കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ കിരീടം ഉറപ്പിച്ച് കുതിക്കുകയാണ്. ആദ്യത്തെ എട്ട് മത്സരവും ജയിച്ച ഇന്ത്യ ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇനി സെമിയിലെ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്നത് മാത്രമാണ് അറിയേണ്ടത്. നിലവിലെ സാധ്യതകള്‍ പ്രകാരം കരുത്തരായ ന്യൂസീലന്‍ഡിനെത്തന്നെ ഇന്ത്യക്ക് സെമിയില്‍ നേരിടേണ്ടി വരും. 2019ല്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ന്യൂസീലന്‍ഡായിരുന്നു.
ഇത്തവണയും ഇന്ത്യ സെമിയില്‍ പുറത്താകുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രവീന്ദ്ര ജഡേജ ഒരു നേട്ടത്തിലെത്തിയതോടെ ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ഒരു ഏകദിന മത്സരത്തില്‍ 25ലധികം റണ്‍സും അഞ്ച് വിക്കറ്റും വീഴ്ത്തിയ മൂന്നാമത്തെ താരമെന്ന റെക്കോഡിലേക്കാണ് ജഡേജ എത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 15 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സുമായി പുറത്താവാതെ നിന്ന ജഡേജ 33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളും വീഴ്ത്തി. ഇതോടെയാണ് ഈ അപൂര്‍വ്വ റെക്കോഡിലേക്ക് ജഡേജയും പേരുചേര്‍ത്തത്. ഇതില്‍ കൗതുകകരമായ കാര്യം ഇതിന് മുമ്പ് രണ്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ഈ നേട്ടത്തിലേക്കെത്തിയത്. ആ രണ്ട് തവണയും ഇന്ത്യ കിരീടം നേടുകയും ചെയ്തിരുന്നു. ഇതാണ് ഇത്തവണയും ഇന്ത്യയും കിരീടം നേടുമെന്ന് പറയാനുള്ള കാരണം.
1983ല്‍ ഇന്ത്യന്‍ നായകനും പേസ് ഓള്‍റൗണ്ടറുമായ കപില്‍ ദേവ് ഓസ്‌ട്രേലിയക്കെതിരേ 25ലധികം റണ്‍സും അഞ്ച് വിക്കറ്റും വീഴ്ത്തി. ഈ ലോകകപ്പിലാണ് ചരിത്രത്തിലാദ്യമായി ഇന്ത്യ മുത്തമിട്ടത്. നീണ്ട ഇടവേളക്ക് ശേഷം 2011ല്‍ അയര്‍ലന്‍ഡിനെതിരേ യുവരാജ് സിങ്ങും ഈ നേട്ടത്തിലേക്കെത്തി. അന്നും ഇന്ത്യ ലോകകപ്പ് നേടി. ഇപ്പോള്‍ ജഡേജ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇതേ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതാണ് ടീമിന്റെ കിരീട പ്രതീക്ഷകള്‍ ഉയര്‍ത്തുന്നത്.

ഇന്ത്യക്ക് 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല. മിക്ക ലോകകപ്പുകളിലും സെമി ഫൈനലിലാണ് ഇന്ത്യ വീണുപോകുന്നത്. അതുവരെ മാസ്മരിക പ്രകടനം നടത്തുന്ന ഇന്ത്യക്ക് സെമിയിലാണ് കാലിടറുന്നത്. ഇത്തവണയും ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തുന്നതെങ്കിലും സെമി കടമ്പ കടക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ന്യൂസീലന്‍ഡ് എതിരാളികളായി എത്തുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
ഇതിന് മുമ്പ് ഇന്ത്യ ഇതേ കുതിപ്പ് നടത്തിയിട്ടും സെമിയില്‍ തോറ്റ ചരിത്രമാണ് കൂടുതല്‍ പറയാനാവുക. 2003ലാണ് ഇന്ത്യ തുടര്‍ച്ചയായി എട്ട് ജയം നേടിയത്. അന്ന് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായെങ്കിലും കിരീട പോരാട്ടത്തില്‍ ഓസീസിനോട് തോറ്റു. ഇത്തവണ തട്ടകത്തിന്റെ ആനുകൂല്യമാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. 2015ലും 2019ലും ഇന്ത്യ സെമിയില്‍ വീണത് വിദേശ പിച്ചിലാണ്. എന്നാല്‍ സ്വന്തം മൈതാനത്തിലേക്ക് വരുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്.
ആത്മവിശ്വാസത്തോടെ കളിക്കുന്ന ഇന്ത്യക്ക് ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെയാണ് ലഭിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിങ്ങനെ ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഇന്ത്യക്കുണ്ടാവുന്നു. ഇത് ടീമിന്റെ കിരീട പ്രതീക്ഷകളെ സജീവമാക്കുന്നതാണ്. എന്നാല്‍ സെമി കടക്കാന്‍ ഭാഗ്യം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇന്ത്യയെ ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യയുടെ പേസാക്രമണമാണ് ഇത്തവണ എടുത്തു പറയേണ്ടത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ചേര്‍ന്ന് ആദ്യത്തെ 10 ഓവറിനുള്ളില്‍ എതിരാളികളെ എറിഞ്ഞൊതുക്കുന്നു. പിന്നീട് സ്പിന്നര്‍മാരും ഇതേ മികവ് തുടരുന്നതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പം. ഇത്തവണ ഇന്ത്യക്ക് സുവര്‍ണ്ണാവസരമാണ്. ഭാഗ്യം തുണച്ചാല്‍ ഇന്ത്യക്ക് കിരീടത്തിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.