡ്. കഴിഞ്ഞ ഫൈനലിന്റെ റീപ്ലേയായി മാറിയ ഇത്തവണത്തെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനോടു ന്യൂസിലാന്‍ഡ് പലിശ സഹിതം പകരം വീട്ടി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ കിവിക്കരുത്തില്‍ ഇംഗ്ലണ്ട് നിസ്സഹായരായി. ഒമ്പതു വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ ബാറ്റിങ് വെടിക്കെട്ട് കാത്തിരുന്ന കാണികള്‍ക്കു ലഭിച്ചത് ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് വിരുന്നായിരുന്നു. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് നന്നായി തുടങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്ന കിവികള്‍ അവരെ ഒമ്പതു വിക്കറ്റിനു 282 റണ്‍സിലൊതുക്കുകയായിരുന്നു. റണ്‍ചേസില്‍ 283 റണ്‍സെന്ന വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് ഒരിക്കലും വെല്ലുവിളി സൃഷ്ടിച്ചില്ല.

CONWAY RACHIN

വില്‍ യങിനെ ഗോള്‍ഡന്‍ ഡെക്കായി നഷ്ടമായെങ്കിലും ഡെവന്‍ കോണ്‍വേയും ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയും ചേര്‍ന്ന് മല്‍സരം ഇംഗ്ലണ്ടില്‍ നിന്നും തട്ടിയെടുത്തു. അപരാജിതമായ രണ്ടാം വിക്കറ്റില്‍ ഇരുവരും 273 റണ്‍സിന്റെ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് നിസ്സഹായരായി.

36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യം മറികടക്കുകയും ചെയ്തു. ഓപ്പണര്‍ ഡെവന്‍ കോണ്‍വേയുടെയും (152*) കന്നി ലോകകപ്പ് കളിച്ച ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയുടെയും (123*) അപരാജിത സെഞ്ച്വറികളാണ് മല്‍സരം ഇംഗ്ലണ്ടില്‍ നിന്നും തട്ടിയകറ്റിയത്. കോണ്‍വേ 121 ബോളില്‍ 19 ഫോറും മൂന്നു സിക്‌സറുമടിച്ചപ്പോള്‍ രവീന്ദ്ര 96 ബോളില്‍ 11 ഫോറും അഞ്ചു സിക്‌സറും വാരിക്കൂട്ടി.

നേരത്തേ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ടിന്റെ (77) ഇന്നിങ്‌സാണ് ഇംഗ്ലണ്ട് ബാറ്റിങിനു കരുത്തേകിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 86 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 43 റണ്‍സ് നേടിയപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ 33 റണ്‍സും നേടി.

മറ്റാരും തന്നെ ഇംഗ്ലണ്ട് നിരയില്‍ 25നു മുകളില്‍ സ്‌കോര്‍ ചെയ്തില്ല. പക്ഷെ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്ത 11 പേരും രണ്ടക്ക സ്‌കോര്‍ നേടിയെന്നതാണ് കൗതുകകരമായ കാര്യം. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ മുഴുവന്‍ കളിക്കാരും രണ്ടക്ക സ്‌കോര്‍ നേടിയത്.

RACHIN

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ടിനു മോശമല്ലാത്ത തുടക്കമാണ് ബെയര്‍സ്‌റ്റോ- മലാന്‍ ജോടി നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബെയര്‍സ്‌റ്റോ, ബ്രൂക്ക് എന്നിവരെ ടീം സ്‌കോര്‍ 100ലെത്തുമ്പോഴേക്കും ഇംഗ്ലണ്ടിനു നഷ്ടമായിരുന്നു. നാലാമായി അലി മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് 118 റണ്‍സ്.

പക്ഷെ അഞ്ചാം വിക്കറ്റില്‍ റൂട്ട്- ബട്‌ലര്‍ സഖ്യം 70 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു. ഒരു സമയത്തു നാലിനു 187 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ 188ല്‍ വച്ച് ബട്‌ലറെ പുറത്താക്കിയ ഹെന്‍ട്രി കിവികള്‍ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി.

പിന്നീട് മികച്ച കൂട്ടുകെട്ടുകളൊന്നുമുണ്ടാക്കാന്‍ ഇംഗ്ലണ്ടിനായില്ല. കൃത്യമായ ഇടവേളകളില്‍ കിവീസ് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഇതോടെ അവര്‍ 9ന് 252 ലേക്കു വീണു. എന്നാല്‍ അവസാന ബാറ്റിങ് ജോടികള്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനെ 282 വരെയെത്തിക്കുകയായിരുന്നു. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 48 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മാറ്റ് ഹെന്‍ട്രിയാണ് കിവി ബൗളര്‍മാരില്‍ മിന്നിച്ചത്. ഗ്ലെന്‍ ഫിലിപ്‌സും മിച്ചെല്‍ സാന്റ്‌നറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസിനു ശേഷം കിവി ക്യാപ്റ്റന്‍ ടോം ലാതം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പകരം വെടിക്കെട്ട് താരം ഹാരി ബ്രൂക്ക് പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. മറുഭാഗത്തു ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ന്യൂസിലാന്‍ഡ് നിരയില്‍ കളിച്ചില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടോം ലാതമാണ് കിവികളെ നയിച്ചത്.

2019ലെ അവസാന ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ഇന്നത്തെ പോര്. അന്നു നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈയില്‍ കലാശിച്ച ത്രില്ലറില്‍ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. അന്നത്തെ ജയത്തിന്റെ തുടര്‍ച്ചയാണ് ഇംഗ്ലണ്ട് ഇന്നു ലക്ഷ്യമിടുന്നതെങ്കില്‍ കഴിഞ്ഞ ഫൈനലിന്റെ മുറിവുണക്കാനായിരിക്കും കിവികളുടെ ശ്രമം.

പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്പ്മാന്‍, മാറ്റ് ഹെന്‍ട്രി, മിച്ചെല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം, ട്രെന്റ് ബോള്‍ട്ട്.

Story first published: Thursday, October 5, 2023, 12:18 [IST]
Other articles published on Oct 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+