ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാവും കൊമ്പുകോര്‍ക്കുകയെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനും സെമി മോഹവുമായി രംഗത്തുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കിവികളേക്കാള്‍ ഏറെ പിന്നിലാണ്. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെ പിന്തള്ളി പാക് പട സെമി കളിക്കുാനുള്ള സാധ്യത തീരെ കുറവാണ്.
15നു മംബൈയിലെ വാഖഡെയിലാണ് ഇന്ത്യ- കിവീസ് സെമി പോരാട്ടം അരങ്ങേറുക. ഇത്തവണ സെമിയിലെത്തുന്ന മൂന്നു ടീമുകളില്‍ ഇന്ത്യ നേരിടാന്‍ ആഗ്രഹിക്കാത്ത ഏക ടീം ന്യൂസിലാന്‍ഡായിരിക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഹാമിര്‍സണ്‍. ഇതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഹാര്‍മിസണ്‍.

ന്യൂസിലാന്‍ഡ് വളരെയധികം കഴിവുറ്റ ടീമാണ്. അവരെ ഒരിക്കലും നിങ്ങള്‍ക്കു എഴുതിത്തള്ളാന്‍ കഴിയില്ല. സെമി ഫൈനലിലെ മൂന്നു ടീമുകളെയെടുത്താല്‍ ഇന്ത്യ നേരിടാന്‍ ആഗ്രഹിക്കാത്ത ഏക എതിരാളികള്‍ അവരായിരിക്കുമെന്നു എനിക്കു തോന്നുന്നു. ന്യൂസിലാന്‍ഡ് ടീമിന്റെ മികവ് തന്നെയണ് അതിനു കാരണം. അവരുടെ ടീമിലെ എല്ലാവരും ഫിറ്റ്‌നസിലേക്കു വന്നു കൊണ്ടിരിക്കുകയാണെന്നും ഹാര്‍മിസണ്‍ വിലയിരുത്തി.
ന്യൂസിലാന്‍ഡ് ടീമിലെ എല്ലാവരും അതിഗംഭീര ഫോമിലാണെന്നു ഞാന്‍ പറയില്ല. പക്ഷെ വലിയ വേദിയില്‍ ഇതിനു മുമ്പും ഇന്ത്യയും ന്യൂസിലാന്‍ഡും കളിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാ സമ്മര്‍ദ്ദവും ഇന്ത്യന്‍ ടീമിനു മേലായിരിക്കും. ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ കളിച്ച് പരിചയമുള്ളവരാണ് ഇന്ത്യന്‍ താരങ്ങള്‍. അതുകൊണ്ടു തന്നെ അതു അവര്‍ക്കു അത്ര ദോഷം ചെയ്യുമെന്നു ഞാന്‍ കരുതുന്നില്ല. സെമി ഫൈനലില്‍ ഒരു ടീമിനെ നേരിടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതു ന്യൂസിലാന്‍ഡ് മാത്രമാണെന്നും ഹാര്‍മിസണ്‍ കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ ഇതിനകം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഒരു തവണ കൊമ്പുകോര്‍ത്തു കഴിഞ്ഞു. കഴിഞ്ഞ മാസം 22നു ധര്‍മശാലയില്‍ നടന്ന കളിയില്‍ ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. നാലു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഐസിസി ടൂര്‍ണമെന്റില്‍ കിവികള്‍ക്കെതിരേ ഇന്ത്യ ജയിച്ചത് 20 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. 2003ലെ ഏകദിന ലോകകപ്പനു ശേഷം ഒരിക്കല്‍പ്പോലും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ജയം നേടിയിരുന്നില്ല.

ധര്‍മശാലയില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ 273 റണ്‍സിനു ഇന്ത്യ പുറത്താക്കുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ പിഴുത ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് 300ല്‍ താഴെ റണ്‍സില്‍ അവരെ ഒതുക്കിയത്. ഡാരില്‍ മിച്ചെലിന്റെ (130) സെഞ്ച്വറിയും രചിന്‍ രവീന്ദ്രയുടെ (75) ഫിഫ്റ്റിയും അവര്‍ക്കു കരുത്തായി.
റണ്‍ചേസില്‍ രണ്ടോവറുകളും നാലു വിക്കറ്റുകളും ബാക്കി നില്‍ക്കെ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. 95 റണ്‍സെടുത്ത വിരാട് കോലിയാണ് റണ്‍ചേസില്‍ ടീമിന്റെ ഹീറോയായത്. 104 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറും രണ്ടു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 46 റണ്‍സെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 39ഉം ശ്രേയസ് അയ്യര്‍ 33 റണ്‍സും നേടി.
അതേസമയം, ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ മൂന്നു തവണയാണ് സെമി ഫൈനല്‍/ ഫൈനല്‍ എന്നിവയിലായി ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍ വന്നത്. ഇവയിലെല്ലാം ഇന്ത്യ പരാജയം നേരിടുകയും ചെയ്തു.